വലിപ്പത്തിന്റെ കാര്യത്തില്‍ കേമനാണെങ്കിലും നമ്മുടെയൊക്കെ മനസ്സിലുള്ള ചക്ക അറിവുകള്‍ ഏറെക്കുറെ അപൂര്‍ണ്ണമാണ്.
വേരു മുതല്‍ ഇല വരെ പ്ലാവിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റും. ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. പാകമാകാത്ത കൈതച്ചക്കയും സപ്പോട്ടയുമൊന്നും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റില്ല എന്നുകൂടി വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.
പ്ലാവിന്റെ യഥാര്‍ത്ഥ ഫലം എന്നത് ചക്കച്ചുളയാണ്. അത്തരം നൂറു കണക്കിന് ഫലങ്ങള്‍ (ചുളകള്‍) ചക്കമടല്‍ എന്ന കട്ടിയുള്ള ആവരണത്താല്‍ പൊതിയപ്പെട്ട ഒരു പഴസമുച്ചയമാണ് ചക്ക. ഒരു മാമ്പഴത്തില്‍ നിന്നും ഒരു തൈ മാത്രം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമ്പോള്‍ ഒരു ചക്കയില്‍ നിന്നും നൂറുകണക്കിന് പ്ലാവിന്‍ തൈകളാണ് ഉണ്ടാക്കാന്‍ പറ്റുക.
പ്ലാവുകളെ പൊതുവേ 'വരിക്ക', 'കൂഴ' എന്നിങ്ങനെ തരം തിരിക്കാറുണ്ട്. 'വരിക്ക' വിഭാഗത്തില്‍പ്പെട്ട ചക്കകള്‍ക്കാണ് കൂടുതല്‍ വിപണി മൂല്യം. 'കൂഴ' അല്ലെങ്കില്‍ 'പഴച്ചക്ക' എന്നൊക്കെപ്പറയുന്ന വിഭാഗത്തെ മറ്റൊരു ഇനം ചക്ക എന്നു പരിഗണിക്കുന്നതിനേക്കാളും പ്രകൃത്യാ വൈകല്യമുള്ള പ്ലാവുകളിലെ ചക്ക എന്ന തരം തിരിക്കലായിരിക്കും കൂടുതല്‍ ശാസ്ത്രീയമാവുക.
സ്ഥിരമായി പേട് നാളികേരം മാത്രം നല്‍കുന്ന തെങ്ങിനെ പേട് തേങ്ങ ഇനമായി പരിഗണിക്കാറില്ലല്ലോ.
നിലവില്‍ സംസ്ഥാനത്തു വളരുന്ന പ്ലാവുകളധികവും വിത്തില്‍ നിന്നും മുളച്ച് വലുതായതാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പ്ലാവിന്‍ തൈകള്‍ തനിയെ മുളച്ച് വരുന്നുമുണ്ട്. ആരും നട്ടുപിടിപ്പിക്കാതെ തന്നെ. ചെറിയ ഒരു ശതമാനം പ്ലാവുകള്‍ മാത്രമേ ഗ്രാഫ്റ്റ് ചെയ്ത് വളര്‍ത്തി എടുത്ത പ്ലാവുകളില്‍പ്പെടുന്നുള്ളൂ. വിത്തു മുളച്ചുണ്ടാകുന്ന പ്ലാവുകള്‍ ഓരോന്നും ജനിതക ഘടനയില്‍ വ്യത്യസ്തത പുലര്‍ത്തുന്നതുകൊണ്ട് വ്യത്യസ്ത സ്വഭാവ ഗുണങ്ങളോടു കൂടിയവ ആയിരിക്കും. കേരളത്തില്‍ ഇപ്പോള്‍ ചുരുങ്ങിയത് ഒരു കോടി പ്ലാവുകളെങ്കിലും വളരുന്നുണ്ടെന്ന് അനുമാനിക്കാം. (2015-16 ലെ കണക്കനുസരിച്ച് മൊത്തം പ്ലാവ് കൃഷിയുടെ വിസ്തൃതി 92,969 ഹെക്ടറായിരുന്നു.)
ഏകദേശം ഒരു കോടി വരുന്ന പ്ലാവ് ജനസംഖ്യയിലെ ചുരുങ്ങിയത് ഒരു ശതമാനം പ്ലാവുകളെങ്കിലും ജനിതകമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയായിരിക്കുമെന്ന് അനുമാനിച്ചാല്‍ പോലും ഉയര്‍ന്ന നിലവാരമുള്ള ഒരു ലക്ഷം പ്ലാവുകള്‍ കേരളത്തില്‍ വളരുന്നുണ്ട് എന്നു കാണാം. സമഗ്രമായ ഒരു സര്‍വ്വേയിലൂടെ ഈ ഉയര്‍ന്ന ജനുസ്സ് പ്ലാവുകളെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും അവയുടെ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ തയ്യാറാക്കി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതുമാണ് ഉടനടി ഏറ്റെടുക്കേണ്ട ഒരു ദൗത്യം.
