കോട്ടയം: വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് ദിവസം നീളുന്ന ക്ളാസില്‍ രണ്ടാം ദിനം വാര്‍ത്തയെത്തുമ്പോള്‍ കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ആന്‍സി മാത്യുവിനെ തേടി വിളിയെത്തി. ഔദ്യോഗിക ഫലത്തെക്കുറിച്ച് ക്ളാസെടുക്കണം. രണ്ടാം ദിനം ഇന്നലെ വരെ കണ്ട ചക്കയല്ല ഇന്നത്തെ ചക്കയെന്ന് തിരിച്ചറിഞ്ഞായി പാചകപഠനം.
'പലര്‍ക്കും ചക്കയെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സന്തോഷവും തിരിച്ചറിവുമുണ്ടായെന്ന് തോന്നുന്നു. വെള്ളിയാഴ്ച അരീക്കരയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ചക്കമുള്ള് കൊണ്ടുള്ള സ്‌ക്വാഷടക്കം നിരത്താനുള്ള തയ്യാറെടുപ്പിലാണ് പലരും'- ആന്‍സി പറയുന്നു.
ഏഴു വര്‍ഷം മുമ്പാണ് ചക്കവിഭവങ്ങളിലേക്ക് ആന്‍സിയുടെ ആവേശം ഒട്ടിച്ചേര്‍ന്നത്. ഒരു പാചകമത്സരത്തില്‍ വ്യത്യസ്ത ചേരുവ കൊണ്ട് കേക്ക് ഉണ്ടാക്കണം. പലാവര്‍ത്തി പരീക്ഷണം നടത്തി. അവസാനം അമേരിക്കന്‍ മാവിന് പകരം ചക്കച്ചുളയും കുരുവും ഉണക്കിപ്പൊടിച്ച് കേക്കുണ്ടാക്കി. ഒന്നാം സമ്മാനം നേടിയപ്പോള്‍ ഹൃദയത്തില്‍ 'ഒരു വലിയ ചക്ക'' തന്നെ പൊട്ടിയെന്ന് ആന്‍സി. അന്നുമുതല്‍ ചക്കയിലായി പരീക്ഷണം. ഇതിനോടകം ചക്കയും ഇലയും ഉള്‍പ്പെടുത്തി തയ്യാറാക്കി വിജയിച്ചത് 300 വിഭവങ്ങള്‍. പുറമേ ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ജാക്ക് ഫ്രൂട്ട് കണ്‍സോര്‍ഷ്യം എന്നിവയില്‍ അംഗത്വത്തോടെയുള്ള പ്രവര്‍ത്തനം. ഡല്‍ഹിയിലെ ലോക ഭക്ഷ്യമേളയടക്കം വിവിധ ഇടങ്ങളിലും സെമിനാറിലും പങ്കെടുത്തതിലൂടെ ലോകവിപണിയില്‍ കൂടി ചക്കയുടെ സാന്നിധ്യവും സാധ്യതയും തിരിച്ചറിയുകയായിരുന്നു ആന്‍സി.
പ്രമേഹരോഗികള്‍ക്ക് ചക്കയില്‍നിന്ന് ഒരു മരുന്ന് കൂടി കണ്ടെത്തിയിരിക്കുകയാണ് ആന്‍സി. ലാബ് പരീക്ഷണങ്ങള്‍ വിജയിച്ചു. ഇനിയും കടമ്പകള്‍ പലതുണ്ട്. 'എങ്കിലും ചക്കയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് ഒരു രസമുണ്ട്'- ആന്‍സി പറയുന്നു. താമസിയാതെ കെനിയ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളില്‍ സെമിനാര്‍ നയിക്കാന്‍ ക്ഷണമുണ്ട് ആന്‍സിക്ക്.
'വിയറ്റ്നാമില്‍ താമസിച്ച് ഇന്‍ഡോ-വിയ്റ്റാനം രുചിയില്‍ ചക്കവിഭവങ്ങളുടെ കുറച്ച് കുറിപ്പ് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസിയാതെ അവിടെ പോകണം...' എല്ലാം ചക്കയെക്കുറിച്ചാകുന്നതിന്റെ ആനന്ദമുണ്ട് ആന്‍സിക്ക്.
ഭര്‍ത്താവ് റബര്‍ കര്‍ഷനായ മാത്യു കുര്യാക്കോസ്. മക്കള്‍: മാനസി, മിലാന, മീര. അഞ്ചാംക്ളാസുകാരി മീരയും ചക്കവിഭവങ്ങള്‍ തയ്യാറാക്കും. കുക്കീസും ചോക്ലേറ്റും പോലെയുള്ള ന്യൂജെന്‍ ഇഷ്ടവിഭവങ്ങള്‍.
ചക്കക്കൂഞ്ഞില്‍ വറുത്തത്
കൂഞ്ഞില്‍ ഇടത്തരം വലുപ്പത്തില്‍ മുറിച്ച് വരയുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്തരച്ചത് പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക. കണ്ടാല്‍ നെയ്മീന്‍ വറുത്തതാണന്നേ തോന്നൂ.
*ഇടിച്ചക്ക, മടല്‍ എന്നിവ കൊണ്ട് മഞ്ചൂരിയന്‍ ഉണ്ടാക്കാം
*മടല്‍ ചെറിയ കഷ്ണമാക്കി മുളകും കുടംപുളിയുമിട്ട മീന്‍കറി പോലെുണ്ടാക്കാം. തേങ്ങയരച്ചും തയ്യാറാക്കം.
Content highlights: Jackfruit, Agriculture