ഒറ്റപ്പാലം: വേനലവധിക്ക് കൂട്ടുകാരെല്ലാം കളിച്ചുനടന്നപ്പോള്‍ ചക്കക്കുരുപെറുക്കി നടക്കുകയായിരുന്നു ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണകുമാര്‍. വെറുതെ പെറുക്കുക മാത്രമല്ല അതെല്ലാം തന്റെ വീട്ടിലെ പറമ്പില്‍ പാകിമുളപ്പിക്കുകയും ചെയ്തു.
കുരുവെല്ലാം മുളച്ചുപൊന്തി തൈകളായപ്പോഴേക്കും സ്‌കൂള്‍ തുറന്നിരുന്നു. തൈകളെല്ലാം സ്‌കൂളിലെത്തി സഹപാഠികള്‍ക്ക് വിതരണം ചെയ്താണ് കൃഷ്ണകുമാര്‍ മാതൃകയായത്. നല്ല തേന്‍വരിക്കയുടെ തൈയാണ് സ്‌കൂളില്‍ വിതരണം ചെയ്തത്.
കഴിഞ്ഞവര്‍ഷം ചെറുമുണ്ടശ്ശേരി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വീട്ടിലേക്കൊരു പ്ലാവ് പദ്ധതിക്കായാണ് കൃഷ്ണകുമാറിന്റെ ഈ പരിശ്രമം. 160 തൈകളാണ് ഈ മിടുക്കന്‍ സ്‌കൂളിലെത്തി കൂട്ടുകാര്‍ക്ക് നല്‍കിയത്. വീടുകളില്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ സഹപാഠികള്‍ക്ക് പറഞ്ഞ് പഠിപ്പിക്കാനും കൃഷ്ണകുമാറിന് പദ്ധതിയുണ്ട്.
പ്ലാവിന്‍തൈവിതരണം പ്രധാനാധ്യാപിക കെ. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി കൃഷ്ണകുമാര്‍, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, എന്‍. ജിജി, സി.പി. ജലജ എന്നിവര്‍ സംസാരിച്ചു.
Content highlights: Agriculture, Organic farming, Jackfruit