പ്ലാവ് കൃഷിയും ചക്കയുടെ മൂല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മാണവും കേരളത്തില്‍ നാളെയുടെ സംരംഭങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മുട്ടം വരിക്ക, സിന്ദൂരം,സിംഗപ്പൂര്‍,തേന്‍വരിക്ക, തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ ബേര്‍ലിയര്‍-1, പാലൂര്‍-1,പേച്ചിപ്പാറ-1, പാന്റൂട്ടി സെലക്ഷന്‍, തഞ്ചാവൂര്‍ എന്നിവയാണ് പ്രധാന പ്ലാവിനങ്ങള്‍. കൂടാതെ രുദ്രാക്ഷി, നീളന്‍താമര, മൂവാണ്ടന്‍, കുമ്പനാടന്‍ വരിക്ക എന്നീ ഇനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്തുവരുന്നു.
നടീല്‍ വസ്തു
പരപരാഗണത്തിലൂടെ വംശ വര്‍ദ്ധനവ് നടത്തുന്ന സസ്യമായതിനാല്‍ ഗുണമേന്മയുള്ളതും മാതൃസസ്യത്തിന്റെ ഗുണമേന്മകള്‍ ഉള്ളതുമായ നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് കായിക പ്രവര്‍ദ്ധന രീതികളാണ് പ്ലാവ് കൃഷിയില്‍ അനുവര്‍ത്തിക്കുന്നത്.
അടുപ്പിച്ചൊട്ടിക്കല്‍, മുകുള സംയോജനം, മൃദുകാണ്ഡ സംയോജനം എന്നിവയാണ് പ്ലാവിന്റെ കായിക പ്രവര്‍ദ്ധന രീതികള്‍. ഈ രീതിയില്‍ ഉത്പാദിപ്പിച്ച ഒരു വര്‍ഷം പ്രായമായ നടീല്‍ വസ്തുക്കളാണ് നടാന്‍ അനുയോജ്യം
നിലമൊരുക്കല്‍
കാലവര്‍ഷാരംഭത്തില്‍ തന്നെ നിലമൊരുക്കല്‍ നടത്തി കളകളും മറ്റും നീക്കം ചെയ്ത് 60X60X60 സെ.മീ വലിപ്പത്തിലുള്ള കുഴികള്‍ 12 മുതല്‍ 15 മീറ്റര്‍ അകലം പാലിച്ച് തയ്യാറാക്കണം. കുഴികള്‍ മേല്‍മണ്ണും ഡോളമൈറ്റും ചേര്‍ത്ത് രണ്ടാഴ്ച പുളിപ്പ് മാറ്റാന്‍ അനുവദിച്ച ശേഷം 10 കിലോ ഗ്രാം കമ്പോസ്റ്റോ കാലിവളമോ ചേര്‍ത്ത് കുഴി നിറച്ച് തൈകള്‍ നടാവുന്നതാണ്. ഒട്ടുതൈകള്‍ നടുമ്പോള്‍ താങ്ങ് കൊടുക്കുന്നത് ഒട്ടുഭാഗം വിട്ടുപോകുന്നത് തടയുന്നു.
ഒട്ടുതൈകള്‍ കൂടുതല്‍ ആഴത്തില്‍ നടുന്നതും അനുയോജ്യമല്ല.
പരിപാലനം ശാസ്ത്രീയമായി
കേരളത്തിലെ വീട്ടുവളപ്പുകളിലെ കൃഷിയില്‍ പ്ലാവിന് ശാസ്ത്രീയമായ പരിപാലന മുറകളോ വളപ്രയോഗമോ ഒന്നുംതന്നെ അനുവര്‍ത്തിക്കാറില്ല. പക്ഷേ തോട്ടമടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന വിധത്തില്‍ വളപ്രയോഗം നടത്തേണ്ടതാണ്.
മേല്‍ സൂചിപ്പിച്ച പ്രകാരമുള്ള വളപ്രയോഗം മണ്ണ് പരിശോധനാടിസ്ഥാനത്തില്‍ നടത്താവുന്നതാണ്. പ്ലാവിന്റെ തടത്തിന് 50-60 സെ.മീ അകലത്തിലായി എടുത്ത തടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി(ജൂണ്‍-ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍) വളം നല്‍കാവുന്നതാണ്.
പ്ലാവ് വളര്‍ത്തലില്‍ അനുവര്‍ത്തിക്കേണ്ട ഒരു പ്രധാന കാര്‍ഷിക മുറയാണ് കൊമ്പ് കോതല്‍. പ്ലാവ് ഒറ്റത്തടിയായി ഓരേ കനത്തില്‍ വളരാനും 1.5-2 മീറ്റര്‍ ഉയരത്തില്‍ വെച്ച് കൂടുതല്‍ ശാഖകള്‍ ഉണ്ടാകാനും കൊമ്പുകോതല്‍ സഹായിക്കുന്നു.