ഒരു ലക്ഷം പുതിയ പ്ലാവിനങ്ങള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി. പ്ലാവ് പോലെ ഒരു വൃക്ഷ വിളയില്‍ നൂറ്റാണ്ടുകള്‍ നീളുന്ന ഗവേഷണ പരീക്ഷണങ്ങള്‍ നടത്തിയാലേ ഒരു ലക്ഷം പുതിയ ഇനങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കൂ. ഇവിടെ ഒരു ശാസ്ത്രീയ സര്‍വ്വേയിലൂടെ ഒരൊറ്റ ചക്കസീസണ്‍ ഉപയോഗപ്പെടുത്തി ഏകദേശം ഒരു ലക്ഷത്തോളം ഉയര്‍ന്ന ഗുണമേന്മയുള്ള മാതൃവൃക്ഷങ്ങളെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഈ നടപടി ഓരോ ദിവസം വൈകുന്തോറും അനേകം നല്ല പ്ലാവുകള്‍ ഓരോരോ ആവശ്യങ്ങള്‍ക്കുവേണ്ടി മുറിച്ചുമാറ്റപ്പെടുകയും അവ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.
ചക്ക മാഹാത്മ്യം ഇതുകൊണ്ടൊന്നും തീരുന്നില്ല. ആമുഖമായി കുറച്ചുകാര്യങ്ങള്‍ സൂചിപ്പിച്ചു എന്നു മാത്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം എന്ന പദവി അലങ്കരിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കാവുന്ന ചില പ്രവൃത്തികളും പദ്ധതികളും താഴെ സൂചിപ്പിക്കട്ടെ:
ജൂണ്‍ പരിസ്ഥിതി ദിനത്തില്‍ നടുന്ന വൃക്ഷത്തൈകളില്‍ പ്ലാവിന് മുന്‍ഗണന കൊടുക്കുക (അടുത്ത 10 വര്‍ഷത്തേക്കെങ്കിലും)
നിലവില്‍ വിളവു തരുന്ന പ്ലാവുകളില്‍ നിന്നും ഉയര്‍ന്ന ഗുണമേന്മ, ഉല്പാദന സീസണ്‍, വിളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ല തോറും പ്ലാവ് രാജന്മാരെ കണ്ടുപിടിച്ച് അവയുടെ ഉടമസ്ഥന്മാര്‍ക്ക് അര്‍ഹിക്കുന്ന പാരിതോഷികം നല്‍കുക. (മുകളില്‍ സൂചിപ്പിച്ച സര്‍വ്വേ നടത്തുന്നതിലൂടെ ഇതിലേക്കാവശ്യമായ വിവരങ്ങള്‍ കിട്ടും).
ഇത്തരത്തില്‍ തിരിച്ചറിഞ്ഞ 'പ്ലാവ് രാജന്മാ'രുടെ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ ഉണ്ടാക്കി വിതരണം ചെയ്യലാണ് അടുത്ത നടപടി. ഇപ്രകാരം ഗ്രാഫ്റ്റിങ്ങിനുവേണ്ടി എടുക്കുന്ന ഓരോ കമ്പിനും മാതൃപ്ലാവിന്റെ ഉടമസ്ഥന് ന്യായമായ പ്രതിഫലവും നല്‍കണം.
ചക്കയുടെ ചുളയും കുരുവും മാത്രമല്ല, കൂടാതെ മടല്‍, ചവിണി, എന്നിവ കൂടി സംസ്‌കരണ വിധേയമാക്കി മൂല്യവര്‍ധന നടത്തുന്ന ഒരു സമഗ്ര ചക്ക സംസ്‌ക്കരണ പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ സംരംഭം ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുകയുള്ളൂ. അതിനു തക്കതായ സംവിധാനങ്ങളോടെ സജ്ജീകരിക്കപ്പെട്ട ചക്ക സംസ്‌ക്കരണ യൂണിറ്റുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുവരേണ്ടത്. സംസ്്കരണത്തിനുവേണ്ടി ദീര്‍ഘദൂരം കൊണ്ടുപോകേണ്ടിവരുന്ന സാഹചര്യം കഴിയുന്നത്ര ഒഴിവാക്കണം.
