ഉയരമുള്ള പഴവൃക്ഷങ്ങളില്‍നിന്ന് ഇനി അനായാസം വിളവെടുക്കാം. കൊമ്പുകള്‍ മുറിക്കാം. എല്ലാം നിലത്തുനിന്നുകൊണ്ടുതന്നെ. കൃഷിശാസ്ത്രം ഏറെ വളര്‍ന്നിട്ടും ഇന്നും എത്താക്കൊമ്പത്തുനിന്ന് ഫലങ്ങള്‍ കേടുപാടുകൂടാതെ വിളവെടുക്കാന്‍ പാകത്തിന് ഉപകരണങ്ങള്‍ വിരളം.
ഇവിടെയാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി ചിറ്റിലപ്പിള്ളി സി.ഡി. സെബാസ്റ്റ്യന്‍ എന്ന കര്‍ഷകന്റെ കണ്ടെത്തലുകള്‍ അനുഗ്രഹമാകുന്നത്. രണ്ട് ലഘുയന്ത്രങ്ങള്‍ സെബാസ്റ്റ്യന്‍ ഇതിനായി നിര്‍മിച്ചു. സ്പ്രിംഗ് കട്ടറും പ്രൂണറും. മരത്തില്‍ ഉറുമ്പിന്റെ ശല്യം, ഉയരക്കൂടുതല്‍ ഇവയാണ് പ്രശ്‌നമെങ്കില്‍ സ്പ്രിങ് കട്ടര്‍ മതി. 28 അടിവരെ ഉയരത്തില്‍ അനായാസം വിളവെടുക്കാം.
മാമ്പഴം, ചക്ക, കടച്ചക്ക, മുരിങ്ങക്ക എന്നുവേണ്ട എന്തും താഴെനിന്നുതന്നെ പറിച്ചെടുക്കാം. ഈറ്റ, മുളന്തോട്ടി, അലൂമിനിയം പൈപ്പ്, പ്‌ളാസ്റ്റിക് പൈപ്പ് മുതലായവ തോട്ടിക്കോലാക്കാം. നല്ല കനമുള്ള വലക്കണ്ണികളോടുകൂടിയ ഉറപ്പുള്ള വല വാങ്ങി അഞ്ചടി ഉയരത്തില്‍ നാലുവശത്തേക്കും അയച്ചുകെട്ടിയാല്‍ എത്ര കനമുള്ള ചക്കയും താഴെവീഴാതെ പറിക്കാം.
മരക്കൊമ്പുകളുടെ വിരല്‍വണ്ണമുള്ള അഗ്രഭാഗം താഴെനിന്നുതന്നെ മുറിക്കാന്‍ 'പ്രൂണര്‍' ഉപയോഗിക്കാം. ഇതും 28 അടി വരെ ഉയരത്തില്‍ പോകും. രണ്ടു ചെറിയ കപ്പികളില്‍ക്കൂടി ഒരു നൈലോണ്‍ ചരട് താഴോട്ടുവലിക്കുമ്പോള്‍ അറ്റത്ത് ഉറപ്പിച്ച വളഞ്ഞ കത്തി ഒരു കത്രികപോലെ കൊമ്പ് മുറിക്കും.
പ്രൂണറിന് 500 ഗ്രാമേ കനമുള്ളൂ. 20 അടി നീളന്‍ സ്റ്റീല്‍ പൈപ്പിനറ്റത്ത് കട്ടര്‍ ആണിയില്‍ ഉറപ്പിച്ച് ഉപയോഗിക്കാം. മികച്ച ഈ കണ്ടെത്തലുകള്‍ക്ക് സെബാസ്റ്റ്യന് ആത്മയുടെ അവാര്‍ഡും സ്റ്റേറ്റ് ഇന്നവേറ്റര്‍ അവാര്‍ഡും ലഭിച്ചു. (ഫോണ്‍: 9048411509, 04884-232595).