കീട-രോഗ ബാധ ശ്രദ്ധിക്കുക
പ്ലാവിനെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് തടതുരപ്പന്‍ പുഴു,മീലിമുട്ട എന്നിവ. ഇവയെ നിയന്ത്രിക്കുന്നതിന് സ്പര്‍ശ സ്വഭാവമുള്ള കീടനാശിനികള്‍ ഉപയോഗിക്കാം. പ്രധാന രോഗമായ ചക്ക അഴുകലിനെതിരെ സ്യൂഡോമോണസ്, രാസകുമിള്‍ നാശിനികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.
വിളവെടുപ്പ്
ഒട്ടു തൈകള്‍ 3-4 വര്‍ഷത്തിലും വിത്ത് പാകി മുളപ്പിച്ച തൈകള്‍ 7-8 വര്‍ഷത്തിലും വിളവ് നല്‍കാനാരംഭിക്കും. മാര്‍ച്ച്-മുതല്‍ ജൂണ്‍ വരെയാണ് സാധാരണ വിളവെടുപ്പുകാലം. പക്ഷേ കേരളത്തില്‍ വയനാട്,ഇടുക്കി ജില്ലകളിലെ ജൂലൈ മുതല്‍ ഡിസംബര്‍ വരെയും ചക്ക ലഭ്യമാകും.
ചക്കയുടെ പോഷക ഗുണങ്ങള്‍
ഇളംചക്ക മുതല്‍ വിളഞ്ഞ ചക്കയുടെ കുരുവും മടലും ചകിണിയുമെല്ലാം പോഷക സമ്പുഷ്ടമാണ്. 100 ഗ്രാം പച്ചച്ചക്കയില്‍ 51 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്. അതേ സമയം 100 ഗ്രാം വീതം അരിയിലും ഗോതമ്പിലുമുള്ള ഊര്‍ജ്ജമൂല്യം യഥാക്രമം 348,352 എന്നിങ്ങനെയാണ്. അതായത് അധികം മൂപ്പെത്താത്ത ചക്ക പ്രമേഹ രോഗികള്‍ക്ക് അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാവുന്ന സുരക്ഷിത ആഹാരമാണ്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ നില വളരെ സാവധാനത്തില്‍ ഉയര്‍ത്തുന്നു. അതിനാല്‍ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവുള്ള ഭക്ഷണമായിട്ടാണ് ചക്കയെ കണക്കാക്കുന്നത്. ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായതിനാല്‍ ഇന്‍സുലിന്റെ ആവശ്യകതയും കുറവാണ്. കൂടാതെ പ്രമേഹാനുബന്ധ അസുഖങ്ങളായ ഉയര്‍ന്ന കൊളസ്ട്രോള്‍ രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കാനും ചക്ക ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചക്കയിലെ ഭക്ഷ്യനാരുകള്‍ വളരെ ഫലപ്രദമായി കൊഴുപ്പ് നീക്കം ചെയ്ത് കൊളസ്ട്രോള്‍ നില കുറയ്ക്കും.
ചക്കയിലടങ്ങിയിരിക്കുന്ന ആര്‍ട്ടോകാര്‍പ്പിന്‍, ആര്‍ട്ടോകാര്‍പ്പനോണ്‍, ജാക്കലിന്‍ എന്നീ ഘടകങ്ങള്‍ക്ക് ട്യൂമര്‍ കോശങ്ങള്‍, കാന്‍സര്‍ കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും വ്യാപനവും തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ചക്കക്കുരുവിലെ തവിട്ടുനിറത്തിലുള്ള തൊലിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലെക്റ്റിന്‍ എന്ന ഘടകം വായിലെ കാന്‍സറിനെ വളരെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുമെന്ന് തിരുവനന്തപുരം ആര്‍.സി.സിയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാന്‍സറിനെ നേരത്തെ തിരിച്ചറിയാനുള്ള വളരെ ചെലവു കുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണ് ഇത്.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ത്വക്ക്,എല്ല്,തലമുടി,കണ്ണ് എന്നിവയുടെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.
ഇളംചക്ക ഹൈപ്പോതൈറോയ്ഡിസത്തിനും പഴുത്ത ചക്ക ഹൈപ്പര്‍ തൈറോയ്ഡിസത്തിനും പ്രയോജനപ്രദമാണ്.
(കടപ്പാട്: കേരള കര്‍ഷകന്‍)