അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തില്‍ പ്ലാവിന്‍തൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും ശ്രദ്ധേയമായി. പുല്പള്ളി സ്വദേശികളായ മൈക്കിളും കുട്ടിയച്ചനുമാണ് തൈകള്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
ഒരുവര്‍ഷമായി പ്ലാവ് കൃഷി വികസനത്തിനായി ഇന്ത്യയിലുടനീളം യാത്രചെയ്യുകയാണിവര്. രണ്ടുവര്‍ഷം കൊണ്ട് കായ്ക്കുന്ന വരിക്ക മുതല്‍ കുള്ളന്‍ ചക്കകള്‍ വരെയാണ് ഇവരുടെ സ്റ്റാളില്‍ ഉള്ളത്. ലോകത്തില്‍ത്തന്നെ ഏറ്റവും പ്രിയമുള്ള ഇനങ്ങളായ മലേഷ്യന്‍ ജെ-33, തായ്ലന്റ് പ്ലാവ്, വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി, ഗാലസ്, പിങ്ക് പ്ലാവ്, ദരിയാന തുടങ്ങിയ അപൂര്‍വയിനം തൈകള്‍ ഇവരുടെ പക്കലുണ്ട്. പടര്‍ന്ന് പന്തലിക്കാത്തതും ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം കൊണ്ട് വിളവുതരുന്നതുമായ വിദേശയിനം പ്ലാവിന് തൈകളുമുണ്ട്. 100 രൂപമുതല്‍ 350 രൂപവരെയാണ് തൈകളുടെ വില.
90 ദിവസംകൊണ്ട് വികസിപ്പിച്ചെടുക്കുന്ന ജൈവ കമ്പോസ്റ്റാണ് പ്ലാവ് കൃഷിയില്‍ തങ്ങളുടെ വിജയമന്ത്രമെന്ന് മൈക്കിള്‍ പറഞ്ഞു. ഒരുവര്‍ഷമായി ഗുണമേന്മയുള്ളതും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതുമായ പ്ലാവിന്‍തൈകള്‍ ഇവര്‍ വിപണനം ചെയ്യുന്നു. ഏഴ് തൊഴിലാളികളും വീട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പമുണ്ട്.