പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ആന്‍സി മാത്യു വ്യത്യസ്തമായ പരീക്ഷണവുമായി കടന്നു വന്നത്. ഇല മുതല്‍ ചക്കയുടെ മുള്ളു വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വളരെ ഭംഗിയായി ഇവര്‍ കാണിച്ചു തന്നു. മുന്നൂറോളം ചക്ക വിഭവങ്ങള്‍ സ്വയം കണ്ടെത്തി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് ആന്‍സി സ്വന്തമാക്കി. ചക്ക മടല്‍ വലിച്ചെറിയാന്‍ തോന്നുന്നതിന് മുമ്പ് ഇനി ഒരു വട്ടം ചിന്തിക്കുന്നത് നന്നായിരിക്കും. ചക്കക്കുരുവിനെ കളിയാക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്.
ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടതിനുശേഷം മറ്റൊരു പ്രധാന ചുവടുവെപ്പുമായി ആന്‍സി വീണ്ടും കടന്നുവരുന്നു. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചക്ക കൊണ്ട് മാന്ത്രികത സൃഷ്ടിക്കാന്‍ ഇത്തവണ കേരളത്തില്‍ നിന്ന് ആന്‍സി മാത്യു പോവുകയാണ്. കേരളത്തില്‍ ചക്ക വിഭവങ്ങളൊരുക്കി ശ്രദ്ധേയയായി മേളയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് ആന്‍സി മാത്യു.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള ലീ ഹോംസ്, മൊറോക്കോയിലെ ഹസ്സന്‍ മാസ്സോലി, ഈജിപ്തില്‍ നിന്നുള്ള ഡൈന അല്‍ ഡിഫ് തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ പതിനഞ്ചിലേറെ പാചക വിദഗ്ദ്ധരാണ് ഇത്തവണ ഒക്ടോബര്‍ 31ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിക്കുന്ന പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്.
' പത്ത് പതിനഞ്ച് ഏക്കര്‍ സ്ഥലമുള്ള വീട്ടിലെ പറമ്പില്‍ ഏതാണ്ട് മുപ്പതോളം പ്ലാവുകളുണ്ട്. ഇത് കണ്ടാണ് ഞാന്‍ വളരുന്നത്. ചെറുപ്പത്തില്‍ തന്നെ ചക്കയും ചക്കപ്പുഴുക്കും ചക്കക്കുരുവും മനസില്‍ കയറിയിരുന്നു. പാചകത്തിനോടും താത്പര്യമുണ്ടായിരുന്നു. വീട്ടുപറമ്പിലുണ്ടാകുന്ന ചക്ക പാഴായിപ്പോകാതിരിക്കാനാണ് ആദ്യമായി ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചത്.' ചക്കയുടെ കൂഞ്ഞില്‍ കൊണ്ട് തോരന്‍,കട്‌ലറ്റ് എന്നിവയുണ്ടാക്കാം. പഴുക്കാന്‍ തുടങ്ങിയ ചക്കയുടെ മടല്‍ ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം. പച്ചച്ചക്കയുടെ ചവിണി കൊണ്ട് ചക്ക മിക്‌സ്ചര്‍,ചവിണിത്തോരന്‍ എന്നിവയുണ്ടാക്കാമെന്നും ആന്‍സി കണ്ടെത്തിയിരിക്കുന്നു.
'കേക്ക് ഉണ്ടാക്കാന്‍ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ചൂടേ എന്നാണ് ഞാന്‍ ചിന്തിച്ചത്.ആനിയ്ക്ക കുരുവിന്റെ പൊടിയായിരുന്നു ആദ്യം ഞാന്‍ തീരുമാനിച്ചത്. അത് നടുവേദന കുറയ്ക്കാന്‍ ഉത്തമമാണ്. ആനിയ്ക്ക കുരു പൊടിച്ചപ്പോള്‍ കേക്ക് ഉണ്ടാക്കാന്‍ മാത്രമുള്ള പൊടി കിട്ടിയില്ല. അപ്പോളാണ് ചക്കക്കുരുവും പച്ചച്ചക്കയും ഉണക്കിപ്പൊടിച്ച് കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. വളരെ രുചികരമായിരുന്നു ഇത്. മൈദ കൊണ്ടുണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ചക്ക കൊണ്ടും ഉണ്ടാക്കാമെന്ന് ഞാന്‍ മനസിലാക്കി.
പ്രമേഹ രോഗികള്‍ക്കൊരു പാചക വിധി
മൂന്ന് മാസം പ്രായമുള്ള കൊത്തച്ചക്ക ( ടെന്‍ഡര്‍ ജാക്ക്ഫ്രൂട്ട്) ഉണക്കി പൊടിച്ചതില്‍ ഒലീവ് ഇല ഉണക്കിപ്പൊടിച്ചതും ചേര്‍ക്കുക. 10 ദോശയുണ്ടാക്കാനുള്ള മാവില്‍ രണ്ടു സ്പൂണ്‍
ഈ മിശ്രിതം ചേര്‍ത്താല്‍ ഷുഗര്‍ ഗണ്യമായി കുറയും
'സ്വന്തം വീട്ടില്‍ ആണ് ആദ്യം പരീക്ഷണങ്ങള്‍ നടത്തിയത്. ആ പരീക്ഷണങ്ങള്‍ എട്ടു വര്‍ഷങ്ങളായി തുടരുകയാണ്. ഒരുപാട് ആളുകള്‍ക്ക് ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം നല്‍കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ 3,4,5 തിയതികളില്‍ ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യാ മീറ്റില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് പലരും പരിശീലനം നല്‍കാനായി എന്നെ വിളിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ചിലര്‍ കേരളത്തില്‍ വരുന്നുണ്ട്.
ഞാന്‍ തന്നെ പരിശീലനം നല്‍കിയവരില്‍ വളരെ നന്നായി വിഭവങ്ങള്‍ തയ്യാറാക്കുന്നവര്‍ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ജോലി ഏല്‍പ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങളായി. കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരണം.
കൂടുതല്‍ ഡിമാന്റുള്ള വിഭവങ്ങള്‍
വിദേശത്ത് പോകുന്നവര്‍ക്ക് ചക്ക ഉണക്കിയതാണ് വേണ്ടത്. ചക്ക വരട്ടി, ഹല്‍വ എന്നിവയും കൂടുതലായി വില്‍ക്കപ്പെടുന്നുണ്ട്. ദോശമാവിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനുള്ള ചക്കപ്പൊടിക്കും ആവശ്യക്കാര്‍ കൂടുതലുണ്ട്.
ചക്കമുള്ള് വെറും മുള്ളല്ല
മുള്ള് നന്നായി കഴുകി ഉണക്കി രാമച്ചവും പച്ചമല്ലിയും 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് വെന്ത വെള്ളം കുടിച്ചാല്‍ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ മാറും. ഇത് നല്ലൊരു ദാഹശമനി കൂടിയാണെന്ന് ആന്‍സി പറയുന്നു.
ചക്കയ്ക്കും വേണം സ്ഥാനം
സംസ്ഥാന ഫലമായി ചക്ക അംഗീകരിക്കപ്പെട്ടെങ്കിലും ഈ ഫലം വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുന്നില്ലെന്നൊരു സങ്കടം ആന്‍സിക്കുണ്ട്.
'ഇപ്പോഴത്തെ തലമുറയോട് ചക്കപ്പുഴുക്ക് കഴിക്കാന്‍ പറഞ്ഞാല്‍ അവര്‍ കഴിച്ചെന്ന് വരില്ല. രാവിലെ എഴുന്നേറ്റ് ചക്ക വെട്ടിയുണ്ടാക്കി ജോലിക്ക് പോകാന്‍ സ്ത്രീകള്‍ക്കും കഴിയില്ല. കുട്ടികള്‍ക്കാണെങ്കില്‍ പാസ്ത,നൂഡില്‍സ് എന്നീ വിഭവങ്ങളോടാണ് താത്പര്യം. മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിച്ച് ഇവയുണ്ടാക്കി വിപണിയില്‍ എത്തിക്കാന്‍ നമുക്ക് കഴിയണം. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടമുള്ള ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കാനും വിറ്റഴിക്കാനും സര്‍ക്കാരിന്റെ പ്രോത്സാഹനം കൂടി വേണം.
ജാം, സ്‌ക്വാഷ് എന്നിവ മധുരമാണ്. എല്ലാവര്‍ക്കും അത് കഴിക്കാന്‍ താത്പര്യമുണ്ടാകില്ല. ആരോഗ്യപരമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള യന്ത്രസംവിധാനങ്ങളും അവസരങ്ങളും കേരളത്തിലുണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്.'
Content highlights: Jackfruit, Agriculture, Organic fartming, Ancy Mathew, Umiversal record forum, Asian record