അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് കുറയുന്നു; വില താഴുന്നില്ല


1 min read
Read later
Print
Share

കര്‍ണാടകയിലും തമിഴ്നാട്ടിലും മഴയില്‍ കൃഷിനാശം സംഭവിച്ചപ്പോള്‍ മലയാളികളുടെ നട്ടെല്ലാണൊടിഞ്ഞത്

കൊച്ചി: പച്ചക്കറിവില കുറയുന്നതിന് മലയാളികള്‍ ഇനിയും കാത്തിരിക്കണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ സംസ്ഥാനത്തെ വിപണിയില്‍ പച്ചക്കറിവില കുതിക്കുകയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര ജില്ലകളെ ആശ്രയിച്ചാണ് സംസ്ഥാനത്തെ പച്ചക്കറിവില കൂടുന്നതും കുറയുന്നതും.

സവാളവിലയും ഉള്ളിവിലയും കുതിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിപണി സൂചിപ്പിക്കുന്നത്. കര്‍ണാടകയിലും തമിഴ്നാട്ടിലും മഴയില്‍ കൃഷിനാശം സംഭവിച്ചപ്പോള്‍ മലയാളികളുടെ നട്ടെല്ലാണൊടിഞ്ഞത്. ഇതിനൊപ്പം നാളികേരത്തിനും വില കുതിച്ചുയരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമല്ലാത്തതും വില കൂടാന്‍ കാരണമാകുന്നുണ്ട്.

വിപണിയില്‍ മൂന്നുതരം സവാള

മൂന്നുതരം സവാളയാണ് വിപണിയിലുള്ളത്. ഹൂഗ്ലി, ഈജിപ്ത്, പുണെ സവാളകളാണ് കേരളവിപണിയിലെത്തുന്നത്. ഹൂഗ്ലി സവാള പെട്ടെന്ന് കേടാവുമെന്നുള്ളതു കൊണ്ട് ആരും വാങ്ങാന്‍ തയ്യാറാകുന്നില്ല. വെള്ളനിറത്തിലുള്ള ഈജിപ്ത് സവാളയ്ക്ക് ആവശ്യക്കാരില്ല. ഇവയ്ക്ക് 45 രൂപയാണ് വില. പുണെ സവാളയ്ക്ക് 50 രൂപയാണ് വില.

കേരളവിപണിയില്‍ വില ഉയരാനുള്ള കാരണം

*ആഭ്യന്തര ഉത്പാദനം കുറയുന്നു

*സംസ്ഥാനത്തെ പല മാര്‍ക്കറ്റുകളിലും 12 ലോഡ് പച്ചക്കറികള്‍ എത്തിയിരുന്നിടത്ത് ഏഴെണ്ണമായി ചുരുങ്ങുന്നു

*കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ മഴയില്‍ കൃഷി നശിച്ചു

*അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള കയറ്റുമതി കുറഞ്ഞു

* വില കൂടിയതോടെ ഉപഭോക്താക്കള്‍ വിപണിയില്‍നിന്നു പിന്മാറുന്നു. അളവ് കുറച്ച് സാധനങ്ങള്‍ വാങ്ങുന്നു. കച്ചവടക്കാര്‍ക്ക് ലാഭം കിട്ടുന്നില്ല

* മറ്റു സംസ്ഥാനങ്ങളില്‍ സീസണല്ലാത്ത പച്ചക്കറികള്‍ക്ക് സംസ്ഥാനത്ത് വില ഉയരുന്നു.

ജനുവരിയോടെ ഉള്ളിയുടെ വില കുറയും - കച്ചവടക്കാര്‍

ജനുവരിയോടെ സംസ്ഥാനത്തെ ഉള്ളിയുടെ വില കുറയുമെന്ന് കച്ചവടക്കാര്‍. നിലവില്‍ പച്ച ഉള്ളി അന്യസംസ്ഥാനങ്ങളില്‍ ആയിട്ടുണ്ട്. ഇത് സംസ്ഥാനത്തേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും പിടിക്കും. പച്ച ഉള്ളി ലോറിയില്‍ കൊണ്ടുപോകുമ്പോള്‍

ചീഞ്ഞുപോകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതിന് സമയമെടുക്കും. മറ്റു പച്ചക്കറികള്‍ സീസണായാല്‍ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും കച്ചവടക്കാര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram