ചക്കയായിരുന്നു വ്യാഴാഴ്ച തേക്കിന്‍കാട് മൈതാനത്തിലെ സംസാരവിഷയം. സംസ്ഥാന ചക്ക മഹോത്സവത്തിന്റെ ഭാഗമായാണ് ചക്കയെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ സംഘടിപ്പിച്ചത്. വിശിഷ്ടാതിഥികളായെത്തിയവരെല്ലാം ചക്കയുടെ അസ്തിത്വത്തിനായി പടപൊരുതിയവര്‍.
ആര്‍ക്കും വേണ്ടാതിരുന്ന ചക്കയെ ആരും ഇഷ്ടപ്പെടുന്ന ഫലമായി മാറ്റിയെടുത്തവര്‍. ഒരു ചക്കയില്‍നിന്ന് 300 ഇനം ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിച്ചവര്‍. വീണുനശിക്കുന്ന ചക്കയ്ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തിയവര്‍. വില കുറഞ്ഞ ഫലത്തെ വില കൂടിയ ഉത്പന്നങ്ങളാക്കിയവര്‍. അര്‍ധ പട്ടിണിക്കാരന്റെ വിഭവമെന്ന് അറിയപ്പെട്ടിരുന്ന ചക്കയെ പഞ്ചനക്ഷത്ര ഹോട്ടലിലെ വില കൂടിയ വിഭവമാക്കിയവര്‍.
അങ്ങനെ ചക്കയുടെ ഉന്നമനത്തിനായി വര്‍ഷങ്ങളായി രംഗത്തുള്ള 23 പേരായിരുന്നു തേക്കിന്‍കാട് മൈതാനത്ത് നടന്ന ചക്ക സെമിനാറില്‍ ക്ലാസുകളെടുക്കാനും അനുഭവങ്ങള്‍ പങ്കിടാനുമായി എത്തിയത്.സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തേക്കുള്ള ഭരണപ്രവേശത്തിന്റെ ഭാഗമായാണ് തൃശ്ശൂരില്‍ സംസ്ഥാന ചക്ക മഹോത്സവം സംഘടിപ്പിച്ചത്. തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന എട്ട് ദിവസത്തെ മഹോത്സവം 26-ന് സമാപിക്കും.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടകനായെ ത്തിയ ചടങ്ങില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അതിശയിപ്പിച്ച് മന്ത്രി ചക്കയേയും പ്ലാവിനേയും പറ്റി ഒരു മണിക്കൂറോളം ആധികാരികമായ പ്രഭാഷണം നടത്തി.. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി.
ബഗല്‍കോട്ട് യൂണിവേഴ്സിറ്റി ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ സയന്‍സ് കാമ്പസില്‍ അനേകം പ്ലാവിനങ്ങള്‍ നട്ടു പിടിപ്പിച്ചും പ്ലാവിനങ്ങളില്‍ അനേകം ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. ടി.എല്‍. മഹേശ്വര്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. രാജേന്ദ്രന്‍, അടികെ പത്രികെ ഫാം മാഗസിന്‍ എഡിറ്റര്‍ ശ്രീപദ്രേ, ചക്കയെപ്പറ്റിയുള്ള പരമ്പര തയ്യാറാക്കിയ മാതൃഭൂമി ആലപ്പുഴ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി. വേണുകുമാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍, നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. സി.ആര്‍. രാജഗോപാലന്‍, പാലയിലെ ജാക്ക് ഫ്രൂട്ട് ഇന്ത്യ സ്ഥാപക ആന്‍സി മാത്യു, പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റിസര്‍ച്ച് പേഴ്സണ്‍ പദ്മിനി ശിവദാസ്, ഫ്രൂട്ട് ആന്‍ഡ് റൂട്ട് സ്ഥാപക ആര്‍. രാജശ്രീ, മലപ്പുറത്തെ അല്‍നാസ് ജാക്ക് ഫ്രൂട്ട് റസ്റ്റോറന്റ് സ്ഥാപക സിജി ഷാജി, ജാക്ക് ഫ്രൂട്ട് ട്രസ്സിങ് ആന്‍ഡ് പായ്ക്കിങ് മെഷീന്‍ നാടിന് പരിചയപ്പെടുത്തിയ ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവിപ്രൊഫ. അനില്‍ കുമാര്‍, ബാലകൃഷ്ണന്‍ തൃക്കങ്ങോട്, ജാക്ക് അനില്‍, ജാക്ക് ഫ്രൂട്ട് 365-ന്റെ ഉപജ്ഞാതാവ് ജയിംസ് ജോസഫ്, പ്ലാവ് ജയന്‍, അന്ന ഫുഡ് പ്രോഡക്ട്സ് സ്ഥാപകന്‍ ജോണ്‍സണ്‍ പി.ജെ., മൃദുവര്‍ണന്‍, ജാക്ക്
ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി എല്‍. പങ്കജാക്ഷന്‍, എച്ച്.എം. റഫീക്ക്, 'ചക്ക മുക്ക് 'എന്ന വ്യാപാര നാമത്തിലൂടെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയ ജി.ആര്‍. ഷാജി, വയനാട്ടിലെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തിലെ ട്രസ്റ്റിയും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗവുമായ സി.ഡി സുനീഷ്, തോമസ് കട്ടക്കയം, വിനോദ് രാജ എന്നിവരാണ് സെമിനാറില്‍ ആദരം ഏറ്റുവാങ്ങിയത്.
