പട്ടാമ്പി: സംസ്ഥാനഫലമായി മാറിയ ചക്കയുടെ പ്രചരണാര്‍ഥം പ്ലാവിന്റെ മികച്ച ഒട്ടുതൈകള്‍ ഒരുക്കുകയാണ് പട്ടാമ്പി മധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം. നല്ലയിനം പ്ലാവുകളില്‍നിന്ന് കൂടുതല്‍ ഒട്ടുതൈകള്‍ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ മികച്ചരീതിയില്‍ നടപ്പാക്കുകയാണ് കേന്ദ്രം.
നിലവിലുള്ള ഗ്രാഫ്റ്റ് രീതിയില്‍ 60 ശതമാനം മാത്രം വിജയമുള്ളപ്പോള്‍ പുതിയ രീതിയില്‍ ഒട്ടുതൈകള്‍ ഉണ്ടാക്കുമ്പോള്‍ 95 ശതമാനവും മികച്ചയിനങ്ങളായി മാറുന്നുവെന്നതാണ് പ്രത്യേകതയെന്ന് മേല്‍നോട്ടം വഹിക്കുന്ന ശാസ്ത്രജ്ഞന്‍ ഡോ. പി.പി. മൂസ പറഞ്ഞു.
വലുപ്പമുള്ള പുതിയ ചക്കക്കുരു തിരഞ്ഞെടുത്ത് മുളപ്പിച്ച് തൈയ്ക്ക് ഏകദേശം 10 സെന്റിമീറ്റര്‍ വലുപ്പമാവുമ്പോള്‍ ആവശ്യമായ പ്ലാവിനത്തിന്റെ 30 സെന്റിമീറ്റര്‍ വലുപ്പമുള്ള കമ്പെടുത്ത് ഒട്ടിക്കുകയാണ്. തേന്‍വരിക്ക, മുട്ടന്‍വരിക്ക, സിംഗപ്പൂര്‍ ജാക്ക്, ചെമ്പകവരിക്ക എന്നിവയാണ് ഒട്ടിക്കുന്നത്. അതിനുശേഷം മൂന്നുമാസം കഴിഞ്ഞാല്‍ ഇവ കൃഷിയിടങ്ങളില്‍ നടാന്‍ പാകമായിട്ടുണ്ടാവും.
ഇക്കുറി 10,000 തൈകളാണ് ഇവിടെ ഉണ്ടാക്കുന്നത്. വെള്ളാനിക്കര സെന്റര്‍ നഴ്സറിയിലേക്കാണ് കൊണ്ടുപോവുക. ഒന്നിന് 75 രൂപയാണ് വില. ഇക്കുറി അഞ്ചുലക്ഷം രൂപയുടെ തൈക്കള്‍ ഇവിടെ തയ്യാറാക്കാനാണ് പദ്ധതിയെന്ന് കാര്‍ഷികഗവേഷണകേന്ദ്രം മേധാവി എം.സി. നാരായണന്‍കുട്ടി പറഞ്ഞു.
Content highlights: Agriculture, Regional agricultural research station, Pattambi, Jackfruit