ചക്കയ്ക്ക് വേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടം


സുരേന്ദ്രന്‍ ചീക്കിലോട്

3 min read
Read later
Print
Share

2018 മാര്‍ച്ച് 21-ന് നിയമസഭയില്‍വെച്ച് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. 340 വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച പോര്‍ച്ചുഗീസ് ഗ്രന്ഥമായ 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകത്തില്‍ ചക്കയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

'വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കു'മെന്നാണല്ലോ ചൊല്ല്. വേണമെങ്കില്‍ ചക്കയ്ക്ക് കേരളത്തിന്റെ ഔദ്യോഗിക ഫലവുമാവാമെന്ന പുതിയ ചൊല്ലാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തിലെ കൃഷി വകുപ്പുമന്ത്രി വി.എസ്. സുനില്‍കുമാര്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 21-നായിരുന്നു ഇത്.

ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ചക്കയെ കേരളത്തിന്റെ 'ബ്രാന്‍ഡ്' ഉത്പന്നമായി അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം. ചക്കയുടെ ഉത്പാദനവും വിപണനവും വര്‍ധിപ്പിച്ച് പ്രതിവര്‍ഷം 15000 കോടി രൂപയുടെ വരുമാനമുണ്ടാക്കാനുള്ള ഒരു ബൃഹത് പദ്ധതിക്കാണ് കേരള സര്‍ക്കാര്‍ തുടക്കമിടുന്നത്. ആവശ്യമുള്ള ആര്‍ക്കു വേണമെങ്കിലും പ്ലാവില്‍ കയറി ചക്ക പറിച്ചുകൊണ്ടുപോയി വിശപ്പടക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ പല നാട്ടിന്‍പുറങ്ങളിലും നിലവിലുണ്ടായിരുന്നു. നിസ്സാരമായ തുക നല്‍കി ഗ്രാമങ്ങളില്‍നിന്ന് ചക്കകള്‍ കൂട്ടത്തോടെ സമാഹരിച്ച് തമിഴ്നാട്ടിലേക്കും മറ്റും കയറ്റിയയച്ച് വന്‍ ലാഭമുണ്ടാക്കുന്ന ഇടനിലക്കാരും കുറവായിരുന്നില്ല. ചക്കയില്‍നിന്ന് ചക്കപ്പൊടി, ചക്കപ്പള്‍പ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വിപണനംചെയ്യാന്‍ തുടങ്ങിയതോടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചക്കയുടെ 50 ശതമാനത്തിലേറെയും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചക്കയ്ക്ക് വേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടം

ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡുള്ള ചക്ക അതിന്റെ ഈറ്റില്ലമായ ഇന്ത്യയിലെ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അവഗണിക്കപ്പെടുന്നത് കണ്ട് അതിന്റെ കാരണമന്വേഷിച്ചിറങ്ങുകയായിരുന്നു വടക്കന്‍ കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ശ്രീപദ്രെ. നീണ്ട പത്തുവര്‍ഷമായി അദ്ദേഹം നടത്തുന്ന പോരാട്ടത്തിന്റെ ഫലപ്രാപ്തികൂടിയാണ് ഇപ്പോഴത്തെ ഔദ്യോഗിക പ്രഖ്യാപനം. ചക്കയുടെ ഗുണമേന്മകളെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് അദ്ദേഹം 'അഡികെ പത്രികെ' എന്ന കന്നഡ മാസികയില്‍ നിരന്തരമായി ലേഖനങ്ങളെഴുതി.

തിരുവനന്തപുരത്തെ ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, മൈക്രോസോഫ്റ്റ് മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫ്, ആറന്മുള പൈതൃക പഠനകേന്ദ്രം, പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രം, സുഭാഷ് കോറോത്തിന്റെ നേതൃത്വത്തിലാരംഭിച്ച ആര്‍ട്ടോ കാര്‍പ്പസ് കമ്പനി തുടങ്ങിയവയുടെ ഇടപെടലുകളും ചക്കയെ പഞ്ചനക്ഷത്ര പദവിയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചു. ഇപ്പോള്‍ സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ അമ്പലവയലില്‍ ചക്കയുടെ വിപണനസാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചുകഴിഞ്ഞു.

ചക്കയുടെ ചരിത്രവഴികള്‍

ചക്കയുടെ ജന്മദേശം ഭാരതം തന്നെയായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. 6000 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഭാരതത്തില്‍ പ്ലാവുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. വരാഹമിഹിരന്‍ (ബി.സി. 500) ബൃഹത് സംഹിതയില്‍ പ്ലാവുകളുടെ ഗുണമേന്മയെക്കുറിച്ചും പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും വിവരിക്കുന്നു. അശോകചക്രവര്‍ത്തി യാത്രക്കാര്‍ക്ക് വിശപ്പടക്കാനും തണലൊരുക്കാനുമായി നാട്ടിലുടനീളം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. 340 വര്‍ഷംമുന്‍പ് പ്രസിദ്ധീകരിച്ച പോര്‍ച്ചുഗീസ് ഗ്രന്ഥമായ 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകത്തില്‍ ചക്കയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ശ്രീലങ്ക, മ്യാന്‍മാര്‍, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ചക്ക ഉത്പാദിപ്പിച്ചിരുന്നു. തായ്ലാന്‍ഡ്, വിയറ്റ്‌നാം, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്‍ഡൊനീഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ചക്ക ഉത്പാദിപ്പിക്കുന്നുണ്ട്. ത്രിപുര, ഒഡിഷ, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവയാണ് ഇന്ത്യയില്‍ ചക്ക ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ ചക്ക ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം ത്രിപുരയ്കാണെങ്കില്‍, കേരളത്തില്‍ ചക്ക ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്കാണ്.

