കൃഷിയിലെ പ്രൊഫഷണലിസം; കൃഷിക്കാരായി മാറിയ മൂന്ന് പ്രൊഫഷണലുകളുടെ അനുഭവകഥ


സനില അര്‍ജുന്‍

ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള വന്‍കിട കമ്പനികള്‍ വിട്ട് മണ്ണിലേക്കിറങ്ങിയ പ്രൊഫഷണലുകളെയും നമുക്ക് അറിയാം. ചെയ്യുന്ന ജോലിയില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്താന്‍ പ്രയാസം നേരിടുന്നവരാണ് പലരും.

മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങുന്നത് ട്രെന്‍ഡായി മാറുകയാണ്. ഐ.ടി. പ്രൊഫഷണലുകളും ഡോക്ടര്‍മാരും ഉള്‍പ്പെടെ നിരവധിപേരാണ് ഇത്തരത്തില്‍ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വരുന്നത്. ജോലിക്കൊപ്പം കാര്‍ഷികാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരുമുണ്ട്.

കോര്‍പ്പറേറ്റ് ജോലികളിലെ സമ്മര്‍ദം കുറയ്ക്കുന്നതിനും കുടംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും നല്ല ആഹാരം കഴിക്കുന്നതിനുമായാണ് ജൈവ കൃഷിയിലേക്ക് പലരും തിരിയുന്നത്.

ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള വന്‍കിട കമ്പനികള്‍ വിട്ട് മണ്ണിലേക്കിറങ്ങിയ പ്രൊഫഷണലുകളെയും നമുക്ക് അറിയാം. ചെയ്യുന്ന ജോലിയില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്താന്‍ പ്രയാസം നേരിടുന്നവരാണ് പലരും.

എന്നാല്‍, സ്വന്തം താത്പര്യം ഏത് മേഖലയിലാണെന്ന് മനസ്സിലാക്കി മുന്നേറാന്‍ കഴിഞ്ഞാല്‍ അവിടെയാണ് ജീവിത വിജയം. ഇങ്ങനെ, പ്രൊഫഷനോടൊപ്പമോ അല്ലെങ്കില്‍ ജോലി ഉപേക്ഷിച്ചോ കാര്‍ഷികകാര്യങ്ങളില്‍ സന്തോഷവും സംതൃപ്തിയും കൈവരിച്ച് മുന്നേറുന്ന ചിലരെ പരിചയപ്പെടാം...

ടെക്കിയാണ് കര്‍ഷകനും

ബി.ടെക് പഠിച്ച മകന്‍ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് പോകുമ്പോള്‍ വീട്ടുകാരും നാട്ടുക്കാരുമൊക്കൊ പറയും 'ഇവന്റെ തലയ്ക്ക് ഓളമാണെന്ന്'... 'ബി.ടെക് പഠിച്ചിട്ട് കൃഷിയോ...?' എന്ന് ചോദിക്കുന്നവരുമുണ്ട്. ഇന്‍ഫോപാര്‍ക്കിലെ 'വെബ് ഡെവലപ്പര്‍' ജോലിയില്‍ നിന്നും കാര്‍ഷിക സംരംഭന്റെ റോളിലേക്ക് വന്ന പി.എസ്. പ്രദീപിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്.

ജോലിയോടൊപ്പം തന്നെ ഇന്‍ഫോപാര്‍ക്കില്‍ 'ഓര്‍ഗാനിക് ഫാമിങ്' ആരംഭിച്ചാണ് പ്രദീപ് കാര്‍ഷിക മേഖലയിലേക്ക് വന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ചുമണി മുതലാണ് പ്രദീപ് പച്ചക്കറി വിറ്റിരുന്നത്, പിന്നീട് ജോലി ഉപേക്ഷിച്ച് സ്വന്തമായി 'ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍' എന്ന വെബ്സൈറ്റ് വികസിപ്പിച്ച് അതിലൂടെയായി വില്‍പ്പന.

കൃഷിയോടുള്ള താത്പര്യം തന്നെയാണ് ഇതിന് പ്രചോദനമായതെന്ന് പ്രദീപ് പറയുന്നു. സാങ്കേതിക രംഗത്തുള്ള അറിവ് കൃഷിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പുതിയ വിപണനരീതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രദീപിന് സഹായകമായി. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും വിപണി അറിഞ്ഞുള്ള ഉത്പാദനവും സംരംഭത്തെ വിജയത്തിലേക്ക് നയിച്ചു.

ഇതിനുപുറമെ വിളവെടുത്ത് ഉത്പന്നങ്ങള്‍ എട്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പ്രതിമാസ സബ്സ്‌ക്രിപ്റ്റ് പരിപാടിയും 'ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍' ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി കൃഷി ചെയ്യുന്നതിനു പുറമെ, കാര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിച്ചും വില്‍പ്പനയുണ്ട്. 900 കര്‍ഷകരും അയ്യായിരത്തോളം സജീവ ഉപഭോക്താക്കളും കമ്പനിക്കുണ്ട്. കൂടാതെ, എറണാകുളത്ത് രണ്ട് ഓഫ്ലൈന്‍ സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു.

