കണ്ണൂര്‍ ജില്ലയിലെ പിണറായി ഗ്രാമ പഞ്ചായത്തിലെ പാറപ്രം പ്രദേശം പേരു കേട്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സമ്മേളനം നടന്ന സ്ഥലം എന്ന പേരിലാണ്. കാര്‍ഷിക വൃത്തിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് ഈ ഗ്രാമം.
ഈ പ്രദേശത്തെ പ്രധാന സമ്മിശ്ര കര്‍ഷകരില്‍ ഒരാളാണ് വി കെ രഘുനാഥ്. നാട്ടുകാരുടെ രഘുവേട്ടന്‍. ഈ കര്‍ഷകന്‍ കാര്‍ഷിക വ്യത്തിയിലേക്ക് തിരിഞ്ഞിട്ട് 40 വര്‍ഷം പിന്നിട്ടു. 1968 ല്‍ ഉണ്ടായ ഒരു പ്രളയശേഷമാണ് ഇദ്ദേഹം കൃഷിയില്‍ സജീവമായത്. അന്ന് പ്രളയത്തില്‍ അകപ്പെട്ട് ഭക്ഷ്യക്ഷാമം നേരിട്ടതാണ് ഈ ഗ്രാമം. ഇദ്ദേഹത്തിന്റെ അച്ഛന്‍ അമ്പു മാസ്റ്ററാണ് അന്ന് നാട്ടുകാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. തന്റെ പത്തായപ്പുരയിലെ ധാന്യശേഖരം നാട്ടുകാര്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു അദ്ദേഹം.
തന്റെ അച്ഛനും കുടുംബത്തിനും പ്രളയത്തെ അതിജീവിക്കാന്‍ സാധിച്ചത് കൃഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്ന് മനസിലാക്കിയ രഥുനാഥ് കൃഷി സ്ഥലങ്ങളുടെ കാവലാളായി. മൂന്നേക്കറില്‍ എല്ലാവര്‍ഷവും പൊന്മണി ,സോനം, - ഹൈബ്രിഡ് എന്നീ നെല്‍ വിത്തുകള്‍ കൃഷി ചെയ്യുന്നുണ്ട്.
മണ്ണിനോട് പടവെട്ടുന്ന ഒരു യോദ്ധാവ് കൂടിയാണ് ഈ കര്‍ഷകന്‍. നെല്ലിന്റെ സമയത്തിന് ശേഷം തണ്ണിമത്തന്‍ അടക്കം എല്ലാ പച്ചക്കറികളും മൂന്നാം വിളയായി കൃഷി ചെയ്യുന്നുണ്ട്. അതിനു പുറമെ സ്വന്തമായി ജൈവ വളം ഉല്പാദിപ്പിക്കാന്‍ കമ്പോസ്റ്റിംഗ് യൂണിറ്റും നിലവില്‍ ഉണ്ട്. പിണറായി വെസ്റ്റ് ബേസിക് യു.പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികളുടെ പരീക്ഷണ തോട്ടമാണ് രഘുവേട്ടന്റെ കൃഷിയിടം. കാര്‍ഷിക മേഖലയില്‍ രഘുവേട്ടന്‍ പരീക്ഷിക്കാത്ത മേഖലകള്‍ കുറവാണ് .
കൃഷി വകുപ്പിന്റെ എല്ലാ നൂതന പദ്ധതികളും പരീക്ഷിച്ചിട്ടുള്ള വ്യക്തിയായ രഘുനാഥ് പിണറായി വെസ്റ്റ്, എടക്കടവ് എന്നീ പാടശേഖര, പച്ചക്കറി ക്ലസ്റ്ററുകളുടെ അമരക്കാരന്‍ കൂടിയാണ്. പഞ്ചായത്തില്‍ കര്‍ഷക ദിനത്തില്‍ ആദരിച്ച കര്‍ഷകന്‍ കൂടിയാണ്. 90 കളില്‍ കൃഷി വകുപ്പിന്റെ സ്‌കീമുകള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനും പ്രദേശത്തെ പ്രധാന ജലസേചന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഈ കര്‍ഷകനാണ്.
Content highlights: Agriculture, Organic farming, Flood, Pinarayi