രാജാക്കാട്: കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ തകര്‍ന്നടിഞ്ഞ് ഹൈറേഞ്ചിലെ തോട്ടം മേഖല. ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് പ്രദേശത്തെ ചെറുകിട ഏലം കര്‍ഷകരാണ്. വിളവെടുപ്പ് സമയത്ത് മഴ തോരാതെ പെയ്തതിനാല്‍ വിളവെടുക്കുവാന്‍ കഴിയാതെ ഏലക്കായ്കള്‍ പൂര്‍ണമായും അഴുകി നശിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏലയ്ക്കായ്ക്ക് ഇത്തവണ 1200 രൂപയിലധികം വിലയുണ്ട്. എന്നാല്‍ വില വര്‍ധന നേട്ടമാക്കാന്‍ കഴിയാതാതെ നിരാശയിലാണ് കര്‍ഷകര്‍
മണ്ണിടിച്ചിലും വ്യാപകം
ശക്തമായി പെയ്ത മഴയില്‍ ഏക്കര്‍ കണക്കിന് ഏലത്തോട്ടം മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഒലിച്ചുപോയി. ഇതിനൊപ്പം മഴ തോരാതെ പെയ്തതിനാല്‍ കൃത്യസമയത്ത് വിളവെടുപ്പ് നടത്താത്തിനാല്‍ കായ്കള്‍ അഴുകി നശിക്കുകയാണ്. മണ്ണിടിച്ചിലില്‍ ഹൈറേഞ്ചിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചതോടെ ജീപ്പുകളില്‍ ഇവിടേക്ക് എത്തിയിരുന്ന തമിഴ് തൊഴിലാളികളെയും കിട്ടാതായി. ഇതോടെ വിളവെടുപ്പ് പൂര്‍ണമായും നിലച്ചു. കാലങ്ങളുടെ കാത്തിരുപ്പിനുശേഷം ഏലയ്ക്കാ വില ഉയര്‍ന്ന് കിട്ടിയപ്പോള്‍ കയറ്റി അയക്കുവാന്‍ ഏലയ്ക്കാ ഇല്ലാത്ത അവസ്ഥയിലാണ് ഹൈറേഞ്ചിലെ കച്ചവടക്കാരും.