മൂന്നാർ: കുണ്ടള സാൻഡോസ് കോളനിയിൽ ഇനി ബീൻസ് വിളവെടുപ്പുകാലം. ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാൻ സമുദായക്കാരാണ് സാൻഡോസ് കോളനിയിൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കൃഷിചെയ്ത് താമസിക്കുന്നത്. കോളനിയിലെ 72 കുടുംബങ്ങളാണ് പച്ചക്കറി കൃഷി നടത്തുന്നത്.
അരക്കൊടി, മുരിങ്ങ ബീൻസ്, പട്ടാണി, ബട്ടർ എന്നീ ഇനങ്ങളിൽപ്പെട്ട ബീൻസുകളാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്. അരക്കൊടി, മുരിങ്ങ ബീൻസുകൾക്ക് കിലോയ്ക്ക് 40-ഉം പട്ടാണിക്ക് 60-ഉം ബട്ടർ ബീൻസിന് 70മുതൽ 120രൂപ വരെയുമാണ് കുടിക്കാർക്ക് ലഭിക്കുന്നത്. തൊഴിലുറപ്പ് പണിയും കൃഷിയിൽനിന്നുള്ള ആദായവുമാണ് കോളനിക്കാരുടെ പ്രധാന ഉപജീവനമാർഗം. 2018-ൽ കനത്ത മഴമൂലം കൃഷിചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, ഇത്തവണ കാലാവസ്ഥ അനുകൂലമായതും വന്യമൃഗശല്യം കുറഞ്ഞതുംമൂലം നല്ല വിളവാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മധുര, എറണാകുളം മാർക്കറ്റുകളിൽനിന്നുള്ള കച്ചവടക്കാരാണ് കോളനിയിൽനിന്നുള്ള പച്ചക്കറികൾ വാങ്ങുന്നത്. പൂർണമായി ജൈവരീതിയിൽ കൃഷി ചെയ്തുള്ള കോളനിയിലെ പച്ചക്കറികൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ്.