പ്ലാവും ചക്കയും

കാര്യമായ പരിചരണമോ വളപ്രയോഗമോ ഇല്ലാതെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വളരുന്ന ഒരു വൃക്ഷമാണ് പ്ലാവ്. പ്ലാവ് നടാന്‍ ഏറ്റവും പറ്റിയ സമയം ഇടവപ്പാതിയുടെ തുടക്കത്തിലാണ്. തൈനട്ട് ചക്ക കായ്ച്ച് തുടങ്ങാന്‍ ഏതാണ്ട് എട്ടുവര്‍ഷം വരെയെടുക്കും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് പൊതുവേ ചക്കയുടെ വിളവെടുപ്പുകാലം. ഒരു പ്ലാവില്‍ നിന്ന് 50 മുതല്‍ 100 വരെ ചക്കകള്‍ കിട്ടും. പണ്ടുകാലങ്ങളില്‍ ചക്കസീസണില്‍ ജനങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു ചക്ക. ചക്കയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കത്തോരന്‍, ചക്കക്കറികള്‍, അവിയല്‍, ചക്കക്കുരു ഉപ്പേരി, ചക്കക്കൂഞ്ഞ് തോരന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളാണ് ചക്കകൊണ്ടുണ്ടാക്കുന്നത്.

ചിപ്‌സ് മുതല്‍ ബിസ്‌കറ്റ് വരെ

ചക്ക ചിപ്‌സും ചക്കവരട്ടിയും മുതല്‍ ചക്ക ജൂസും ചക്ക ബിസ്‌കറ്റും വരെയുള്ള നിരവധി ചക്ക ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ചക്കകൊണ്ടുള്ള വിവിധതരം പാനീയങ്ങള്‍ക്കും ക്രീമുകള്‍ക്കും ഐസ്‌ക്രീമുകള്‍ക്കും പുറമേ ക്യാന്‍ഡി, ഫ്രൂട്ട്ബാര്‍, ഫ്‌ലേക്ക് തുടങ്ങി നിരവധി ബേക്കറി പലഹാരങ്ങള്‍ ചക്കച്ചുളയും ചക്കക്കുരുവും ഉപയോഗിച്ച് നിര്‍മിക്കുന്നുണ്ട്.

സ്റ്റാര്‍ ഹോട്ടലിലെ പുതിയ അതിഥി!

സ്റ്റാര്‍ ഹോട്ടലുകളിലെ മെനുവില്‍ പുത്തന്‍ അതിഥിയായി ചക്കപ്പുഴുക്ക് സ്ഥാനം പിടിച്ചിരിക്കുന്നു. മെനു പരതുമ്പോള്‍ ജാക് ജാഗറി സ്വീറ്റ്‌സ്, സ്‌പൈസി ജാക്ക് റോസ്റ്റ്, ഗോള്‍ഡന്‍ ജാക്‌സ് മിക്‌സ്ചര്‍ എന്നൊക്കെ കാണുമ്പോള്‍ ഞെട്ടേണ്ട! കനത്ത വില കൊടുത്താല്‍ കിട്ടുന്ന ഇത് നമ്മുടെ ചക്ക വിഭവങ്ങളില്‍ ചിലത് മാത്രമാണ്.

ജാക് ഫ്രൂട്ട് 365

വര്‍ഷത്തില്‍ 365 ദിവസവും ചക്ക ലഭ്യമാക്കാനായി മൈക്രോസോഫ്റ്റ് മുന്‍ ഡയറക്ടറായിരുന്ന ജെയിംസ് ജോസഫ് ആരംഭിച്ച വ്യവസായ സംരംഭമാണ് ജാക് ഫ്രൂട്ട് 365. ചക്കസീസണില്‍ പരമാവധി ചക്കകള്‍ സംഭരിച്ച് പ്രത്യേകം തയ്യാറാക്കിയ യന്ത്രമുപയോഗിച്ച് ചക്കച്ചുളകള്‍ വേര്‍തിരിച്ച് ജലാംശം വറ്റിച്ച് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇങ്ങനെ ഉണക്കിയ ചക്ക വെള്ളത്തിലിട്ട് കുതിര്‍ത്താല്‍ സാധാരണ ചക്കച്ചുളയായി മാറും.

ചക്കയെക്കുറിച്ച് അന്വേഷിക്കാം

നിങ്ങളുടെ പ്രദേശത്ത് ചക്കയെക്കുറിച്ച് അന്വേഷിച്ച് കുറിപ്പ് തയ്യാറാക്കൂ. ഏതാനും കൂട്ടുകാരെയും വിളിച്ച് പ്രദേശത്തെ പ്രായമുള്ള ആളുകളോട് അന്വേഷിച്ച് വിവരങ്ങള്‍ പുസ്തകത്തില്‍ കുറിച്ചിടണം. ചക്കയുടെ വിവിധ ഭാഗങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്ത് നിലനില്‍ക്കുന്ന പേരുകള്‍ ഏതൊക്കെ? പ്ലാവുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്ന മാറ്റം. പ്രദേശത്ത് തയ്യാറാക്കുന്ന ചക്കവിഭവങ്ങള്‍ എന്തൊക്കെയാണ്? കുടില്‍വ്യവസായമായോ മറ്റോ വാണിജ്യപരമായി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ? ചക്കയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ഏതൊക്കെ? ചക്കയുമായി ബന്ധപ്പെട്ട കടങ്കഥകള്‍ ഏതൊക്കെ?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram