ചക്ക, സിംഹാസനത്തിലേക്ക്


എസ്.ഡി വേണുകുമാര്‍

3 min read
Read later
Print
Share

സ്വപ്‌ന സദൃശമാണ് ചക്കയുടെ വളര്‍ച്ച.

ചക്ക ഇനി പഴയ ചക്കയല്ല. കുപ്പത്തൊട്ടിയില്‍ കിടന്ന ചക്ക ഇനി കേരളത്തിന്റെ സിംഹാസനത്തിലിരിക്കും. സമീപകാലം വരെ അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയിരുന്ന ഈ ഫലത്തെ പുതിയ പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത് സംസ്ഥാനസര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാണ് ഇനി ചക്ക. കേരളത്തില്‍ മറ്റൊരു ഫലത്തിനുമില്ലാത്ത താര പരിവേഷം.

സ്വപ്നസദൃശമാണ് ചക്കയുടെ ഇപ്പോഴത്തെ ഉയര്‍ച്ച. മൂന്നുവര്‍ഷം മുന്‍പുവരെ കേരളത്തില്‍ പാഴ് വസ്തുവായിരുന്നു ചക്കയെന്നോര്‍ക്കണം. ഒരു ചക്കയ്ക്ക് ഏറിയാല്‍ ആറോ ഏഴോ രൂപ മാത്രം വില. ഇന്ന് സ്ഥിതി മാറി. കിലോയ്ക്ക് മുപ്പതു രൂപയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ചക്ക ഇപ്പോള്‍ വെറും പഴമോ പച്ചക്കറിയോ അല്ല. പലര്‍ക്കും അത് ഔഷധമാണ്. ഇതിനുപുറമേ ചക്കയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും സമീപകാലത്ത് വിപണിക്ക് പ്രിയം.

ചക്കപ്പൊടി, ചക്കപള്‍പ്പ് എന്നിവ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയതോടെ വൈവിധ്യമാര്‍ന്ന ചക്ക ഉത്പന്നങ്ങള്‍ വ്യാപാരശാലകളുടെ ഷെല്‍ഫുകളിലെത്തി. ആര്‍ക്കും വേണ്ടാതെ കിടന്ന ചക്കയ്ക്ക് ഇത്രയും മുന്നേറ്റമുണ്ടായതില്‍ സര്‍ക്കാരുകള്‍ക്കോ മറ്റു വകുപ്പുകള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് മറ്റൊരു വാസ്തവം. പത്തനംതിട്ട, ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ നല്‍കിയ പരിശീലനമാണ് ഇതിനൊരപവാദം.

അയിത്തം മാറിയതെങ്ങിനെ

സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ശ്രീപദ്രെ, മൈക്രോസോഫ്റ്റ് മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫ്, തിരുവനന്തപുരം ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ആറന്മുള പൈതൃകപഠന കേന്ദ്രം തുടങ്ങി ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ചക്കയുടെ അയിത്തം മാറ്റിയെടുക്കുന്നതിലെത്തിച്ചത്.

കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചിട്ട് ചക്കയ്ക്ക് എന്താണ് മെച്ചം? എത്ര ചക്ക ഉത്പാദിപ്പിക്കുന്നുവെന്നതിനുപോലും ഇവിടെ കൃത്യമായ കണക്കില്ല. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്കു പ്രകാരം 38.4 കോടി ചക്ക ഉത്പാദിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ഇതൊരു കുട്ടത്താപ്പാണ്. എത്ര ടണ്‍ ഉത്പാദിപ്പിക്കുന്നുവെന്നതിനു കൃത്യമായ കണക്കെടുക്കാന്‍ വിശദമായ സര്‍വേ നടക്കണം. ഉത്പാദിപ്പിക്കുന്ന ചക്കയുടെ 75 ശതമാനം പാഴാക്കിക്കളയുന്നുവെന്നായിരുന്നു മൂന്നു വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട്. ഇപ്പോള്‍ ആസ്ഥിതി മാറി. അന്‍പത് ശതമാനത്തില്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതു പോരാ.

