തൃശൂര്‍ നഗരത്തിലും ജില്ലയിലെ മറ്റുഭാഗങ്ങളിലും റോഡരികില്‍ വില്പനയ്ക്കുവെച്ച ചക്കക്കൂമ്പാരങ്ങള്‍ സ്ഥിരം കാഴ്ചയാണ്. ചെറിയ തുകയ്ക്ക് കരാറെടുത്ത് വീടുകളില്‍നിന്ന് ചക്കകള്‍ വാങ്ങി വില്ക്കുന്നവരാണ് ഭൂരിഭാഗവും. വീടുവെയ്ക്കുന്നതിനും മറ്റുമായി പറമ്പുകളിലെ പ്ലാവുകള്‍ വെട്ടിമാറ്റിയതോടെ നാട്ടിന്‍പുറങ്ങളിലും പ്ലാവ് വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. വിദേശത്തുനിന്ന് സംസ്‌കരിച്ച് പാക്കറ്റിലാക്കിവരുന്ന ചക്കയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. ശരീരത്തിനാവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളുംകൊണ്ട് സമ്പന്നമായ ഒരു നാടന്‍ ഫലമാണ് ചക്ക. ചുളയും കുരുവും ചവിണിയും തുടങ്ങിയ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടം. പല വീടുകളിലും പറമ്പുകളില്‍ ചീഞ്ഞളിയുകയാണ് ചക്കകള്‍.
ചക്കയെ മറന്ന മലയാളി കീടനാശിനികള്‍ തളിച്ച പഴവര്‍ഗ്ഗങ്ങള്‍ക്കൊപ്പം പിന്നാലെ പോവുകയാണ്. വിട്ടൊഴിയാതെ രോഗങ്ങള്‍ പിന്തുടരുമ്പോഴാണ് തൊടിയിലെ നാട്ടുഫലങ്ങളിലേക്ക് കണ്ണോടിക്കുന്നത്. ഫാസ്റ്റ്ഫുഡിന്റെ പിറകെ പാഞ്ഞ് അമിത കൊളസ്‌ട്രോളും പ്രമേഹവും ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങള്‍ സ്വന്തമാക്കുകയാണ്.
ചക്കയില്‍ ആന്റി ഓക്‌സിഡന്റുകളായ ജീവകം എയും സിയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. കൂടാതെ ചക്കയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള മൂലകങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പഴുക്കാത്ത പാകമായ ചക്ക കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് പലതരത്തില്‍ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചക്കയിലെ നാരുകള്‍ ഭക്ഷണത്തിലെ ഷുഗറിന്റെ ആഗിരണത്തെ നിയന്ത്രിക്കുന്നതിനു പുറമെ പ്രമേഹരോഗികളില്‍ സാധാരണയായി കാണുന്ന മലബന്ധത്തിനും പരിഹാരമാണ്. ചക്കവിഭവങ്ങള്‍ കഴിക്കുന്നവരില്‍ വയര്‍ നിറഞ്ഞതുപോലുള്ള സംതൃപ്തി രണ്ടുമണിക്കൂറിലേറെ നീണ്ടുനില്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പ്രമേഹരോഗികളിലെ അമിത വിശപ്പിനും പരിഹാരമാവും.
കഴിക്കാം, ചക്ക ഐസ്‌ക്രീം
തൃശ്ശൂര്‍ പൂരത്തിന്റെ സമയത്ത് തേക്കിന്‍കാട്ടില്‍ തമ്പടിച്ച ഐസ്‌ക്രീം വില്പനക്കാര്‍ക്കരികിലേക്ക് ചക്കയുടെ പുതുരുചി തേടി ഒഴുകിയെത്തിയവര്‍ക്ക് കണക്കില്ല. വാനില, സ്‌ട്രോബറി ഫ്‌ളേവറുകളേക്കാള്‍ കൂടുതല്‍ വിറ്റുപോയത് ചക്ക ഐസ്‌ക്രീമായിരുന്നുവെന്ന് വില്പനക്കാരനായ സന്ദീപ് പറഞ്ഞു. മറ്റ് ഐസ്‌ക്രീമുകളെ അപേക്ഷിച്ച് കട്ടിയുണ്ട് ഈ ഐസ്‌ക്രീമിന്. ഓറഞ്ച് നിറമാണതിന്. തൃശ്ശൂര്‍ പൂരത്തിന് മുമ്പും ചക്കഐസ്‌ക്രീം വില്പനയ്ക്കുണ്ടായിരുന്നുവെന്ന് മറ്റൊരു വില്പനക്കാരന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരമാണ് ഐസ്‌ക്രീമിനെ ഹിറ്റാക്കിയതെന്നു മാത്രം. ഐസ്‌ക്രീമിന് പുറമെ ചക്കവരട്ടിയും ചിപ്‌സും ചക്കപ്പപ്പടവും അച്ചാറും പുഡ്ഡിങ്ങും ചപ്പാത്തിയുമെല്ലാം വിപണിയില്‍ സുലഭമാണ്.
മാളയില്‍ സംസ്‌കരണ ഫാക്ടറി
സംസ്ഥാനത്തെ പ്രഥമ ചക്കസംസ്‌കരണ ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത് മാളയ്ക്കടുത്ത് പൊയ്യ പൂപ്പത്തിയിലാണ്. പൊതുമേഖലാസ്ഥാപനമായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് (കെയ്‌കോ) ഫാക്ടറി സ്ഥാപിച്ചത്. ചക്കയില്‍നിന്ന് ഹല്‍വ, ബിസ്‌ക്കറ്റ്, ജാം തുടങ്ങി പത്ത് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. ഫാക്ടറിയില്‍നിന്ന് ചക്കയ്ക്കു പുറമെ കൈതച്ചക്ക, മാങ്ങ, മറ്റ് പഴവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍നിന്നുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിക്കും. സംസ്‌കരിക്കുന്നതിനാവശ്യമായ ചക്കയെത്തിക്കുന്ന ഉത്പാദകര്‍ക്ക് മാന്യമായ വില ലഭിക്കുകയും ചെയ്യും. കഴിഞ്ഞ മാര്‍ച്ചിലാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
കുടിക്കാം ചക്ക ജ്യൂസ്
ചക്ക ജ്യൂസുണ്ടാക്കി കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുര്‍വേദ വിദഗ്ദ്ധര്‍ പറയുന്നു. പ്രമേഹരോഗികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ കുടിക്കാം. മൂപ്പെത്തിയ ചെറിയ മധുരമുള്ള ഒരു ചക്ക ചുളയും രണ്ട് നെല്ലിക്കയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കണം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേര്‍ക്കാം. പ്രമേഹരോഗികള്‍ പഞ്ചസാര ചേര്‍ക്കരുത്. ശുദ്ധമായ തേന്‍ ഉപയോഗിക്കാം. ജ്യൂസിന് ചെറിയതോതില്‍ പുളിപ്പ് കിട്ടുന്നതിനാണ് നെല്ലിക്ക ചേര്‍ക്കുന്നത്. കൂടാതെ ചക്കച്ചുള മാത്രമായും ഇതുപോലെ ജ്യൂസുണ്ടാക്കാം.
Content highlights: Jackfruit,Agriculture