To advertise here, Contact Us



മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് പന്തല്‍


വീണാറാണി ആര്‍.

2 min read
Read later
Print
Share

ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ക്ക് മാത്രമുള്ള ജനപ്രിയ രഹസ്യം


വീട്ടുമുറ്റത്തൊരു പാഷന്‍ ഫ്രൂട്ട് പന്തലിടാം. മുറ്റത്ത് തണലായി എന്നു മാത്രമല്ല വിയര്‍ത്തൊലിച്ചു വരുമ്പോള്‍ ജ്യൂസും കുടിക്കാം.

To advertise here, Contact Us

പാഷന്‍ ഫ്രൂട്ട് രണ്ടുതരമുണ്ട്. മഞ്ഞയും പര്‍പ്പിളും. സമതലങ്ങളില്‍ കൃഷി ചെയ്യുന്നതു മഞ്ഞയിനമാണെങ്കില്‍ കുന്നിന്‍പ്രദേശങ്ങള്‍ക്കുത്തമം പര്‍പ്പിളാണ്. ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ കാവേരി പര്‍പ്പിളിന്റെയും മഞ്ഞയുടെയും സങ്കരയിനമാണ്. കാവേരിക്ക് ഗുണവും മണവും രുചിയും ഉത്പാദനവും കൂടും.

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും വിളയുകയും ചെയ്യുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം.

പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറയ്ക്കണം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം. രണ്ടുമാസത്തിലൊരിക്കല്‍ 150 ഗ്രാം പൊട്ടാഷും 50 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുന്നത് ഉത്പാദനം കൂട്ടും. മെയ്ജൂണ്‍ മാസങ്ങളിലും സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലും പൂക്കുന്നതാണ് പാഷന്‍ ഫ്രൂട്ടിന്റെ രീതി. മണ്ണില്‍ നട്ട് ടെറസ്സില്‍ പന്തലിട്ടാല്‍ വീടിനകത്ത് നല്ല കുളിര്‍മകിട്ടും. ഒപ്പം നല്ല ഉത്പാദനവും.

ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ക്ക് മാത്രമുള്ള ജനപ്രിയ രഹസ്യം. കൃഷി വകുപ്പിന്റെ നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട് കൃഷിക്കു മാത്രമല്ല ഉത്പന്നങ്ങള്‍ക്കും ഏറെ പ്രസിദ്ധമാണ്. ഫോണ്‍: 0492 3246225.

സമ്മര്‍ദമകറ്റാം

പാസിഫ്‌ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദം അകറ്റാനുള്ള ഒറ്റമൂലിയായെന്ന കണ്ടെത്തലാണ് ഇതിനെ പല മരുന്നുകളിലേയും അവിഭാജ്യഘടകമാക്കിയത്.

ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും. അതുകൊണ്ടുതന്നെ ലോകവിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് കൂടി വരുന്നു. ഓസ്‌ട്രേലിയ, ഫിജി, ഹവായി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നു. സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.

പാസിഫ്‌ലോറിന്‍ മാത്രമല്ല റൈസോഫ്‌ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us