ഇനിയെന്തുവേണം

ചക്കയെ സമൂലം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ഇതിന് സര്‍ക്കാര്‍ തന്നെ ഇനി മുന്‍കൈയെടുക്കണം. ചക്ക കേരളത്തിന് വെറും അലങ്കാരമായിട്ട് കാര്യമില്ല. കേരളീയരുടെ അവശ്യവസ്തുവായി മാറണം. ആരോഗ്യത്തിന് ചക്ക എന്നതായിരിക്കണം മുദ്രാവാക്യം. ഇത് വെറുതേ പറയുന്നതല്ല. സിഡ്നി സര്‍വകലാശാലയില്‍ ചക്കയുടെ 'ഗ്ലൈസീമിക് ഇന്‍ഡക്‌സ് സ്റ്റഡി' നടത്തിയതടക്കം ഗവേഷണഫലങ്ങള്‍ ചക്കയുടെ ഔഷധമൂല്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. വിഷം അശേഷം സ്പര്‍ശിച്ചിട്ടില്ലെന്ന് ഉറപ്പുള്ള ഈ പച്ചക്കറി മലയാളിയുടെ വിഭവങ്ങളുടെ ഭാഗമായാല്‍ത്തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍നിന്നും രക്ഷപ്പെടാം.

കേരളത്തില്‍ ചക്കയുടെ ഉപയോഗം വ്യാപകമാകണമെങ്കില്‍ ഇത് പാകം ചെയ്യാന്‍ പരുവത്തില്‍ അടുക്കളയില്‍ കിട്ടണം. ചക്കയില്‍നിന്ന് ചുള അടര്‍ത്തി കേടുകൂടാതെ ലഭ്യമാക്കുകയാണ് ഇതിനുള്ള പോംവഴി. ലളിതമായ സംസ്‌കരണവിദ്യയിലൂടെ ഇത് സാധിക്കും. ജില്ലാ അടിസ്ഥാനത്തില്‍ ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന പരിശീലനകേന്ദ്രങ്ങളുടെ പ്രസക്തി ഇവിടെയാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ചക്കസംസ്‌കരണം പരിശീലിപ്പിച്ച് സ്വാശ്രയസംഘങ്ങളെ ഇതിന് പ്രാപ്തരാക്കാനാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീവിപണന കേന്ദ്രങ്ങളിലൂടെ ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും സാധ്യമാകും.

ചക്ക കണ്ടാല്‍ അയ്യേ.. എന്ന മനോഭാവം മാറിയിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ നടന്ന ചക്ക മഹോത്സവങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ഇനി ഉത്സവങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകണം. ചക്കയുടെ കയറ്റുമതി സാധ്യതയും ചൂഷണം ചെയ്യണം. വിദേശത്ത് എവിടെയൊക്കെയാണ് പറ്റിയ വിപണി എന്നു കണ്ടെത്തണം. അവിടേക്ക് പറ്റിയ ഉത്പന്നങ്ങളും തിരിച്ചറിയണം. സംരംഭകരെക്കൊണ്ട് ഇവ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യാന്‍ സഹായവും ലഭ്യമാക്കണം.

മാംസാഹാരത്തിന് പകരം ഉപയോഗിക്കാവുന്ന ഇടിച്ചക്ക ശീതീകരിച്ച് ലഭ്യമാക്കുക, ചക്കയുടെ ഉപ്പേരി അടക്കമുള്ള ഉത്പന്നങ്ങള്‍ നല്ലനിലവാരത്തില്‍ ലഭ്യമാക്കുക, ചക്കയില്‍നിന്ന് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുക, സ്‌കൂളുകളില്‍ സീസണ്‍കാലത്ത് ചക്കഭക്ഷണം പ്രചരിപ്പിക്കുക തുടങ്ങി ചക്ക ജനകീയമാക്കാന്‍ പലതും ചെയ്യേണ്ടതുണ്ട്. ചക്ക ഉത്പന്ന നിര്‍മാണത്തില്‍ പ്രൊഫഷണല്‍ സമീപനം വേണമെന്ന അഭിപ്രായവും ഗൗരവമുള്ളതാണ്. അന്താരാഷ്ട്ര വിപണിയില്‍ ചക്കയുടെ വാക്വം ഫ്രൈഡ് ചിപ്സിന്റെ കുത്തക വിയറ്റ്നാമിലുള്ള ഒരു കമ്പനിക്കാണ്.