മാര്‍ക്കറ്റിങ് ടു ഫാമിങ്

പത്ത് വര്‍ഷത്തെ കോര്‍പ്പറേറ്റ് ജീവിതത്തോട് സലാം പറഞ്ഞ് മുഴുവന്‍ സമയ കര്‍ഷകനായി മാറിയതെന്തിനെന്ന് ചോദിച്ചാല്‍ വി.ആര്‍. നിഷാദിന് ഉത്തരം ഒന്നേയുള്ളു: 'എന്റെ പാഷനാണ് എന്റെ പ്രൊഫഷന്‍'. എച്ച്.ഡി.എഫ്.സി. ബാങ്കിലെ സെയില്‍സ് മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് മാരാരിക്കുളം സ്വദേശി നിഷാദ് ജൈവ കൃഷിയിലേക്ക് വന്നത്.
ചെറിയ 'അടുക്കള പച്ചക്കറിത്തോട്ട'ത്തില്‍ തുടങ്ങിയ നിഷാദിന്റെ കൃഷി ഇന്ന് 'മാരാരി ഫ്രഷ്' എന്ന കാര്‍ഷിക സംരംഭമായി മാറിക്കഴിഞ്ഞു. 'ഇന്നത്തെക്കാലത്ത് എല്ലാ ജോലിയിലും സമ്മര്‍ദമുണ്ട്. ജീവിക്കാനുള്ള വരുമാനം കണ്ടെത്താനാണ് എല്ലാവരും ജോലിചെയ്യുന്നത്.

എന്നാല്‍, ഈ വരുമാനംകൊണ്ട് ജീവിതം വിനോദകരമായി മുന്നോട്ട് കൊണ്ടുപോകാനോ കുടുംബകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനോ പലര്‍ക്കും കഴിയുന്നില്ല. ഇത്തരം സമ്മര്‍ദങ്ങളില്‍ നിന്നും മുക്തി നേടുന്നതിനാണ് ഒരു 'അടുക്കളത്തോട്ടം' ഉണ്ടാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഇതില്‍ നിന്നും സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞതോടെ കൃഷി പ്രൊഫഷനാക്കാന്‍ തീരമാനിക്കുകയായിരുന്നു' എന്ന് നിഷാദ് പറയുന്നു. 'മാരാരി ഫ്രഷ്' എന്ന വെബ്സൈറ്റിലൂടെയാണ് നിഷാദ് പച്ചക്കറികള്‍ വില്‍ക്കുന്നത്. പ്രധാനമായും കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് എറണാകുളത്താണ്.

തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്താണ് നിഷാദിന്റെ കൃഷി. ഇതുവഴി ധാരാളം തൊഴിലവസരങ്ങള്‍ ഒരുക്കാനും നിഷാദിന് സാധിച്ചിട്ടുണ്ട്. ജനുവരി മുതല്‍ മാരാരി ഫ്രഷിന്റെ മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിക്കും. 'കൃഷിയിലൂടെ നല്ല വരുമാനം കണ്ടെത്താനും കാര്‍ഷികകാര്യങ്ങളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കുന്നുണ്ട്. അതിലുപരി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഒന്നാണ് കൃഷി' -നിഷാദ് പറയുന്നു. മാര്‍ക്കറ്റിങ് പ്രൊഫഷനിലെ പരിചയസമ്പത്ത് കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിന് വലിയതോതില്‍ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍ കര്‍ഷകനാണ്

'ഡോക്ടര്‍ക്കെന്താ കര്‍ഷകനായികൂടേ...?' എന്നാല്‍, ഡോക്ടറും കര്‍ഷകനും ആയ ഒരാളുണ്ട്, ഡോ. ബെന്നി തോമസ്... പാലാരിവട്ടം ജനതാ ജങ്ഷനില്‍ ക്ലിനിക് നടത്തുന്ന ഡോ. ബെന്നി വീട്ടാവശ്യത്തിനായാണ് കൃഷിചെയ്തു തുടങ്ങിയത്. നഗരമധ്യത്തില്‍ പാലാരിവട്ടം ബൈപ്പാസിന് സമീപം വെണ്ണല 'ഹോളിഡേ ഇന്‍' ഹോട്ടലിന്റെ പിറകിലായാണ് ഡോക്ടറുടെ കൃഷിത്തോട്ടം.

'ക്ലിനിക്കിലെ തിരക്കുപിടിച്ച ജോലിക്കിടയില്‍ സന്തോഷം കണ്ടെത്തുന്നതിനും നല്ല ആഹാരം കഴിക്കുന്നതിനുമായാണ് കൃഷിയിലേക്ക് കടന്നത്' എന്ന് ഡോക്ടര്‍ പറയുന്നു. 'കുടുംബപരമായി കൃഷിക്കാരാണ്. രാവിലെ നടക്കാനിറങ്ങുന്ന കൂട്ടത്തില്‍ അല്പം സമയം കൃഷിക്കാര്യത്തിനായി മാറ്റിവെക്കും. സ്വന്തം ആവശ്യത്തിനായാണ് കൃഷി. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പച്ചക്കറികള്‍ കൊടുക്കാറുണ്ട്.

കൃഷി ആവശ്യത്തിനുള്ള ചാണകം ലഭിക്കുന്നതിന് വെച്ചൂര്‍ പശു അടക്കം ആറ് പശുക്കളടങ്ങുന്ന ഒരു ഫാമും നടത്തുന്നുണ്ട്. നല്ല ആഹാരം കഴിക്കുക, ഒഴിവുസമയം ഉപകാരപ്രദമാക്കുക, ഇടവേളകളില്‍ സന്തോഷം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൃഷിയിലേക്ക് കടന്നത്. ജോലി സമ്മര്‍ദം കുറയ്ക്കാനും മാനസികമായ സന്തോഷം നേടാനും കൃഷിയിലൂടെ സാധിക്കും...' -ഡോക്ടര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022