കോട്ടയം: സംസ്ഥാനത്തെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ലിന്റെ പണം നല്‍കാന്‍ മെച്ചപ്പെട്ട ക്രമീകരണമായി. അടുത്ത വിളവെടുപ്പ് സീസണ്‍മുതല്‍ ഇത് നടപ്പാകും.
സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് രസീത് നല്‍കും. ഇത് അതത് സ്ഥലങ്ങളിലെ പാഡി പേയ്മെന്റ് ഓഫീസര്‍ക്ക് കര്‍ഷകര്‍ നല്‍കണം. രസീത് നല്‍കുന്നതിന്റെ നാലാംനാള്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തുന്നതാണ് പദ്ധതി. കര്‍ഷകരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്.
പദ്ധതി നടത്തിപ്പിന് അഞ്ച് ബാങ്കുകളുമായി സപ്ലൈകോ ധാരണയിലെത്തി. കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, തൃശ്ശൂര്‍, പാലക്കാട് ജില്ലാ സഹകരണബാങ്കുകള്‍ എന്നിവയുമായാണ് ധാരണ. നേരത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മുറയ്ക്ക് മാത്രമാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് സപ്ലൈകോ തുക നല്‍കിയിരുന്നത്.
പുതിയ ധാരണയനുസരിച്ച് 2020 സെപ്റ്റംബര്‍വരെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി പണം നല്‍കും. പണം ഇവര്‍ വായ്പയായാണ് നല്‍കുന്നതെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ പേരില്‍ ചെലവുണ്ടാകില്ല. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ പണം നല്‍കാന്‍ താമസം വന്നത് പരാതികള്‍ക്കിടയാക്കിയിരുന്നു. ആ സീസണില്‍ സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് നല്‍കാന്‍ ലഭ്യമായിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ 85 ശതമാനത്തിന്റെയും തുക കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. 2016 ഒക്ടോബര്‍ മുതല്‍ 2017 സെപ്റ്റംബര്‍വരെ 4.52 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനത്ത് സംഭരിച്ചത്.
വിളവെടുപ്പു സീസണാകുമ്പോള്‍ നെല്ലിന്റെ വിലയിടിയുന്നത് പതിവായിരുന്നു. ഇടനിലക്കാരുടെ ഇത്തരം ചൂഷണങ്ങളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് നെല്ല് സംഭരണം ആരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നായിരുന്നു സംഭരണം. ഒരു കിലോഗ്രാം നെല്ലിന് കേന്ദ്രസര്‍ക്കാര്‍ 14.70 രൂപയും സംസ്ഥാന സര്‍ക്കാര്‍ 7.80 രൂപയുമാണ് നല്‍കുന്നത്. അങ്ങനെ 22.50 രൂപ കര്‍ഷകര്‍ക്ക് കിട്ടിയിരുന്നു.