'ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ' എന്നൊരു പഴമൊഴിയുണ്ട്. ചക്കക്കൂട്ടാന്റെ പ്രസക്തിയെ അത് വിളിച്ചോതുന്നു.
ഉത്സവപ്പറമ്പുകളില്‍ അറയുന്ന ചെണ്ടകള്‍ പറയുന്നത്:
'ചക്കപ്പട്ടര് ചത്തേപ്പിന്നെ
ചക്കപ്രഥമന്‍ വെച്ചിട്ടില്ല' എന്നല്ലേ.
അല്ലെങ്കിലും നമുക്ക് ചക്കപ്രഥമനൊക്കെ വെക്കാന്‍ എപ്പോഴാണു നേരം.
'പ്രഥമനമൃതിനെക്കാള്‍
വിശേഷം വിശേഷഃ'
എന്നാണ് ചക്കപ്രഥമന്‍ കഴിച്ച് അതിന്റെ രുചിയെക്കുറിച്ച് ഇരയിമ്മന്‍തമ്പി പ്രകീര്‍ത്തിച്ചിട്ടുള്ളത്.
തുള്ളല്‍ക്കൃതിയിലെ നമ്പ്യാരുടെ 'ഹിഡിംബവധ'ത്തില്‍ ദുര്യോധനന്‍ പാണ്ഡവരെപ്പറ്റി ധൃതരാഷ്ട്രരോടു പറയുന്ന സന്ദര്‍ഭത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്:
ചക്കപ്പഴമാരാന്‍ കൊണ്ട്വന്നാ-
ലൊക്കെ മുറിച്ചു ചെലുത്തും ഭീമന്‍
ചക്കച്ചോറും കാളന്‍ കറിയും
ചക്കച്ചകിണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങള്‍ക്കൊരു സുഖഭോജന-
മിക്കാലങ്ങളില്ലിഹ താത
മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി
ചേന വറുത്തും പയറു വറുത്തും
ചക്കപ്രഥമനടപ്രഥമന്‍ വിധ-
മൊക്കെപ്പറവാന്‍ നേരം പോരാ
(രുക്മിണീസ്വയംവരം)
പച്ചടികിച്ചടി വേപ്പില മാങ്ങ
ചക്കപ്രഥമനടപ്രഥമനും പുനഃ
(സീതാസ്വയംവരം)
എന്നിങ്ങനെയെല്ലാമാണ് മറ്റു കഥകളിലെ കുഞ്ചന്‍നമ്പ്യാരുടെ സദ്യാവര്‍ണനകള്‍.
സീതയ്ക്കു രാമനാര്?
ഒരു നാട്ടുപാട്ടിന്‍പ്രകാരം ശ്രീരാമനും സീതയും ചക്ക തിന്നിട്ടുണ്ട്. വനവാസകാലത്തെ അനുഭവമാണിതെങ്കില്‍ സ്വാഭാവികം മാത്രം. എന്നാല്‍ തുടര്‍ന്നുള്ള വരികളില്‍ ആ പാട്ടിനുചിതമായ കഥാസന്ദര്‍ഭം രാമായണം മുഴുവന്‍ പരതിയാലും നമുക്കു കണ്ടെത്താനാകില്ല. ഒരുപക്ഷേ, സീതയ്ക്കു രാമനാര്? എന്നു ചോദിച്ചയാള്‍തന്നെയാകാം ഇതിന്റെയും കര്‍ത്താവ്. പാട്ടിങ്ങനെ തുടങ്ങുന്നു,
നേരം വെളുത്തെന്നു സീത
ഒന്നും തിന്നാനുമില്ലെന്നു രാമന്‍
അപ്പോള്‍ വിഭീഷണന്‍ ചൊന്നാന്‍
രണ്ടു ചക്ക പറിച്ചങ്ങുതിന്നാന്‍.
ബ്രസീലില്‍ ചക്ക പുഴുങ്ങുന്ന രീതി വളരെ രസകരമാണ്. വലിയ ആഴമുള്ളതായ പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചക്ക മുഴുവനായി താഴ്ത്തിവെക്കുന്നു. അര മണിക്കൂറിനുശേഷം ചക്ക പുറത്തെടുത്ത് തോടു പൊളിച്ചുകളഞ്ഞ് ഭക്ഷിക്കുന്നു.
മലയാളനാടകവേദിയിലെ ആചാര്യന്മാരായ വി.ടിയും ജി. ശങ്കരപ്പിള്ളയും പ്രേംജിയും തോപ്പില്‍ ഭാസിയുമെല്ലാം അരങ്ങും അണിയറയും അടക്കിവാണിരുന്ന കാലത്ത് മലയാളനാടകത്തിന്റെ നാട്ടുമൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന തുപ്പേട്ടന്‍ രചിച്ച് പൊന്നാനി കലാസമിതി അവതരിപ്പിച്ചിരുന്ന ചക്ക എന്ന നാടകം ജനഹൃദയങ്ങളില്‍ അക്കാലത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
ഒരു കര്‍ഷക കഥാപാത്രം വലിയ ചക്ക കൊണ്ടുവന്ന് രംഗവേദിയില്‍ വെക്കുകയും പിന്നീട് ആ ചക്കയെ ചുറ്റിപ്പറ്റി കഥയും കൂടുതല്‍ കഥാപാത്രങ്ങളും വികസിച്ചുവരികയും പ്രകൃതിയും കൃഷിക്കാരനും പരിസ്ഥിതിയുമെല്ലാം സമന്വയിച്ചുകൊണ്ട് ചക്ക ഒരു ചോദ്യചിഹ്നമായി നാടകാന്ത്യംവരെ രംഗത്ത് വാഴുകയും ചെയ്യുന്നു. അതിമനോഹരമായ ആ നാടകം പഴയ ആളുകളുടെ സ്മരണകളില്‍ ഇന്നും നിലനില്ക്കുന്നു.
മരങ്ങളൊന്നുംതന്നെ വെറും മരങ്ങളല്ല. അവയ്ക്ക് സൂക്ഷ്മമായ സംവേദനക്ഷമതയുണ്ട്. അവകള്‍ക്കും ആത്മാവുണ്ട്.
Content highlights: Agriculture, Jackfruit