വിളകളെ മണ്‍നിരപ്പിനു മുകളില്‍ ഉപദ്രവിക്കുന്ന ശത്രുകീടങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. എന്നാല്‍ ഉപദ്രവം മണ്ണിനടിയിലാണെങ്കിലോ? ഒരു തരം ഒളിപ്പോരാളി സ്‌റ്റൈല്‍. ഇതാണ് 'നിമവിരകള്‍' എന്ന ഉപദ്രവകാരികളുടെ പ്രത്യേകത. മണ്ണിനടിയില്‍ കഴിയും; വിരകളുടെ വേരു പടലങ്ങളെ പലവിധത്തില്‍ ഉപദ്രവിക്കും. കഥയറിയാത്ത പാവം കര്‍ഷകന്‍ ശത്രുകീടത്തെ പുറത്തെങ്ങും കാണാതെ ചെടി വാടുകയോ മഞ്ഞളിക്കുകയോ വേരിളകി നിലംപൊത്തുകയോ ചെയ്യുമ്പോഴാകും പലപ്പോഴും അറിയുക. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നിമവിരകളുടെ വേറിട്ട പ്രവര്‍ത്തന ശൈലിയാണിത്.
കേരളത്തില്‍ ശീതകാല പച്ചക്കറികളായ കാബേജ്, ക്യാരറ്റ്, കോളിഫ്‌ളവര്‍, മുളളങ്കി തുടങ്ങിയവയുടെ കൃഷി കാലമാണല്ലോ ഇപ്പോള്‍. ശീതകാല വിളകളെയും നിമ വിരകള്‍ ഒട്ടും വിടാറില്ല എന്നറിയുക. ചെടികളുടെ വേരുപടലത്തെയാണ് ഇവ പിടികൂടുക. അങ്ങനെ വേരുകള്‍ക്ക് യഥായോഗ്യം വെളളവും പോഷകങ്ങളുമൊന്നും വലിച്ചെടുക്കാന്‍ കഴിയാതെ വരും. മണ്ണില്‍ ഈര്‍പ്പമുണ്ടെന്നു പറഞ്ഞാലും നിമാവിര ബാധിച്ചാല്‍ ചെടികള്‍ വാടും എന്നുറപ്പ്.
വില്ലന്‍ വിരകള്‍ ആരൊക്കെ?
നാലുതരം വിരകളാണ് പ്രധാനമായും ശീതകാല വിളകളുടെ അന്തകര്‍. വേരുകെട്ടി നിമവിര, വൃക്ക നിമവിര, മുഴ നിമവിര മുറിവ് നിമവിര.
* വേരുകെട്ടി നിമവിരകള്‍ ചെടിയുടെ വേരുകളില്‍ കുടുക്കിട്ടതുപോലെ മുഴകളുണ്ടാക്കും. വേരുകെട്ടി പിടികൂടിയാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കും., വിളവ് കുറയും, പൂക്കാനും കായ്ക്കാനും ഏറെ താമസിക്കും.
*വൃക്ക നിമവിരകള്‍ കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയെ പ്രധാനമായും ഉപദ്രവിക്കുന്നു. ഇവ വേരുകളില്‍ ഉണ്ടാക്കുന്ന മുറിവുകളിലൂടെ കുമിളും ബാക്ടീരിയയും ഒക്കെ ഉളളില്‍ കടന്ന് ചെടി വാടുന്നത് കാണാം.
* മുഴ നിമവിര (സിസ്റ്റ് നിമവിര) ബാധിച്ച ചെടികളുടെ വേരുപടലത്തില്‍ വെളളനിറത്തില്‍ തീരെ ചെറിയ മുഴകളുണ്ടാകും. പുതിയ വേരുകള്‍ വളരെ നേര്‍ത്ത് ദുര്‍ബലമാകും.
* വേര് തുളച്ച് മുറിവുണ്ടാക്കുന്നവയാണ് മുറിവ് നിമവിര (ലീഷന്‍ നിമവിര). ഈ വിര മുട്ടയിടുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമെല്ലാം വേരിനുളളില്‍ തന്നെ. സൂക്ഷ്മ പരിശോധനയില്‍ ഇത്തരം വേരുകളില്‍ കറുപ്പോ തവിട്ടോ പാടുകളും കാണാം.
വിരകളെ വരുതിയിലാക്കാം
മണ്ണിനടിയിലാണ് നിമവിരകളുടെ ഒളിവാസം എന്നതിനാല്‍ കൃഷിയിടം ഒരുക്കുമ്പോള്‍ തന്നെ നന്നായി കിളച്ചിളക്കി ഒരാഴ്ചയെങ്കിലും വെയില്‍ കൊളളിക്കണം. ഇടയ്ക്ക് തരിശിട്ടും ചപ്പുചവറ് കൂട്ടി തീയിട്ടും ഇവയെ നശിപ്പിക്കാം.
പ്രധാനവിളകളോടൊപ്പം ബന്തി, ശതാവരി, കിലുക്കി തുടങ്ങിയ ചെടികള്‍ വളര്‍ത്തിയാല്‍ വിരകള്‍ അങ്ങോട്ടു പൊയ്‌ക്കോളും.
ചെറു തൈകള്‍ വളരുന്നിടത്ത് ഒരു ചതുരശ്രമീറ്ററിന് 200 ഗ്രാം എന്ന തോതില്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കാം. വെളളം തളിച്ച് 150 ഗേജ് കനമുളള പോളിത്തീന്‍ ഷീറ്റ് കൊണ്ട് കൃഷിയിടം വായു കടക്കാതെ മൂടിയിടണം. ഇത് മണ്ണിലെ ചൂട് പരിസരത്തേക്കാള്‍ 10 ഡിഗ്രി സെല്‍ഷ്യസ് കണ്ട് വര്‍ദ്ധിപ്പിക്കും. വിരകളും മുട്ടകളും നശിക്കും.
ജൈവനിമ വിരനാശിനികള്‍ ഉപയോഗിക്കാം. ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ്, പര്‍ഫ്യൂറിയോസില്ലം ലിലാസിനം എന്നിവയിലൊന്ന് 25 ഗ്രാം എന്ന തോതില്‍ ഒരു കിലോ ചാണകപ്പൊടിയില്‍ ചേര്‍ത്ത് നഴ്‌സറികളില്‍ പ്രയോഗിക്കാം. തൈകളുടെ വേര് 2% വീര്യമുളള ജൈവനാശിനിയില്‍ മുക്കി വച്ചിട്ട് നടുന്നതും നന്ന്. തൈ നടുന്നതിനു മൂന്നാഴ്ച മുമ്പ് വേപ്പില / കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ചേര്‍ത്തിളക്കാം. തൈ നട്ടു കഴിഞ്ഞ് ജൈവവിരനാശിനി ചതുരശ്രമീറ്ററിന് 50 ഗ്രാം എന്ന തോതില്‍ ചാണകപ്പൊടിയില്‍ ചേര്‍ത്ത് മണ്ണില്‍ ഇളക്കിക്കൊടുക്കുക.
മണ്ണിനടിയിലെ ഒളിപ്പോരാളികളായതിനാല്‍ മരുന്നു പ്രയോഗം എല്ലാം മണ്ണില്‍ തന്നെയാണ് എന്ന് പ്രത്യേകം ഓര്‍ക്കുക. കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തെ ഈ ഉപദ്രവകാരികള്‍ക്കെതിരെ സദാ കരുതിയിരിക്കുക.