ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു രസികന്‍ ചക്ക ദോശ പരിചയപ്പെടാം
ചേരുവകള്‍
ചക്കച്ചുള(പച്ച) - കാല്‍ കിലോ
പൊന്നിയരി - കാല്‍ കിലോ
ചുവന്നുള്ളി - ഒരു പിടി
തേങ്ങ ചിരകിയത് - ഒരു പിടി
കാന്താരിമുളക് - 3-4 എണ്ണം
ചുവന്ന മുളക് - 2-3എണ്ണം (അല്ലെങ്കില്‍ ആവശ്യത്തിന്)
ജീരകം - 1 സ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കായംപൊടി - കാല്‍ ടീസ്പൂണ്‍
കുറച്ച് കറിവേപ്പില
ഉപ്പ്, വെള്ളം - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് വൃത്തിയാക്കുക. അരി വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ചക്കച്ചുളയും ചുവന്ന മുളകും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ഉള്ളിയും കൂടി ചതച്ചെടുത്തത്, കറിവേപ്പിലയും ഇഞ്ചിയും പൊടിയായി അരിഞ്ഞത്, പിന്നെ ജീരകം, തേങ്ങചിരകിയത് എന്നിവ ചേര്‍ക്കുക. കായവും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് എല്ലാം കൂടി നന്നായി ഞെരടി യോജിപ്പിക്കുക. വെള്ളം കൂടിപ്പോവരുത്.
(വേണമെങ്കില്‍ ഉള്ളി, മുളക്, തേങ്ങ മുതലായ സാമഗ്രികളെല്ലാം കൂടി അരിയോടൊപ്പം അരച്ചെടുക്കുകയും ചെയ്യാം. അപ്പോള്‍ പണി എളുപ്പമാവും. പക്ഷേ നേരത്തെ പറഞ്ഞരീതിക്കാണ് കൂടുതല്‍ രുചി.) മാവ് റെഡിയായി. ഇനി ദോശയുണ്ടാക്കാം.
മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കില്‍ ശരിക്ക് പരത്താന്‍ പറ്റാതെ മാവ് ഉരുണ്ടുകൂടും. തിരിച്ചു മറിച്ചുമിട്ട്, എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.ചക്കദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക. തണുത്താല്‍ പിന്നെയിത് ഒന്നിനും കൊള്ളില്ല.