കുസാറ്റ് അദ്ധ്യാപകന് ദേശീയ പുരസ്‌കാരം
മികച്ച കാലാവസ്ഥ പ്രവചന സംവിധാനം വികസിപ്പിച്ചതിനുള്ള ഇന്‍ഡ്യന്‍ മിറ്റീരിയോളജിക്കല്‍ സൊസൈറ്റിയുടെ ദേശീയപുരസ്‌കാരം കുസാറ്റിലെ അറ്റ്‌മോസ്ഫിയറിക് സയന്‍സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ്. അഭിലാഷിന് ലഭിച്ചു. അഹമ്മദാബാദിലെ സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ. എസ് കിരണ്‍കുമാര്‍ ഡോ. അഭിലാഷിന് സമ്മാനിച്ചു. ഇദ്ദേഹവും സംഘവും വികസിപ്പിച്ചെടുത്ത എന്‍സമ്പിള്‍ രീതി ഉപയോഗിച്ചുള്ള പ്രവചന സംവിധാനം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദീര്‍ഘശ്രേണി കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്നുണ്ട്. റഡാര്‍ ഉപയോഗിച്ചുള്ള ഹ്രസ്വശ്രേണി കാലാവസ്ഥ പ്രവചനത്തിലും ഇദ്ദേഹം ശ്രേദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി സര്‍വ്വകലാശാലയില്‍ അധ്യാപകനാവുന്നതിനു മുമ്പ് ഇദ്ദേഹം പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ അസോസിയേറ്റ് സയന്റിസ്റ്റായിരുന്നു.
അക്കാദമിക, ഗവേഷണ സഹകരണത്തിന് യൂറോപ്പ്യന്‍ യൂണിയന്‍ സംഘം കുസാറ്റില്‍
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും സഹകരണ സംരഭങ്ങള്‍ക്ക് തുടക്കമിടാനുമുള്ള ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഇന്ത്യ ഘടകം ഗവേഷണ -നവീകരണ വിഭാഗം കൗണ്‍സിലറും അദ്ധ്യക്ഷയുമായ ടാനിയ ഫ്രെഡറിക്‌സിന്റെ നേതൃത്വത്തിലുള്ള 10 അംഗ ഉദ്യോഗസ്ഥരാണ് സന്ദര്‍ശനം നടത്തിയത്. കുസാറ്റിലെ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അന്താരാഷ്ട്ര സഹകരണങ്ങളെപ്പറ്റിയും യൂറോപ്യന്‍ യൂണിയനുമായുള്ള അക്കാദമിക സഹകരണത്തിന്റെ സാധ്യതകളെപ്പറ്റിയും ചര്‍ച്ച നടന്നു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ പി.ജി. ശങ്കരന്‍, സിന്റിക്കേറ്റ് അംഗം ഡോ. എം. ഭാസി, ഐ.ആര്‍.എ.എ ഡയറക്ടര്‍ ഡോ. സാജു കെ.കെ, ഡോ.സുനില്‍ കെ. നാരായണന്‍കുട്ടി, ഡോ. എ.എന്‍. ബാല്‍ചന്ദ് എന്നിവര്‍ കൊച്ചി സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഹങ്കറി, ബെല്‍ജിയം, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ വിദേശ മന്ത്രാലയ പ്രതിനിധികളും, ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അംഗങ്ങളുമാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.