ചക്ക സംസ്‌ക്കരണത്തില്‍ യന്ത്രവല്‍ക്കരണം വേണ്ടത്ര കൈവരിച്ചിട്ടില്ല. അതുകൊണ്ട് മനുഷ്യാധ്വാനം കൂടുതല്‍ ആവശ്യമാണ്. കൂടുതല്‍ അനുയോജ്യമായ യന്ത്രങ്ങള്‍ പ്രചാരം നേടന്നതുവരെ സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍, വീട്ടമ്മമ്മാര്‍ തുടങ്ങിയവര്‍ക്കൊക്കെ സന്തോഷത്തോടെ പങ്കെടുക്കാന്‍ പറ്റുന്ന തരത്തില്‍ പരിശീലന വ്യവസായ യൂണിറ്റുകള്‍ സജ്ജീകരിക്കേണ്ടിയിരിക്കുന്നു.
ചക്കച്ചുള പച്ചയും പഴുത്തതും വൃത്തിയായി പാക്ക് ചെയ്ത് വിപണനം ചെയ്യുന്ന സംവിധാനത്തിലൂടെ മാത്രം കോടിക്കണക്കിന് രൂപയുടെ കച്ചവടവും നൂറുകണക്കിന് തൊഴിലവസരവും സൃഷ്ടിക്കാം.
ഇപ്പോള്‍ തന്നെ ചക്കയും ചക്ക ഉല്‍പന്നങ്ങളും ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വിജയകരമായി അവതരിപ്പിച്ചിട്ടുള്ള കുറച്ചു സംരംഭകരെങ്കിലും സംസ്ഥാനത്തുണ്ട്. അവര്‍ പ്രത്യേക പരിഗണനയും അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു.
എറണാകുളം ജില്ലയിലെ അങ്കമാലി, ചിറങ്ങര, ഇടുക്കിയിലെ പോത്തുകണ്ടം എന്നിവിടങ്ങളിലൊക്കെ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന 'ഇടിയന്‍ചക്ക' വിപണിയുണ്ട്. ഈ വിപണികളുടെ വളര്‍ച്ചയും പ്രവര്‍ത്തന രീതിയും ആഴത്തിലുള്ള പഠനം അര്‍ഹിക്കുന്നു എന്നു മാത്രമല്ല ഇതിന്റെ സംഘാടകര്‍ പ്രത്യേക അംഗീകാരവും അര്‍ഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കുറെ വിഭാഗങ്ങള്‍ കൂടിയുണ്ട്. ചിലതെല്ലാം താഴെ സൂചിപ്പിക്കുന്നു:
1. ഓരോ വര്‍ഷവും വിപണിയില്‍ വിജയകരമായി അവതരിപ്പിക്കപ്പെടുന്ന പുതിയ ചക്ക ഉല്പന്നങ്ങളുടെ ഉപജ്ഞാതാക്കള്‍ക്ക്.
2. ഏറ്റവും നല്ല ചക്ക ഉല്പന്ന വിപണനകേന്ദ്രം.
3. ഏറ്റവും നല്ല ചക്ക ഉല്പന്ന നിര്‍മ്മാണ യൂണിറ്റ്.
4. ഏറ്റവും നല്ല ചക്ക സംരംഭകന്‍/സംരംഭക
5. ഓരോ വര്‍ഷവും ചക്കയുമായി ബന്ധപ്പെട്ട ഏറ്റവും മഹത്തരമായ കണ്ടുപിടിത്തം/ഉല്പന്നം.
6. ഏറ്റവും കൂടുതല്‍ ചക്ക/ഉല്പന്നം അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച വ്യക്തി/സ്ഥാപനം
7. ഏറ്റവും കൂടുതല്‍ ചക്ക/ഉല്പന്നം വിദേശത്തേക്ക് കയറ്റി അയച്ച വ്യക്തി/സ്ഥാപനം
8. ചക്ക സംസ്‌ക്കരണ മേഖലയില്‍ ഏറ്റവും മികവു കാട്ടിയ സ്ത്രീ/പുരുഷ തൊഴിലാളി
9. ചക്ക യന്ത്രവല്‍ക്കരണത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തി/സ്ഥാപനം
10. ഏറ്റവും നല്ല ചക്ക സംസ്‌ക്കരണ പരിശീലന പരിപാടി/കേന്ദ്രം/പരിശീലകന്‍/പരിശീലക
സ്വന്തം വിഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതിന്റെ നല്ലൊരു മാതൃകയായി ചക്ക കേരള ചരിത്രത്തില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കാം. ഇതേ രീതിയില്‍ മറ്റു വിളകളിലും നടപടികളാവിഷ്‌കരിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക ചക്രവാളം കൂടുതല്‍ വികസ്വരമാകും.
Content highlights: Agriculture,Organic farming, Jackfruit
(കേരള കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട.പ്രൊഫസറാണ് ലേഖകന്‍)