ഷിജോയും ജോബിയും തീറ്റപ്പുൽത്തോട്ടത്തിൽ
കോവിഡും ലോക്ഡൗണുമെല്ലാം ചിലര്‍ക്ക് പ്രതിസന്ധിയുടെ കാലമായപ്പോള്‍ മറ്റുചിലര്‍ക്ക് പുതിയ ജീവിതവഴിയുടെ തുടക്കംകൂടിയായിരുന്നു. കോവിഡിനു മുമ്പ് നക്ഷത്രഹോട്ടലിലെയും വിമാനത്താവളത്തിലെയും ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന രണ്ട് യുവാക്കള്‍ക്ക് കോവിഡ് പ്രതിസന്ധികള്‍ നല്‍കിയത് തീറ്റപ്പുല്‍കൃഷിയുടെ പാഠങ്ങളായിരുന്നു. ഇപ്പോള്‍ മികച്ച നേട്ടംകൊയ്ത സന്തോഷത്തിലാണ് ഇരുവരും.
കറുകുറ്റി സ്വദേശി മാഞ്ചേരി ഷിജോ നെടുമ്പാശ്ശേരിയില്‍ എക്യുപ്മെന്റ് ഓപ്പറേറ്ററായിരുന്നു. അങ്കമാലി മൂലന്‍ ജോബി കുരിയാക്കോസ് ഖത്തര്‍ വിമാനത്താവളത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് ജോലിയിലും. എന്നാല്‍, കോവിഡ് മൂലം 2019 മാര്‍ച്ചില്‍ ജോലി നഷ്ടപ്പെട്ടു. ഇതോടെയാണ് ഉള്ളിലുണ്ടായിരുന്ന കൃഷിതാത്പര്യം മുളപൊട്ടിയത്.
വെറ്റിലപ്പാറ എക്‌സ് സര്‍വീസ്മെന്‍ കോളനിയുടെ സ്ഥലം കൃഷിക്ക് പാട്ടത്തിന് നല്‍കുന്നുണ്ടെന്നറിഞ്ഞ് ഇവര്‍ 12 ഏക്കര്‍ പാട്ടത്തിനെടുത്തു. മലയോടു ചേര്‍ന്ന പറമ്പില്‍ ആനക്കൂട്ടമിറങ്ങാറുണ്ടായിരുന്നു. ആനപ്പറമ്പ് എന്ന വിളിപ്പേരും ഇതിനുണ്ട്. സൗരോര്‍ജവേലി സ്ഥാപിച്ച് സുരക്ഷിതമാക്കി. പല ഭാഗത്തും ആവശ്യത്തിന് പുല്ല് ലഭിക്കാത്തതിനാല്‍ ഫാമുകള്‍ പൂട്ടിയ വിവരവും കേട്ടിരുന്നു. ഇതോടെ അധികമാരും ചെയ്തിട്ടില്ലാത്ത തീറ്റപ്പുല്‍കൃഷിയിലേക്കെത്തി ആലോചനകള്‍. മികച്ച പുല്ലിനങ്ങളായ സൂപ്പര്‍ നേപ്പിയര്‍, കേരളത്തില്‍ അധികം കാണാത്ത റെഡ് നേപ്പിയര്‍ എന്നിവയാണ് കൃഷിചെയ്യുന്നത്.
എട്ടേക്കറില്‍ പുല്ലും നാലേക്കറില്‍ പയര്‍, വാഴ, ചേന, മത്ത, കുമ്പളം തുടങ്ങിയവയും നട്ടു. ഇവിടെത്തന്നെ പശു, എരുമ ഫാം തുടങ്ങാനും പദ്ധതിയുണ്ട്. ഇടുക്കി, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം തൃശ്ശൂര്‍ തുടങ്ങി വിവിധ ജില്ലകളിലേക്കാണ് തീറ്റപ്പുല്‍ വില്‍പ്പന. ആനകള്‍ക്കും ഇവിടെനിന്ന് പുല്ല് എത്തിക്കുന്നുണ്ട്. ഉത്സവസീസണുകളില്‍ ആനയ്ക്ക് നല്‍കാന്‍ അമ്പലങ്ങളിലേക്ക് പുല്ല് എത്തിച്ചിരുന്നു.
കിലോയ്ക്ക് മൂന്നര, നാല് രൂപ. ദിവസേന മൂന്ന് ടണ്‍ പുല്ലിന് ഓര്‍ഡര്‍ ഉണ്ടെങ്കിലും ആവശ്യത്തിന് നല്‍കാന്‍ പലപ്പോഴും സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. അതിനാല്‍, മറ്റു തീറ്റപ്പുല്‍ കര്‍ഷകരില്‍നിന്നും പുല്ല് എടുക്കുന്നുണ്ട്. അതിരപ്പിള്ളി പഞ്ചായത്തിന്റെയും വെറ്റിലപ്പാറ കൃഷിഭവന്റെയും ചാലക്കുടി ക്ഷീരവകുപ്പിന്റെയും പിന്തുണയും സഹായവും ഇവര്‍ക്കുണ്ട്. ഇവരുടെ തോട്ടത്തില്‍നിന്ന് ആദ്യമായി വിളവെടുത്ത പച്ചക്കറികള്‍ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സൗജന്യമായി നല്‍കി.
കോവിഡ് ബാധിച്ച ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ഇവരുടെ ഫാമില്‍നിന്ന് സൗജന്യമായി പുല്ല് എത്തിച്ചുനല്‍കിയിരുന്നു.
Content Highlights: Success story in fodder cultivation