താമരശ്ശേരി: കര്‍ഷകനാണെന്നു പറഞ്ഞ് നടന്നിട്ട് അങ്ങാടിയില്‍ പോയി കപ്പവാങ്ങി തൂക്കിപ്പിടിച്ച് വരുന്നതിന്റെ നാണക്കേടോര്‍ത്തിട്ടാണ് ചമലിലെ കണ്ണന്തറ ജോസ് പറമ്പില്‍ അമ്പത് മൂട് കപ്പ നട്ടത്. പക്ഷേ, രാത്രിയായാല്‍ വീട്ടുമുറ്റം വരെ വരുന്ന കാട്ടുപന്നികളില്‍ നിന്ന് കപ്പയെ സംരക്ഷിക്കുന്നതെങ്ങനെയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി. അങ്ങനെയാണ് കമ്പിവലയുടെ വേലി കെട്ടിയത്. പന്നികളില്‍ നിന്ന് നാലോ അഞ്ചോ സെന്റ് സ്ഥലത്തെ കൃഷി സംരക്ഷിക്കാന്‍ കെട്ടിയ വേലിക്ക് ചെലവായത് ഇരുപതിനായിരം രൂപ.
എങ്ങനെയാണ് ഇത് മുതലാവുകയെന്ന് ഈ കര്‍ഷകനോട് ചോദിച്ചാല്‍, ഇത് മുതലാവാനല്ല, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന കപ്പ തിന്നാനുള്ള കൊതികൊണ്ടാണെന്നു മറുപടി കിട്ടും. പത്തറുപത്തഞ്ച് കൊല്ലമായി പറമ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്നതുകൊണ്ട് സുഭിക്ഷമായി കഴിഞ്ഞുവന്നതാണ്. ഇപ്പോള്‍ കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് ഒന്നും കൃഷി ചെയ്യാന്‍ കഴിയാതായി. എങ്കിലും കൃഷിയില്ലാതെ ജീവിക്കാന്‍ വയ്യ.
കാട്ടു മൃഗങ്ങളുടെ ഭീഷണിയില്‍ നിന്ന് അതിജീവനത്തിനായുള്ള മലയോര കര്‍ഷകരുടെ പോരാട്ടവീര്യമാണ് ഈ കര്‍ഷകന്റെ വാക്കിലും പ്രവൃത്തിയിലും. 1950കളില്‍ തിരുവിതാംകൂറില്‍ നിന്ന് വന്ന കുടിയേറ്റ കര്‍ഷക കുടുംബത്തിലെ അംഗമാണ് ജോസ്.
അഞ്ചടി നീളമുള്ള 35 കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി അതില്‍ കമ്പി കൊണ്ടുളള നെറ്റ് പിടിപ്പിച്ചാണ് കാട്ടുപന്നിയെ മാറ്റിനിര്‍ത്താന്‍ വേലി കെട്ടിയത്. പന്നികള്‍ കുത്തി മറിച്ചിടാത്തത്ര ശക്തിയുള്ളതും അവയ്ക്ക് ചാടിക്കടക്കാനാവാത്തരീതിയില്‍ അഞ്ചടി പൊക്കമുള്ളതുമായ വേലിയുടെ സുരക്ഷിതത്വത്തിലാണ് ജോസിന്റെ കപ്പകൃഷി വളരുന്നത്.
വനമേഖലയില്‍ നിന്ന് ദൂരെയായിക്കിടക്കുന്ന ചമല്‍ അങ്ങാടിക്കടുത്തുവരെ ഇപ്പോള്‍ കാട്ടുപന്നികളുടെ വിളയാട്ടമാണെന്ന് കര്‍ഷകര്‍ പറയുന്നു. വായയുടെ ഇരുവശത്തും തേറ്റകളുള്ള കൂറ്റന്‍ പന്നികളാണ് ജനവാസ മേഖലയില്‍ വിഹരിക്കുന്നത്. വനത്തോടു ചേര്‍ന്നു കിടക്കുന്ന കൊളമല, പൂവന്‍മല തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഇവയുടെ വരവ്. അടുത്തകാലം വരെ വനത്തോടു ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളില്‍ മാത്രമായിരുന്നു കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നത്.
ചമല്‍ ഭാഗത്ത് സന്ധ്യകഴിയുന്നതോടെ കാട്ടുപന്നികള്‍ ഇറങ്ങാന്‍ തുടങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളുകളെ കാണുമ്പോഴുള്ള പേടിയൊന്നും ഇവയ്ക്ക് ഇപ്പോഴില്ല. വാഹനമോടുന്ന റോഡുകളില്‍പ്പോലും ഇപ്പോള്‍ കാട്ടുപന്നിയെ കാണാം.