ചക്ക കൃഷിയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലുള്ള സെമിനാര്‍ ശ്രീപദ്രേ നയിച്ചു. ഡോ.ഡോ.പി രാജേന്ദ്രന്‍ മോഡറേറ്ററായി.ചക്ക സംസ്‌കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഡോ. കെ.പി. സുധീര്‍ നയിച്ചു. ആരോഗ്യം ചക്കയിലൂടെ എന്ന സെമിനാര്‍ ഡോ.ബി. സതീശന്‍ നയിച്ചു.
ചക്കയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് സെമിനാര്‍വിദേശരാജ്യങ്ങളില്‍ ചക്കയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നത് സര്‍ക്കാരുകള്‍ കണ്ടറിയണമെന്ന് ചക്ക സെമിനാറില്‍ ആവശ്യം. മലയാളികള്‍ ചക്കയെ അപകര്‍ഷബോധത്തോടെ കാണുന്ന സമീപനത്തിന് മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നു. ചക്കയെ രണ്ടാം കിട ഫലമായി കാണുന്ന സമീപനം മാറ്റിയെടുക്കണം. ചക്ക കൃഷിക്കായി ഒരു നയം തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്.
കേരളത്തില്‍ ചക്ക കൃഷിയെ നോക്കിക്കാണുന്ന രീതിയിലാണ് വ്യത്യാസം വരുത്തേണ്ടത്. ഉത്തരേന്ത്യയില്‍ ചക്കയെ വിപണന സാധ്യതയുള്ള ഉത്പന്നമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ജോലി, വരുമാനം എന്നീ കാര്യങ്ങളില്‍ ചക്കയുടെ സാധ്യതകള്‍ പരിശോധിക്കണം. ചക്കയെ പച്ചക്കറിയുടെ വിഭാഗത്തില്‍പ്പെടുത്തണം.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ചക്കകള്‍ കൊണ്ട് 30 ലക്ഷം പപ്പടങ്ങള്‍ വരെ നിര്‍മിക്കുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂഡില്‍സ്, ചക്ക ഇഡ്ഡലി എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നാലുമാസം ചക്ക കൃഷി എന്ന രീതി മാറ്റി 12 മാസവും ചക്ക കൃഷി ചെയ്യാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചെടുക്കേണ്ടതുണ്ടതുണ്ടെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.
ചക്ക കൊണ്ടൊരു ബൊക്കെ
ചക്ക തിന്നാന്‍ മാത്രമല്ല അലങ്കരിക്കാനും ഉപയോഗപ്പെടും. സംശയമുണ്ടെങ്കില്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സംസ്ഥാന ചക്ക മഹേത്സവ അങ്കണത്തിലെത്താം. അവിടെ ചക്കയുടെ വിവിധ സ്റ്റാളുകളുണ്ട്. അവിടെ ചക്കയുടെ വിവിധ മൂല്യ വര്‍ധിത ഇനങ്ങളുണ്ട്. കൂടെ ചക്ക കൊണ്ടുണ്ടാക്കിയ നിരവധി അലങ്കാര വസ്തുക്കളും. ചക്ക കൊണ്ടുള്ള തൂക്ക് വിളക്ക് മുതല്‍ പ്രതിമകള്‍ വരെ.
വ്യാഴാഴ്ച നടന്ന കര്‍ഷക സെമിനാറിലും ചക്ക അലങ്കാര വസ്തുവായെത്തി. ചടങ്ങില്‍ ആദരിക്കപ്പെട്ട 23 പേര്‍ക്കും ചക്ക കൊണ്ടുള്ള ബൊക്കെ നല്‍കാനായാണ് സ്വീകരിച്ചത്.
Content highlights: Jackfruit, Agriculture, Organic farming, Value added products