വാഴക്കൃഷിയുടെ പ്രധാനശത്രുവാണ് നിമ വിരകള്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രം ഈയിടെ നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍. നിമ വിരകളെ കണ്ണുകൊണ്ടു നേരിട്ടുകാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ആക്രമണം പലപ്പോഴും തിരിച്ചറിയാറുമില്ല.
കണ്ണാറ വാഴഗവേഷണകേന്ദ്രത്തിലെ കീട ശാസ്ത്രവിഭാഗത്തിലെ ഡോ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ മൂന്നു തരം നിമ വിരകളുടെ ആക്രമണം പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഭാരതീയ ഗവേഷണ കൗണ്‍സില്‍- ദേശീയ ഫലവര്‍ഗ ഏകോപന ഗവേഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പഠനപരിപാടിയില്‍ വേരുബന്ധക, വേരുതുരപ്പന്‍, വേരുചീയല്‍ എന്നീ മൂന്നു നിമകളെയാണ് കണ്ടെത്തിയത്.
വേരുബന്ധക നിമ വിര: മെയോയ്ഡോഗൈനി ഇന്‍ കോഗ്‌നിറ്റ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇത്തരം നിമകള്‍ മിക്ക വാഴത്തോട്ടങ്ങളിലും കാണാറുണ്ട്. നല്ല വളപ്പൊലിമയില്‍ നില്ക്കുന്ന വാഴകളുടെ ഇലകള്‍ മഞ്ഞളിച്ച് വാടിനില്ക്കുന്നതാണ് ഈ നിമ വിരകളുടെ ആക്രമണത്തിന്റെ അവസാനഘട്ടം.
വേരുതുരപ്പന്‍ നിമ വിര: റാഡോഫോളസ് സിമിലിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇത്തരം നിമ വിരകള്‍ വാഴയുടെ വേരുകളുടെ ഉള്‍ഭാഗം തിന്ന് അവ പൊള്ളയാക്കി അടുത്തടുത്ത വേരുകളിലേക്കും കടന്നുകൂടി അവയും നശിപ്പിക്കും. ഈ വേരുകളുടെ പുറംതൊലി കൈയുറപോലെ വലിച്ചൂരിയെടുക്കാന്‍ സാധിക്കുകയും നടുഞരമ്പ് അവിടെ നില്ക്കുകയും ചെയ്യും. വേരുകള്‍ നഷ്ടപ്പെട്ട വാഴകള്‍ ഒരു ചെറു കാറ്റില്‍ പോലും നിലംപതിക്കും.
വേരുചീയല്‍ നിമവിര: പ്രാട്ടെലെന്‍കസ് കോഫിയേ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ നിമകള്‍ വേരുകള്‍ പൊള്ളയാക്കി ഒടുവില്‍ മാണത്തിലെത്തി അതും കാര്‍ന്നുതിന്നാന്‍ തുടങ്ങും. നിമ ബാധയേറ്റ വേരുകള്‍ ചുവന്ന വ്രണമായി ജീര്‍ണിച്ച് നശിക്കുന്നു. മാണം അഴുകലിലേക്കു നയിക്കുന്ന ഫ്യൂസേറിയം കുമിള്‍ രോഗമായി മാറാനും ഇടയുണ്ട്.
നിമയുടെ നിയന്ത്രണ മാര്‍ഗങ്ങള്‍
1. മണല്‍ കലര്‍ന്ന മണ്ണിലാണ് നിമയുടെ ആക്രമണം കൂടുതലും. അത്തരം മണ്ണില്‍ നന്നായി ജൈവ വളങ്ങള്‍ നല്‍കണം
2. ശീമക്കൊന്നയില, കമ്യൂണിസ്റ്റ് പച്ച എന്നിവ അടിവളമായും, ഇടയ്ക്കിടയ്ക്ക് മണ്ണടുപ്പിക്കല്‍ നടത്തുമ്പോഴും ഇട്ടുകൊടുക്കുക.
3.മിത്ര കുമിള്‍ കള്‍ച്ചറായ പേസിലോ മൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കിടയ്ക്ക് വാഴ ചുവട്ടില്‍ ഒഴിക്കുക.
4.വാഴത്തോട്ടത്തില്‍ നെടുകെയും കുറുകെയും ബന്ദിപ്പൂ നട്ടു വളര്‍ത്തുക
5.ആവര്‍ത്തന കൃഷി , കുറ്റിവിളക്കൃഷി എന്നിവ ഒഴിവാക്കുക
6.വാഴക്കന്നുകള്‍ നന്നായി ചെത്തിയൊരുക്കി ചാണകപ്പാലില്‍ മുക്കി ഉണക്കി നടുക
7.ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ തിളച്ച വെള്ളത്തില്‍ 30 സെക്കന്റ് മുക്കിയെടുക്കുകയോ , 50 ഡിഗ്രി ചൂടുവെള്ളത്തില്‍ 15 മുതല്‍ 20 മിനിട്ടു നേരം മുക്കി വച്ചിട്ടോ നടുക
8.മിത്ര കുമിളായ പേസിലോമൈസസ് ലൈലാസിനസും സ്യൂഡോമോണാസ് ഫ്‌ളൂറിസെന്‍സും 12.5 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കിടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക
9.കാര്‍ട്ടാപ്പ് എന്ന കീടനാശിനി 20 ഗ്രാം വീതം തടത്തിലിട്ട് ജലസേചനം നല്‍കുന്നതിനാല്‍ നിമകളെ നൂറ് ശതമാനം ഒഴിവാക്കാവുന്നതാണ്