കൊച്ചി: കേരളത്തിലെ തേയിലത്തോട്ടത്തില്‍ വളര്‍ന്ന മുന്തിയ ഇനം ഇലത്തേയിലയ്ക്ക് കിലോയ്ക്ക് 4,601 രൂപ. ടാറ്റാ ഗ്രൂപ്പിന്റെ പച്ചമലൈ എസ്റ്റേറ്റിലെ 'സില്‍വര്‍ ടിപ്സ്' എന്ന ഓര്‍ത്തഡോക്‌സ് ഇനം തേയിലയാണ് പൊന്നുംവിലയ്ക്ക് വിറ്റത്. കേരളത്തില്‍ നിന്നുള്ള ഒരു തേയിലയ്ക്ക് ഇത്രയുമധികം വില കിട്ടുന്നത് ഇതാദ്യമാണ്.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെ തേയില ലേല കേന്ദ്രത്തില്‍ ചൊവ്വാഴ്ച നടന്ന ലേലത്തില്‍ ബ്ലൂ മൗണ്ടന്‍ എന്ന സ്ഥാപനമാണ് തേയില ലേലത്തിലെടുത്തത്. മൊത്തം ഏഴു കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മുഴുവനായി ബ്ലൂ മൗണ്ടന്‍ തന്നെ ലേലംകൊണ്ടു. പാരമൗണ്ട് ടീ മാര്‍ക്കറ്റിങ് കമ്പനിയായിരുന്നു തേയില ലേലത്തില്‍ വച്ചത്.
സമ്പന്ന കുടുംബങ്ങളില്‍ ഉപയോഗിക്കുന്ന ഓര്‍ത്തഡോക്‌സ് ഇനം തേയിലകളില്‍ പ്രധാനപ്പെട്ടതാണ് സില്‍വര്‍ ടിപ്സ്. ഉണക്കുമ്പോള്‍ വെള്ളി നിറമുണ്ടാകുന്നതിനാലാണ് ഇതിന് സില്‍വര്‍ ടിപ്സ് എന്ന പേരു വീണത്. 'വൈറ്റ് ടീ' എന്ന പേരിലും ഈ തേയില അറിയപ്പെടുന്നുണ്ട്. വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്നതിനാലാണ് ഇതിന് ഇത്ര ഉയര്‍ന്ന വില ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരം തേയിലയ്ക്ക് മികച്ച വിപണിയാണ് ഉള്ളത്.
Content highlights : Tea, Agriculture, Organic farming