വടകരപ്പതി സത്രം കുളമടച്ചള്ളയിലെ ക്ഷീര കർഷകയായ ലീമ റോസ്ലിൻ തന്റെ തൊഴുത്തിലെ പശുക്കളെ പരിപാലിക്കുന്നു
'കാലൈയിലെ മൂന്നുമണിക്ക് എണീക്കും. അപ്പ തൊടങ്കും പണി. തൊഴിലാളികള്‍ക്കൊപ്പം സേര്‍ന്ത് പശുക്കളെ കുളിപ്പിക്കും. പാല്‍ കറക്കും. ആറുമണിക്ക് പാല്‍ സൊസൈറ്റിയിലെത്തിക്കും. പിന്നിട് ഭക്ഷണത്തുക്കപ്പുറം കൊഞ്ചനേരം റെസ്റ്റ് എടുപ്പോം. അതുക്കപ്പുറം സായങ്കാലവും കറവ തൊടങ്ങും' - ക്ഷീരകര്‍ഷകയായ ലീമ റോസ്ലിന്‍ തമിഴും മലയാളവും കലര്‍ന്ന് തന്റെ ജീവിതാധ്വാനത്തിന്റെ വഴികള്‍ പറയുന്നത് പാല്‍പ്പുഞ്ചിരിയോടെയാണ്.
കൃഷിയിലെ നഷ്ടംമൂലം പശുവളര്‍ത്തലിലേക്ക് തിരിഞ്ഞ ലീമ, ഇന്ന് ജില്ലയില്‍ ഏറ്റവുമധികം പാല്‍ അളക്കുന്ന വനിതാ കര്‍ഷകയാണ്. അധ്വാനിക്കാനുള്ള മനസും മനക്കരുത്തുമാണ് ഇതിന് ലീമയെ സഹായിക്കുന്നത്.
വടകരപ്പതി സത്രം സ്വദേശിയാണ് ലീമ റോസ്ലിന്‍ (38). കര്‍ഷകനായ ലോറന്‍സിന്റെ ഭാര്യ. സ്വന്തമായുള്ള അഞ്ചേക്കര്‍ സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്തിയിരുന്ന ഇരുവര്‍ക്കും ജലക്ഷാമം വില്ലനായി. കൃഷിയുണക്കവും നഷ്ടങ്ങളും മാത്രമായി സമ്പാദ്യം. ഇതോടെയാണ് അഞ്ചുവര്‍ഷംമുമ്പ് പച്ചക്കറിക്കൃഷി ഉപേക്ഷിച്ച് പൂര്‍ണമായും പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്.
ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് ആദ്യം 12 പശുക്കളെ വാങ്ങി. അവയ്ക്ക് തീറ്റയ്ക്കായി തോട്ടത്തില്‍ തീറ്റപ്പുല്‍ കൃഷിയും തുടങ്ങി. വിവാഹത്തിനുമുമ്പ് പൊളിപ്പാറയിലെ തന്റെ വീട്ടില്‍ പശുവളര്‍ത്തല്‍ കണ്ടുവളര്‍ന്നിരുന്നിരുന്ന ലിമയ്ക്ക് ആ പാഠങ്ങളും ഭര്‍ത്താവിന്റെ സഹായങ്ങളും മാത്രമായിരുന്നു മൂലധനം. പതുക്കെയാണെങ്കിലും പശുവളര്‍ത്തല്‍ പച്ചപിടിച്ചതോടെ തമിഴ്നാട്ടില്‍നിന്നുള്‍പ്പെടെ കൂടുതല്‍ പശുക്കളെ വാങ്ങി. ഇന്ന് ഒരേക്കര്‍സ്ഥലത്തുള്ള തൊഴുത്തില്‍ 65 പശുക്കളും കുട്ടികളുമുണ്ട്. രാവിലെയും വൈകീട്ടുമായി പ്രതിദിനം 700 ലിറ്റര്‍ പാല്‍ പരിശിക്കല്‍ ക്ഷീരസംഘത്തിലേക്ക് നല്‍കുന്നുണ്ട്.
ജേഴ്‌സി, എച്ച്.എഫ്. തുടങ്ങിയ ഇനങ്ങളാണ് തൊഴുത്തിലുള്ളത്. ഇവയെ പരിപാലിക്കാന്‍സഹായത്തിന് ഏഴ്ജോലിക്കാരുമുണ്ട്. കൂലിച്ചെലവ് കഴിഞ്ഞ് 30,000 രൂപയോളം പ്രതിമാസ വരുമാനമുണ്ട്. നിലവില്‍ ക്വാട്ട നിയന്ത്രണമുള്ളതിനാല്‍ കൂടുതല്‍ പാലുത്പാദിപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് ലീമയുടെ പരിഭവം.
ഒരുവര്‍ഷംമുമ്പ് ലീമ 80 പശുക്കളില്‍നിന്ന് പ്രതിദിനം 1000 ലിറ്റര്‍ പാലുത്പാദിപ്പിച്ചിരുന്നതാണ്. എന്നാല്‍ മില്‍മ ക്വാട്ട നിശ്ചയിച്ചതോടെ, 15 പശുക്കളെ വിറ്റു. ക്ഷീരമേഖലയിലെ മികവിന് ലീമയെ തേടി 2017-18 വര്‍ഷത്തെ മികച്ച വനിതാ ക്ഷീര സഹകാരിക്കുള്ള പുരസ്‌കാരം എത്തിയിരുന്നു. ലിബിന്‍ (ആറാം ക്ലാസ് ), ലിനിഷ (ഒന്നാം ക്ലാസ് ) എന്നിവരാണ് മക്കള്‍.
Content Highlights: Success story of a dairy farmer from Palakkad