തുള്ളിനന നെല്‍ക്കൃഷിയിലേക്കും; സൂക്ഷ്മതല ജലസേചനരീതിയുമായി കൃഷിവകുപ്പ്


സ്വന്തംലേഖകന്‍

വാഴ, പച്ചക്കറി, തെങ്ങ്, കരിമ്പ്, പരുത്തി, ഗ്രാമ്പു, കൊക്കോ തുടങ്ങിയ വിളകള്‍ക്ക് തുള്ളിനന രീതി വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

ലസംരക്ഷണമേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുന്നതിനായി നെല്‍ക്കൃഷിരംഗത്തും തുള്ളിനന പരിചയപ്പെടുത്തുന്നതോടെ സൂക്ഷ്മതല ജലസേചനരീതി വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പ് ഒരുങ്ങുന്നു. കൃഷിയാരംഭിക്കുന്നതിനും ഞാറിന്റെ വളര്‍ച്ചാസമയത്തും യഥേഷ്ടം വെള്ളമാവശ്യമായ നെല്‍ക്കൃഷി മേഖലയില്‍ ജലത്തിന്റെ അളവ് പരമാവധി കുറച്ച് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.

നെല്‍ക്കൃഷിയില്‍ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഫാമുകളില്‍ പൈലറ്റ് പദ്ധതിയായി നടപ്പാക്കിയിരുന്നു. ഇത്തരം സാധ്യതകള്‍ നെല്‍ക്കൃഷിയിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിലെ കൃഷിരീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കും. തത്പരരായ കര്‍ഷകരുടെ പ്രത്യേക ക്ലസ്റ്ററുകള്‍ ഒരുക്കിയാവും സൂഷ്മതലത്തിലുള്ള ജലസേചനരീതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

തുള്ളിനന രീതി

വാഴ, പച്ചക്കറി, തെങ്ങ്, കരിമ്പ്, പരുത്തി, ഗ്രാമ്പു, കൊക്കോ തുടങ്ങിയ വിളകള്‍ക്ക് തുള്ളിനന രീതി വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. നെല്‍ക്കൃഷിയുടെ ചില ഘട്ടങ്ങളിലൊഴിച്ച് ഈ രീതി പ്രാവര്‍ത്തികമാക്കി വിജയിപ്പിക്കാമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കൃഷിവകുപ്പധികൃതര്‍ പറയുന്നു. നെല്‍ക്കൃഷിയില്‍ ഇത് നടപ്പാക്കുന്നതിന് ക്ലസ്റ്റര്‍തലത്തില്‍ കര്‍ഷകരുടെ സഹകരണം അനിവാര്യമാണ്. പി.എം.കെ.വൈ. പദ്ധതിപ്രകാരം തത്പരരായ കര്‍ഷകര്‍ക്ക് സാമ്പത്തികസഹായവും സബ്സിഡിയും അനുവദിക്കുന്നുണ്ട്.

കൃഷിയിലും വിത്തിലും മാറ്റം

സംസ്ഥാനത്ത് ജലലഭ്യത കുറവായ മേഖലകളില്‍ മികച്ചരീതിയില്‍ കരനെല്‍ക്കൃഷി നടത്തിവരുന്നുണ്ട്. ഇതിന് സഹായകരമായ വിത്തിനങ്ങളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. മികച്ച വിളവ് നല്‍കുന്ന കരനെല്‍ക്കൃഷിയില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് പരമാവധി കുറവാണ്.

കരനെല്‍ക്കൃഷിയുടെ സാധ്യതകളില്‍നിന്നുള്ള പഠനങ്ങളാണ് നെല്‍ക്കൃഷിയിലും തുള്ളിനനപദ്ധതി വ്യാപകമാക്കാന്‍ കഴിയുമെന്ന സാധ്യത വര്‍ധിപ്പിച്ചത്.

നിലവില്‍ കര്‍ഷകര്‍ ഉപയോഗിച്ചുവരുന്ന വിത്തിലും ചെറിയമാറ്റങ്ങള്‍ വരുത്തുന്നതും വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാകും. ക്ലസ്റ്റര്‍തലത്തില്‍ കര്‍ഷകരുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: Drip Irrigation For Paddy Farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram