അശാസ്ത്രീയമായ കീടനാശിനിപ്രയോഗം പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കീടനാശിനികള്‍ പോലുള്ള വിഷപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ മരണകാരണമാകുന്നത് അത്യന്തം ആശങ്കാജനകമാണ് .
ഒരു കൃഷിയിടം എന്നത് വെറും ഭക്ഷ്യോത്പാദനയിടം എന്നതിലുപരി പരസ്പര ബന്ധിതങ്ങളായ നിരവധി ഘടകങ്ങള്‍ ഇഴചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണെന്ന അടിസ്ഥാന വസ്തുത നാം മറന്നുപോകുന്നു. സുസ്ഥിര കൃഷിയുടെ ആണിക്കല്ലായ പ്രകൃതിസൗഹൃദ കീടനിയന്ത്രണ സംവിധാനത്തെക്കുറിച്ച് കര്‍ഷകരെ ബോധവാന്‍മാരാക്കണം.
കൃഷിയിടം എന്ന ആവാസ വ്യവസ്ഥയില്‍ വിള, കീടം, കീടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന മിത്രകീടം എന്നിവ തമ്മിലുള്ള ത്രിതല പാരസ്പര്യത്തില്‍ താളപ്പിഴകളുണ്ടാകുമ്പോഴാണ് കീടബാധ നിയന്ത്രണ വിധേയമല്ലാതാകുന്നത്. കീടത്തിന്റെ സ്വഭാവം, മിത്രകീടങ്ങളുടെ സുരക്ഷ എന്നിവ പരിഗണിച്ചു വേണം കീടനാശിനി തെരഞ്ഞെടുക്കാനും പ്രയോഗിക്കുവാനും.
കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് നോക്കാം.
1. ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ മാത്രമേ കീടനാശിനി പ്രയോഗം നടത്താന്‍ പാടുള്ളു
2. കോട്ട്, റബ്ബര്‍,കൈയുറകള്‍,കാലുറകള്‍,ബൂട്ട്,കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാന്‍ പാടുള്ളു
3. തളിയ്ക്കുന്നതിനിടയില്‍ പുകവലിക്കാനോ ആഹാരം കഴിക്കാനോ പാടില്ല. മദ്യപിച്ച ശേഷം കീടനാശിനി തളിയ്ക്കാനിറങ്ങരുത്.
4. തളിയ്ക്കുന്ന സ്പ്രേയറിന് തകരാറൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. അനുയോജ്യമായ നോസില്‍ ഉപയോഗിക്കണം. മണിക്കൂറില്‍ 8 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റടിക്കുന്ന അവസരത്തില്‍ കീടനാശിനി തളിയ്ക്കാന്‍ പാടില്ല. അതുപോലെ ചൂട് 30 ഡിഗ്രിയില്‍ അധികരിക്കുന്ന അവസരങ്ങളിലും തളിക്കുന്നത് അഭികാമ്യമല്ല.
5. ഓരോ കീടനാശിനികളും ഒരു ലിറ്റര്‍ വെള്ളത്തില്‍ എത്ര മില്ലിലിറ്റര്‍/ ഗ്രാം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് കൃത്യമായി പാലിക്കാത്തതാണ് മിക്കപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്. ഇത് കീടങ്ങള്‍ വളരെ പെട്ടെന്ന് പ്രതിരോധ ശേഷിയാര്‍ജിക്കുന്നതിനിടയാക്കുകയും ചെയ്യും.
6. കീടനാശിനികള്‍ മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കരുത് . ആവശ്യമുള്ള സാഹചര്യത്തില്‍ ആവശ്യമുള്ള കീടനാശിനി ആവശ്യമുള്ള അളവില്‍ മാത്രം വാങ്ങുക. കവറിന് പുറത്തുള്ള ലേബല്‍ വായിച്ച് വിവരങ്ങല്‍ മനസിലാക്കി വേണം വാങ്ങാന്‍.
7. കീട, കുമിള്‍ ,കളനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ശുദ്ധമായ വെള്ളത്തില്‍ കലക്കി തളിക്കണം.
8. ഒരു കീടനാശിനി തളിച്ചു കഴിഞ്ഞ് വീണ്ടും കൃഷിയിടത്തില്‍ പ്രവേശിക്കാന്‍ അനുവദനീയമായ ഒരു ഇടവേളയുണ്ട്. വിഷവീര്യം താരതമ്യേന കുറഞ്ഞ കീടനാശിനികള്‍ക്ക് ഇത് 24 മണിക്കൂറും കൂടിയ വിഷവീര്യമുള്ളവയ്ക്ക് 48 മണിക്കൂറുമാണ്.
9. ഉപയോഗ ശേഷം ഒഴിഞ്ഞ പാക്കറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കീടനാശിനി പ്രയോഗം കഴിഞ്ഞ ഉടനെ ശുദ്ധജലത്തില്‍ കുളിക്കണം. ഉപയോഗിച്ച വസ്ത്രങ്ങള്‍ സോപ്പിട്ട് കഴുകണം. സ്പ്രേയറും കഴുകി സൂക്ഷിക്കണം.
കീടനാശിനികള്‍ ശരീരത്തിലെത്തിയാല്‍ ഉടന്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍
1. തൊലിപ്പുറമേ വീണാല്‍ വെള്ളവും സോപ്പുമുപയോഗിച്ച് നന്നായി കഴുകുക
2. കണ്ണില്‍ വീണാല്‍ 15 മിനിട്ട് നേരമെങ്കിലും വെള്ളം ഒഴിച്ച് കഴുകിക്കൊണ്ടേയിരിക്കണം
3. ശ്വസിച്ചാല്‍- നല്ല വായുപ്രവാഹമുള്ള സ്ഥലത്ത് കിടത്തുക. പുറം വസ്ത്രങ്ങള്‍ മാറ്റുക. ആവശ്യമെങ്കില്‍ ക്ൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക
4. ശരീരത്തിലെത്തിയാല്‍- ലേബലില്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ മാത്രം ഛര്‍ദിച്ചു പുറത്തു കളയുക. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക
ഓരോ വിഭാഗം കീടനാശിനികളുടെയും ആന്തരവിഷവീര്യം നിര്‍വീര്യമാക്കുന്ന പദാര്‍ഥങ്ങളുണ്ട്. ഇത് നല്‍കണമെങ്കില്‍ ഏതു കീടനാശിനിയാണ് അകത്തെത്തിയതെന്ന് ഡോക്ടര്‍ മനസിലാക്കണം. കീടനാശിനിയുടെ കവര്‍ ലഭ്യമാണെങ്കില്‍ അതും കൂടിയെടുക്കണം. അല്ലെങ്കില്‍ വിവരങ്ങള്‍ അറിയുന്നവര്‍ കൂടെപ്പോകണം.
ശ്രദ്ധിക്കുക- കീടനാശിനികള്‍ അകത്തെത്തിയാലുണ്ടാകുന്ന പൊതു ലക്ഷണങ്ങള്‍, തലവേദന,പേശിവേദന, മൂക്കൊലിപ്പ് ,തുമ്മല്‍, വിമ്മിട്ടം, നെഞ്ചില്‍ കനം തോന്നല്‍ , ഛര്‍ദി, മനം പുരട്ടല്‍, വയറുവേദന, കൈകാല്‍ തളരല്‍,കണ്ണു തുറിച്ചു വരിക, തലചുറ്റല്‍ ,കാഴ്ച മങ്ങല്‍ മുതലായവയാണ്.
എത്ര അളവ് ശരീരത്തിലെത്തിയെന്നതാണ് ഏറ്റവും പ്രധാനം. എത്ര വീര്യം കുറഞ്ഞ കീടനാശിനിയും കൂടിയ അളവില്‍ അകത്തെത്തിയാല്‍ മാരകമാണ്.
ചില കീടനാശിനികളില്‍ ശരീരത്തിനുള്ളില്‍ രൂപപ്പെടുന്ന ദ്വിതീയ പദാര്‍ഥങ്ങള്‍ യഥാര്‍ഥ കീടനാശിനിയേക്കാള്‍ മാരകമായിരിക്കും.
ഇതു കൂടി അറിയൂ
30 മൈക്രോണ്‍ വലിപ്പമുള്ള ഒരു തുള്ളി കീടനാശിനി, ഏകദേശം 10 മീറ്റര്‍ ഉയരത്തിലുള്ള ഒരു പ്ലാറ്റഫോമില്‍ നിന്നും പറത്തിവിട്ടാല്‍ സാധാരണ വേഗത്തില്‍ മാത്രം കാറ്റടിക്കുന്ന അവസരത്തില്‍ പോലും അത് തിരികെ മണ്ണിലെത്തുന്നതിന് മുമ്പ് 47 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരിക്കും. അതിനാല്‍ ആരേയും സുരക്ഷിതരല്ലാതാക്കാന്‍ കഴിയുന്ന രാസവിഷപ്രയോഗങ്ങള്‍ പരമാവധി കുറച്ച് സുസ്ഥിരമായ നല്ല കാര്‍ഷികമുറകള്‍ പരിശീലിക്കുക, ജീവിതചര്യയാക്കുക.
( മാങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക )
Content highlights: Agriculture, Pesticides, Organic farming, Farmer