തായ്ലന്‍ഡ്, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. മനസ്സുവെച്ചാല്‍ ഈ സ്ഥാനം ഇന്ത്യയിലെ കൊച്ചുകേരളത്തിന് സ്വന്തമാക്കാവുന്നതേയുള്ളൂ. ഒരു ചക്കയില്‍ നിന്ന് വിവിധ ഉത്പന്നങ്ങളിലൂടെ രണ്ടായിരം രൂപ വരെ ഉണ്ടാക്കാം എന്ന് സമര്‍ഥിച്ചിട്ടുള്ളവര്‍ നാടന്‍ വ്യവസായ സംരംഭകരില്‍ തന്നെ ഉണ്ട്.

ചക്കയ്ക്ക് വേണ്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് കൃഷിവകുപ്പ് മാത്രമാണ്. ആരോഗ്യ, വ്യവസായ വകുപ്പുകളും കൂടി കൈകോര്‍ത്താല്‍ മാത്രമേ സമ്പൂര്‍ണവളര്‍ച്ചയ്ക്ക് സഹായിക്കൂ. ചക്കയുടെ ഔഷധമൂല്യം ആധികാരികമായി കണ്ടെത്താന്‍ ക്ലിനിക്കല്‍ പഠനം വേണ്ടതുണ്ട്. ഇത് നടത്തേണ്ടത് ആരോഗ്യവകുപ്പാണ്. ചക്ക അടിസ്ഥാനമാക്കിയുള്ള വ്യവസായസ്ഥാപനങ്ങള്‍ വരണം. ഇതിന് വ്യവസായവകുപ്പിന്റെ സഹായം കൂടിയേ കഴിയൂ. താരപരിവേഷം കിട്ടിയ ചക്കയ്ക്ക് മൂല്യമുയരണമെങ്കില്‍ എല്ലാവരും കൈകോര്‍ക്കണമെന്നര്‍ഥം.

ശ്രീപദ്രെയുടെ ഒറ്റയാള്‍ പോരാട്ടം

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ രോമാഞ്ചമണിഞ്ഞത് വടക്കന്‍കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്. ശ്രീപദ്രെ. 'അഡിഗെ പത്രികെ' എന്ന കന്നഡ മാസികയിലൂടെ പത്തുവര്‍ഷം മുന്‍പ് തുടങ്ങിയതാണ് അദ്ദേഹം ചക്കയ്ക്കുവേണ്ടിയുള്ള നിശ്ശബ്ദപോരാട്ടം. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനായിട്ടായിരുന്നില്ല.

എല്ലാവര്‍ക്കും ഭക്ഷിക്കാവുന്ന വിഷമില്ലാത്ത ഒരു വസ്തുവിനെ എല്ലാവരും അകറ്റിനിര്‍ത്തുന്നത് കണ്ടപ്പോള്‍ അതിന്റെ കാരണം അന്വേഷിച്ച് ഇറങ്ങിയതാണ്. രാജ്യത്തിനുപുറത്ത് ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി പലയിടത്തും ചക്കയ്ക്ക് സ്വീകാര്യത ഉള്ളപ്പോള്‍ ഇവിടെ അത് പാര്‍ശ്വവത്കരിക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് ചക്കയുടെ മേന്മയെപ്പറ്റി പഠിക്കാന്‍ ഇറങ്ങിയത്. കിട്ടിയ വിവരങ്ങള്‍ തന്റെ കന്നഡ മാസികയിലൂടെ പങ്കുവെച്ചു. പക്ഷേ, ഭാഷയുടെ പരിമിതി ഉണ്ടായിരുന്നു. വിഷയം മാതൃഭൂമി ഏറ്റെടുത്തപ്പോഴാണ് അത് കേരളമാകെ ചര്‍ച്ച ചെയ്തതെന്ന് ശ്രീപദ്രെ പറയുന്നു. പിന്നീട് അത് വലിയ മുന്നേറ്റമായി മാറുകയായിരുന്നു. നവമാധ്യമങ്ങളും ഇതില്‍ നല്ല പങ്കുവഹിച്ചു.

Content highlights : Agriculture, Jack fruit

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram