പലതലമുറകള്‍ക്ക് അന്നവും താങ്ങും തണലും നല്‍കിയ കല്‍പ്പ വൃക്ഷമാണ് പ്ലാവ്. എന്നാല്‍ ഇത് പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. പുരാതന കാലം മുതല്‍ പ്ലാവിന്റെ പല ഭാഗങ്ങളും ഉപയോഗിച്ചിരുന്നു. അതിനാല്‍ പ്ലാവിന്റെ ഗുണഗണങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ വീട്ടുമുറ്റത്തും പ്ലാവുകള്‍ സമൃദ്ധമായിരുന്നു.
ചക്കയുടെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ കാരണം പ്ലാവ് നമ്മുടെ ആവാസവ്യവസ്ഥയുമായി ഏറെ ചേര്‍ന്നിരിക്കുന്നു. ചക്കയുടെ ഇത്തരത്തിലുള്ള വിശേഷ ഗുണങ്ങളെക്കുറിച്ചുള്ള അറിവ് പുതുതലമുറയ്ക്ക് ഇന്നും അന്യമാണ്. ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളും വൈവിധ്യമാര്‍ന്ന ഉപയോഗ രീതിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ അനന്തമായ വിപണന സാദ്ധ്യതകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ മേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പല വര്‍ഷങ്ങളിലായി ചക്ക മഹോത്സവം നടത്തിവരുന്നു. ഇതിലൂടെ ദൈനംദിന ജീവിതത്തില്‍ ചക്കയുടെ പ്രാധാന്യം അനുസ്മരിക്കപ്പെടുകയാണ്.
ചക്കയുടെ ഉത്പാദന- മൂല്യ വര്‍ദ്ധന- വിപണന മേഖലകള്‍ക്ക് ഉത്തേജനം പകരുന്നതിനും മറ്റുള്ളവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ചക്ക മഹോത്സവം വഴിയൊരുക്കുന്നു. മണ്ണിന്‍െ ഘടന, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ കേരളത്തിന്റെ സമ്പദ്ഘടനയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ ചക്കയുടെ ഉത്പാദനത്തെ പരിപോഷിപ്പിക്കുവാന്‍ സഹായിക്കും. കാലാവസ്ഥാ വ്യതിയാനം പോലും കാര്യമായി ബാധിക്കാത്ത ഒരു വൃക്ഷമാണ് പ്ലാവ്.
ചക്കയുടെ മൂല്യവര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന്റെ കാര്‍ഷികവരുമാനം വര്‍ദ്ധിപ്പിക്കാം എന്നുള്ള ഉള്‍ക്കാഴ്ച്ചകള്‍ കൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ചക്കയെ സംസ്ഥാന ഫലമായി (മാര്‍ച്ച് 2018) ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തിവരുന്ന ചക്ക മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ മുത്തശ്ശി പ്ലാവില്‍ തുടങ്ങി മത്സരങ്ങളില്‍ തുടരുന്നു. തനതായ ആര്‍ഷഭാരത സംസ്‌ക്കാരത്തെ ചക്ക മഹോത്സവവുമായി കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന ചടങ്ങാണ് 'മുത്തശ്ശി പ്ലാവിനെ' ആദരിക്കല്‍. ഇതിന്റെ ഭാഗമായി പ്രദേശത്ത് അറിയപ്പെടുന്ന ഏറ്റവും പ്രായംചെന്ന പ്ലാവിനോടുള്ള ആദരസൂചകമായി ആ പ്ലാവിനെ വണങ്ങുകയും അതിനു മുന്‍പില്‍ തിരിതെളിയിക്കുകയും ചെയ്യുന്നു.
ചക്ക ഉത്പാദനത്തില്‍ ഉത്തേജനം പകരുന്നതിനും മറ്റുള്ളവര്‍ക്ക് പ്രയോജനം നല്‍കുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച കര്‍ഷകനേയും സംരംഭകനേയും പാരിതോഷികം നല്‍കി ആദരിക്കുന്നു.
ചക്കയില്‍ നടന്നുവരുന്ന ഗവേഷണങ്ങളും മറ്റു ശാസ്ത്രീയ വശങ്ങളേയും ഏവരിലേക്കും പകരുന്നതിനായി നടത്തിവരുന്ന പരിപാടിയാണ് 'ചക്ക സിമ്പോസിയം'. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭരായ നൂറോളം ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ത്ഥികളും ചക്ക സിമ്പോസിയത്തില്‍ പങ്കെടുക്കുന്നു. ഇതിനോടനുബന്ധിച്ച് വിജ്ഞാനപ്രദമായ സെമിനാറുകളും നടത്തിവരുന്നു.
ചക്ക മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് ചക്ക സദ്യ. ഇരുപതോളം വിഭവങ്ങളടങ്ങിയ 'ചക്ക സദ്യ' ചക്ക മഹോത്സവത്തിന്റെ മുഖ്യ ഘടകമായി മാറിക്കഴിഞ്ഞു. ചക്കയുടെ സമ്പൂര്‍ണ്ണ മൂല്യവര്‍ദ്ധനവ് കണക്കിലെടുത്ത് സ്ത്രീകള്‍ക്കായുള്ള സൗജന്യ പരിശീലന പരിപാടികള്‍ നടത്തിവരുന്നു.
ചക്ക മഹോത്സവത്തോടനുബന്ധിച്ച് കര്‍ഷക കൂട്ടായ്മകളും മറ്റ് സംരംഭകരും ഒരുക്കുന്ന അഞ്ഞൂറോളം സ്റ്റാളുകള്‍ അടങ്ങിയ പ്രദര്‍ശനം കാണികള്‍ക്ക് നവീന ആശയങ്ങള്‍ പകരുന്നതിനും ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും വേദിയാകുന്നു. കൂടാതെ ചക്ക മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ മത്സരങ്ങളും അവയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കിവരുന്നു. ഇത്തരം മത്സരങ്ങള്‍ സംഘടിക്കുന്നതിലൂടെ വ്യക്തികളുടെ സര്‍ഗ്ഗ വാസന വളര്‍ത്തുന്നതിനോടൊപ്പം ചക്കയേയും പ്ലാവിനേയും കുറിച്ചുള്ള നല്ലൊരു ഉള്‍ക്കാഴ്ച രൂപപ്പെടുത്തിയെടുക്കാനും ചക്ക മഹോത്സവം ലക്ഷ്യം വയ്ക്കുന്നു.
വിദേശരാജ്യങ്ങളില്‍ ഉന്നത പദവി അലങ്കരിക്കുമ്പോഴും ജന്മ നാട്ടില്‍ വിസ്മരിക്കപ്പെട്ടുപോയ ചക്കയെ അതിന്റെ പ്രഥമസ്ഥാനത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ ചക്ക മഹോത്സവം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ജനസംഖ്യാ വര്‍ദ്ധനവ്, വിഭവ സമാഹരണത്തിലുള്ള അപര്യാപ്തത, എന്നിവ ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യതക്ക് പരിമിതികള്‍ സൃഷ്ടിക്കുന്നു. അനിയന്ത്രിതമായ കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന താപനിലയും പ്രവചനാതീതമായ മഴയും മലീമസമായ പ്രക്രൃതിയുമെല്ലാം ഇതിനകം കാര്‍ഷികമേഖലക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.
ഗോതമ്പ്, ചോളം, എന്നീ പ്രധാന വിളകളുടെ ഉല്‍പാദനത്തിലുണ്ടായ കുറവ് വരും ദിനങ്ങളില്‍ ഭക്ഷ്യ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ചക്ക പോലുള്ള ഫലങ്ങളുടെ പോഷകഗുണങ്ങള്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്ക ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. കാലാവസ്ഥാ വ്യതിയാനം പോലും കാര്യമായി ബാധിക്കാത്ത ഒരു വൃക്ഷമാണ് പ്ലാവ്. അതിനാല്‍ ഇത് നമ്മുടെ ഭക്ഷ്യ സുരക്ഷക്കുള്ള മാര്‍ഗ്ഗം കൂടിയായി ഉപയോഗിക്കാം.
Content highlights: Jack fruit, Agriculture, Organic farming