മല്ലിയിലയിലും കറിവേപ്പിലയിലും മുളകു പൊടിയിലും വീണ്ടും കീടനാശിനി


മല്ലിയില, കറിവേപ്പില, പുതിനയില, മുളകുപൊടി, ജീരകം എന്നിവയിലാണ് 'പ്രൊഫനഫോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തിയത്

കൊച്ചി: പച്ചക്കറിയിലും പലവ്യഞ്ജനത്തിലും വീണ്ടും ഉഗ്രവിഷമുള്ള കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പനയ്ക്കു വെച്ചിരുന്ന മല്ലിയില, കറിവേപ്പില, പുതിനയില, മുളകുപൊടി, ജീരകം എന്നിവയിലാണ് 'പ്രൊഫനഫോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തിയത്. 2011 -ല്‍ കേരളം നിരോധിച്ച കീടനാശിനിയാണിത്. എന്‍ഡോസള്‍ഫാനും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്.

കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കീടനാശിനിസാന്നിധ്യം കണ്ടെത്തിയത്. മുമ്പു നടത്തിയ പരിശോധനകളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന പല പച്ചക്കറികളിലും പലവ്യഞ്ജനങ്ങളിലും പഴങ്ങളിലും രാസകീടനാശിനിയുണ്ടെന്നാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

*ചീരയില്‍ ഒന്നിലധികം കീടനാശിനികള്‍

എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പച്ചക്കറിക്കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിച്ച ചുവപ്പുചീര, ബ്രോഡ് ബീന്‍സ്, മഞ്ഞ കാപ്സിക്കം, സാമ്പാര്‍ മുളക്, മല്ലിയില, കറിവേപ്പില, പുതിനയില, പാര്‍സ്ലി, ബജി മുളക്, ചുവപ്പു കാപ്സിക്കം, എന്നിവയുടെ സാമ്പിളുകളില്‍ ഒന്നിലധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടു.

തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച അയമോദകം, ഏലയ്ക്ക, വറ്റല്‍മുളക്, മുളക്പൊടി, മല്ലിപ്പൊടി, ചതച്ചമുളക്, ജീരകപ്പൊടി, ജീരകം, ഉലുവയില എന്നിവയിലും ഒന്നിലധികം കീടനാശിനികള്‍ ഉണ്ടായിരുന്നു.

ഇക്കോഷോപ്പ് ഭേദം

കൊല്ലം, മലപ്പുറം, ആലപ്പുഴ നഗരങ്ങളില്‍ കൃഷിഭവനുകളുടെ ഇക്കോഷോപ്പുകളിലെ പതിനഞ്ചിനം പച്ചക്കറികള്‍ പരിശോധിച്ചപ്പോള്‍ പാവക്കയില്‍ മാത്രമാണ് കീടനാശിനി കണ്ടത്. ഇടുക്കി, കാസര്‍കോട്, മലപ്പുറം, പാലക്കാട് കൃഷിഭവനുകളുടെ ഇക്കോഷോപ്പുകളിലെ പത്തിനം പഴവര്‍ഗങ്ങള്‍ പരിശോധിച്ചു. കീടനാശിനിയുടെ സാന്നിധ്യം മൂവാണ്ടന്‍ മാമ്പഴത്തിലേ കണ്ടുള്ളൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram