മലമ്പുഴ: കൂട് മത്സ്യ (കേജ് കൾച്ചർ) കൃഷിയിൽ നൂറുമേനി കൊയ്തെടുക്കാൻ ഒരുങ്ങുകയാണ് മലമ്പുഴയിലെ ഫിഷറീസ് വകുപ്പും മത്സ്യബന്ധനത്തൊഴിലാളികളും. മത്സ്യോത്‌പാദനം വർധിപ്പിച്ച് രാസവസ്തുക്കളോ വിഷാംശങ്ങളൊ ഉപയോഗിക്കാതെ ശുദ്ധജല മത്സ്യം ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യം. മലമ്പുഴ ശുദ്ധജലാശയത്തിന് നടുവിലായി 72 ഓളം മത്സ്യക്കൂടുകളിലാണ് കൃഷി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൻ ഇപ്പോൾ പതിനഞ്ചോളം കൂടുകളിലായി 75,000-ത്തോളം ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങളാണ് വില്പനയ്ക്കായി ഒരുങ്ങുന്നത്. 210 ദിവസമാണ് വളർച്ചാപ്രായം. 90 ദിവസത്തോളം പ്രായമായ മത്സ്യക്കുഞ്ഞുങ്ങളാണ് ഇപ്പോഴുള്ളത്. നാലുമാസംകൂടി കഴിഞ്ഞാലാണ് വിളവെടുപ്പ്. നിലവിലുള്ള മത്സ്യവില്പനശാലയിലൂടെയായിരിക്കും വിപണനം.
കേന്ദ്ര ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പും ഫിർമ എന്ന ഏജൻസിയും മലമ്പുഴ മത്സ്യതൊഴിലാളി സംഘവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജലാശയത്തിനുമുകളിൽ പാറിക്കിടക്കുന്ന കൂടുകൾക്ക് ഓരോന്നിനും ആറുമീറ്റർ നീളവും നാലുമീറ്റർ വീതിയും അഞ്ചുമീറ്റർ താഴ്ചയുമാണുള്ളത്. ആറ് നങ്കൂരങ്ങളിട്ടാണ് കൂടുകൾ ഉറപ്പിച്ചിരിക്കുന്നത്. വല്ലാർപ്പാടത്തുനിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്.
സർക്കാർ അംഗീകാരമുള്ള കമ്പനിയിൽനിന്ന് ഗ്രൊഫൈൻ എന്ന സമീകൃത മത്സ്യത്തീറ്റയാണ് ഇവയ്ക്ക് നൽകുന്നത്. മത്സ്യക്കൃഷി നടത്തുന്നിടത്തേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിനും മറ്റുമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു.
അഞ്ച് പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും ജനങ്ങൾ കുടിവെള്ളത്തെ ആശ്രയിക്കുന്നത് ഈ ജലാശയത്തെയാണെന്നതിനാൽ തന്നെ ആഴ്ചയിലൊരുതവണ ജലപരിശോധന നടത്തുന്നുമുണ്ട്. അഞ്ച് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു.
Content highlights: Aqua culture, Malampuzha