കേരളത്തില്‍ ബാറുകള്‍ പൂട്ടുകയും ഇന്ത്യയൊട്ടുക്ക് മാഗി നിരോധിക്കുകയും ചെയ്താല്‍ ചക്കയ്ക്കെന്താണ്? മദ്യത്തിനും മാഗിക്കും പകരം നില്‍ക്കാന്‍ ചക്കയ്ക്കാവുമോ? പ്രതിസന്ധികളെ സാധ്യതയാക്കാന്‍ തയ്യാറുണ്ടെങ്കില്‍ ചക്കയ്ക്കും ചിലത് ചെയ്യാന്‍കഴിയും. സാഹചര്യം അതിനനുകൂലമാണ്.
ഉച്ചയ്ക്ക് എന്തുകഴിച്ചു എന്നുചോദിച്ചാല്‍ 'ചക്കപ്പുഴുക്ക്' എന്നുപറയാന്‍ കേരളത്തിലെ പുതുതലമുറയ്ക്ക് മടിയായിരിക്കും. അതേകൂട്ടര്‍ കഴിച്ചത് 'മാഗി' എന്ന് പറഞ്ഞിരുന്നത് തെല്ല് അഭിമാനത്തോടെയായിരുന്നു. ചക്കയോട് അത്രയ്ക്ക് പുച്ഛം.
ചക്കയെ പാവങ്ങളുടെ ഭക്ഷണമായി കൂട്ടിവായിക്കുന്നതാവാം ഈ അയിത്തത്തിന് ഒരു കാരണം. ചക്കയോട് മതിപ്പുണ്ടാക്കുകയാണ് പരിഹാരം. അതിനെന്താണ് വഴി? പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ഭക്ഷണങ്ങളിലൂടെ അവരെ ചക്കയിലേക്ക് അടുപ്പിക്കുകതന്നെ. ചക്കപ്പുഴുക്ക് കുറച്ചിലായി കാണുന്നവര്‍ക്ക് ചക്കനൂഡില്‍സ് സ്വീകാര്യമായേക്കാം. അപ്പോള്‍ ചക്കയില്‍നിന്ന് നൂഡില്‍സ് ഉണ്ടാക്കാന്‍ കഴിയുമോ എന്നുനോക്കണം. മാഗിക്കുപകരം ജൈവനൂഡില്‍സ് എന്നുപറഞ്ഞാല്‍ കൊട്ടിഗ്ഘോഷിക്കാന്‍ എല്ലാ തലമുറകളുമുണ്ടാവുകയും ചെയ്യും. അതാണല്ലോ ട്രെന്‍ഡ്.അത് നടക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതാ ചക്ക നൂഡില്‍സ്.
പച്ചരിയും പച്ചച്ചക്കച്ചുളയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് പൊടിച്ചതില്‍ ജീരകം, അയമോദകം എന്നിവ കലര്‍ത്തി നൂഡില്‍സ് ഉണ്ടാക്കി വിളമ്പിയത് കര്‍ണാടകത്തിലാണ്.
മദ്യം വിലക്കിയ സാഹചര്യവും ചക്കയ്ക്ക് വന്‍ അവസരം തുറക്കുന്നുണ്ട്. വിദേശമദ്യത്തിന് പകരമായി ധാരാളം വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതാണ് അനുകൂലഘടകം. വൈനുണ്ടാക്കാന്‍ ചക്കയോളം പറ്റിയ മറ്റൊരു പഴവുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഴുത്താല്‍ പെട്ടെന്ന് കേടാവുന്ന കൂഴച്ചക്കയാണ് (പഴംചക്ക) ഇതിന് ഏറ്റവും പറ്റിയത്. കൂഴച്ചക്കയുടെ തലവര തെളിയാന്‍ പറ്റിയ സമയം.
കേരളത്തില്‍ ഇതേവരെ വൈനറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വില്‍ക്കുന്ന വൈന്‍ അത്രയും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. പുതിയ സാഹചര്യത്തില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ ചക്കയ്ക്ക് പ്രിയമേറും. പൊതുമേഖലയിലും വൈന്‍ ഉണ്ടാക്കാം. മദ്യനിര്‍മാണം നിലച്ച തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറി വെറുതേ കിടക്കുകയാണ്. ഇവിടെ വൈന്‍ നിര്‍മാണത്തിന് പൊതുമേഖലയില്‍ വൈനറി ഉണ്ടാക്കാവുന്നതാണ്. കേരളത്തില്‍ പാഴാക്കുന്ന ചക്ക ഫലപ്രദമായി ഉപയോഗിക്കുകയും പുറത്തുനിന്ന് വൈന്‍ കൊണ്ടുവരുന്നത് ഒഴിവാക്കുകയും ചെയ്യാം.
പത്തുകിലോ തൂക്കമുള്ള ഒരു കൂഴച്ചക്കയില്‍നിന്ന് നാടന്‍രീതിയില്‍പോലും 20 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാമെന്ന് കായംകുളം കെ.വി.കെ.യിലെ ജിസ്സി ജോര്‍ജ് പറയുന്നു. വൈനിന് വിപണിവില ലിറ്ററിന് 150 മുതല്‍ 20 രൂപവരെ. സാധാരണ വൈനിലടങ്ങിയതിനേക്കാള്‍ ആല്‍ക്കഹോള്‍ അംശം ചക്കയില്‍ കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്. നാടന്‍രീതിയില്‍ നിര്‍മിച്ചാല്‍പോലും ഒരു ചെറിയ ചക്കയില്‍നിന്ന് 3000 രൂപയുടെ വൈന്‍ ഉത്പാദിപ്പിക്കാമെന്ന് സാരം.
ഇവിടെ മദ്യശാലകളില്‍ കിട്ടുന്നതിലേറെയും മുന്തിരിവൈനാണ്. മുന്തിരിക്ക് വിഷം തളിക്കുമെന്നതിനാല്‍ വൈന്‍ ശുദ്ധമെന്നുറപ്പില്ല. വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ചക്കയില്‍നിന്ന് കിട്ടുന്ന വൈന്‍ ശുദ്ധമായിരിക്കുമെന്നുമുറപ്പ്.
ഒരുകാലത്ത് കേരളത്തിന്റെ വിശപ്പടക്കിയ ചക്കയ്ക്ക് ഇന്ന് മലയാളിയുടെ അടുക്കളയില്‍ സ്ഥാനമില്ല. കാരണം പലതാണ്. ഇവിടെ ഏറെയും അണുകുടുംബങ്ങള്‍. അവരെ സംബന്ധിച്ച് ചക്ക ഒരുക്കല്‍ പാടാണ്. അരക്കും മറ്റും കൈകളില്‍ പുരളുന്നത് എളുപ്പ പാചകത്തിന് തടസ്സം. ഉയരമുള്ള മരത്തില്‍നിന്ന് പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും ചക്കയെ അടുക്കളയില്‍നിന്ന് അകറ്റുന്നു.
പരിഹാരങ്ങള്‍ പലതുണ്ട്. ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷകഗുണത്തെപ്പറ്റിയുള്ള അജ്ഞത മാറ്റിയാല്‍ത്തന്നെ ഇതിന് സ്വീകാര്യത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് ആധുനിക മലയാളിയെന്നതുതന്നെ കാരണം. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി ധാരാളം കഴിക്കുന്ന മലയാളി തിരിച്ചറിയണം, അവയെ ഇറച്ചിയാക്കാനുള്ള പാടില്ല ചക്ക ഒരുക്കാനെന്ന്. എല്ലാം പാകംചെയ്യാനോ തിന്നാനോ പാകത്തില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആധുനിക തലമുറയ്ക്കുമുമ്പില്‍ ചക്കയെയും അതേരീതിയില്‍ അവതരിപ്പിക്കുക. റെഡി റ്റു കുക്ക്, റെഡി റ്റു ഈറ്റ് എന്ന തത്ത്വം ഈ മേഖലയിലും നടപ്പാക്കണം. അതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ ചക്കവിഭവങ്ങളെയും താരപദവിയോടെ അവതരിപ്പിക്കുന്നതും ചക്കയുടെ തൊട്ടുകൂടായ്മ മാറ്റും. ചക്ക ഭക്ഷ്യമേളകളും പരീക്ഷിക്കാവുന്നതാണ്.
ശ്രീലങ്കയില്‍ ചക്ക ഒരുക്കി പായ്ക്ക്ചെയ്താണ് വില്‍ക്കുന്നത്. 5000 സ്ത്രീകള്‍ ഈ മേഖലയില്‍ അവിടെ ജോലിചെയ്യുന്നു. ഇവിടെയും അത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? ധാരാളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെറുതേകിട്ടുന്ന ചക്ക ചുമ്മാ കളയാതെ അത് വ്യവസായസാധ്യതയായി കാണുന്നതിലാണ് ഭരണാധികാരികള്‍ സാമര്‍ഥ്യം കാട്ടേണ്ടത്.
Content highlights: Jackfruit, Agriculture