ഇനി തരിശ് ഭൂമിയില്ല സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 'പച്ചത്തുരുത്ത്' വരുന്നു


1 min read
Read later
Print
Share

കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനും ആഗോളതാപനത്തെ ചെറുക്കാനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകും.

രിശ് ഭൂമിയെ സ്വാഭാവിക ജൈവവൈവിധ്യമുള്ളതാക്കി മാറ്റുന്ന 'പച്ചത്തുരുത്ത്' പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും. 250 ഗ്രാമപ്പഞ്ചായത്തുകളില്‍ 500-ഓളം ഏക്കറില്‍ ബുധനാഴ്ച ഇതിന് തുടക്കമാകും. തുടര്‍ന്ന് ആദ്യ മൂന്നുമാസത്തിനുള്ളില്‍ത്തന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഹരിതമിഷനാണിത് നടപ്പാക്കുന്നത്.

പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലംകണ്ടെത്തുക. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്.

ചുരുങ്ങിയത് അരസെന്റുമുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ തുരുത്തുകള്‍ സ്ഥാപിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനും ആഗോളതാപനത്തെ ചെറുക്കാനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായകപങ്ക് വഹിക്കാനാകും.

അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണംചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

ജൈവവൈവിധ്യ ബോര്‍ഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതിസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്.

പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവവൈവിധ്യ മേഖലയിലെ വിദഗ്ധര്‍, വനവത്കരണരംഗത്തെ പരിചയസമ്പന്നര്‍, കൃഷി വിദഗ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികളുണ്ടാകും.

വിത്തിനങ്ങള്‍ കണ്ടെത്തുന്നതും സാങ്കേതികസഹായങ്ങള്‍ നല്‍കുന്നതും ഈ സമിതികളാണ്. ലോക പരിസ്ഥിതിദിനമായ ബുധനാഴ്ച വൈകീട്ട് നാലിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പോത്തന്‍കോട് വേങ്ങോട് ജങ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Content Highlights: Green VIllage Project In Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram