മട്ടുപ്പാവില്‍ 22 ഇനം പച്ചക്കറികള്‍ വിളയിച്ച് ഗണപതി അയ്യര്‍


പ്രമോദ്കുമാര്‍ വി.സി.

സവാള മാത്രമല്ല 22 ഇനം പച്ചക്കറികളാണ് അദ്ദേഹം വീട്ടിനുമുകളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ചിലയിനങ്ങള്‍ നട്ടിരിക്കുന്നു, ചിലത് പാകമാവുന്നു, ചിലത് വിളവെടുത്തുകൊണ്ടിരിക്കുന്നു.

മാര്‍ക്കറ്റില്‍ ഉള്ളിക്ക് എത്രവിലകൂടിയാലും മാങ്കാവിലെ ഗണപതി അയ്യര്‍ക്ക് അതൊരു പ്രശ്നമല്ല. കാരണം അദ്ദേഹം ആവശ്യത്തിനുള്ളത് തന്റെ ടെറസ്സില്‍ നട്ടിട്ടുണ്ട്. സവാള മാത്രമല്ല 22 ഇനം പച്ചക്കറികളാണ് അദ്ദേഹം വീട്ടിനുമുകളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ചിലയിനങ്ങള്‍ നട്ടിരിക്കുന്നു, ചിലത് പാകമാവുന്നു, ചിലത് വിളവെടുത്തുകൊണ്ടിരിക്കുന്നു. ഗ്രോബാഗുകളും പ്ലാസ്റ്റിക് കാന്‍ മുറിച്ചെടുത്തതുമായി 200-ഓളം എണ്ണമാണ് അദ്ദേഹം തന്റെ ടെറസില്‍ നിരത്തിയിരിക്കുന്നത്. കൃഷി തീര്‍ത്തുംജൈവമായിത്തന്നെ.

താളുചീര മുതല്‍ ബ്രോക്കോളി വരെ

കാത്സ്യത്തിന്റെയും അയേണിന്റെയും കലവറയും അപൂര്‍വ ഇനവുമായ താളുചീരയാണ് ഗണപതിയുടെ തോട്ടത്തിലെ താരം. ചേമ്പുചീര, താള് എന്നെല്ലാം വിളിക്കപ്പെടുന്ന ഇത് നീര്‍ക്കെട്ടിന് ഉത്തമമായ ഔഷധമാണ്. ഉപ്പേരിവെച്ചും കറിവെച്ചും അകത്താക്കാം. ശീതകാലവിളകളായ കാബേജ്, കോളിഫ്ളവര്‍, ബോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയും തക്കാളി, വെണ്ട, പയര്‍, പടവലം, പീച്ചിങ്ങ, കൈപ്പക്ക, പലതരത്തില്‍പ്പെട്ട പച്ചമുളക്, വഴുതിനങ്ങ എന്നിവയും എളവന്‍, മത്തന്‍, വെള്ളരി എന്നിവയും പൊതിനയും മല്ലിയിലയും കറിവേപ്പും കൂടാതെ ചെറുനാരങ്ങവരെ ഇദ്ദേഹത്തിന്റെ മട്ടുപ്പാവില്‍ വിളയുന്നു.

തിരിനനയും തുള്ളിനനയും മഴമറയും

വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും വെള്ളം പാഴാകുന്നത് തടയാനും തിരിനനയും തുള്ളിനനയുമാണ് ഗണപതിഅയ്യര്‍ തന്റെ ടെറസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മഴയെ ചെറുക്കാന്‍ മഴമറയും സര്‍ക്കാര്‍ സബ്സിഡിയോടെ നിര്‍മിച്ചിട്ടുണ്ട്. ചന്ദ്രന്‍ ചാലിയത്തും സിബി ജോസഫും ആണ് ഇതൊക്കെ തയ്യാറാക്കാന്‍ തന്നെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്തും ജൈവകൃഷിയാണ് അദ്ദേഹം പിന്‍തുടരുന്നത്.

ചകിരിച്ചോറ്, മണ്ണ്, ചാണകപ്പൊടി എന്നിവ സമാമസമം ചേര്‍ത്ത് തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗിലേക്ക് 50 ഗ്രാം കുമ്മായം വിതറിയശേഷം നനച്ച്, വിത്തുകളോ തൈകളോ നട്ടുപിടിപ്പിക്കുന്നു. ഒരാഴ്ചയ്ക്കുശേഷം 50 ഗ്രാംവേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കിക്കൊടുക്കുന്നു. പിന്നീട് കടലപ്പിണ്ണാക്ക് കുതിര്‍ത്തതും പച്ചച്ചാണകത്തിന്റെ തെളിയും ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഒഴിച്ചുകൊടുക്കും. മഴമറയുള്ളതുകൊണ്ട് കീട, രോഗ ബാധകള്‍ കുറവാണെങ്കിലും അയ്യര്‍ സ്വന്തമായി തയ്യാറാക്കുന്ന ജൈവകീടനാശിനികള്‍ തളിച്ചുകൊടുക്കുന്നു. വേപ്പെണ്ണ എമെല്‍ഷന്‍, പുകയില-കാന്താരി ലായനി, വെളുത്തുള്ളി-ബാര്‍സോപ്പ് ലായനി എന്നിവയാണ് അദ്ദേഹം കീടനാശിനിയായി ഉപയോഗിക്കുന്നത്.

വീടുതന്നെ കാട്

മരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പിനുമിടയിലൂടെ വേണം മാങ്കാവിലെ തളിക്കുന്ന് അമ്പലത്തിനടുത്തുള്ള ഗണപതിഅയ്യരുടെ വീട്ടിലെത്താന്‍. നടക്കാനുള്ള സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലത്തെല്ലാം മരങ്ങളും വള്ളികളും ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കെ.ടി.സി. ഓഫ്സെറ്റ് പ്രസ്സില്‍നിന്ന് മാനേജരായി വിരമിച്ച പി.കെ. ഗണപതിഅയ്യരുടെ കൃഷിപ്പണികളില്‍ ഫെഡറല്‍ ബാങ്ക് മാനേജരായ ഭാര്യ പാര്‍വതിയും ടി.വി.എസില്‍ എച്ച്.ആര്‍. ഓഫീസറായ മകന്‍ കൃഷ്ണനും സഹായവുമായി കൂടെയുണ്ട്.

ഈസ്റ്റ് മാങ്കാവ് റെസിഡന്റ്സ് അസോസിയേഷന്റെ സെക്രട്ടറിയായ ഗണപതി അയ്യര്‍ തന്റെ റെസിഡന്റ്സ് അസോസിയേഷനില്‍ മുഴുവനായും ടെറസ്സിലെ മഴമറ കൃഷി വ്യാപിപ്പിക്കാനുള്ള പരിപാടിയിലാണ്. തൊട്ടടുത്ത റെസിഡന്റ്സ് അസോസിയേഷനായ മാങ്കാവ് റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും കണ്ട് ടെറസ് കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗണപതിഅയ്യര്‍. ഫോണ്‍: 8547131075.

Content Highlights; Terrace Farming 22 Breed Vegetable Farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022