കേരളത്തില്‍ ഈയിടെ പ്രചാരത്തിലായ ഒരു വിദേശപഴമാണ് ചെമ്പടാക്ക്. നമ്മുടെ ചക്കപ്പഴത്തോട് സാമ്യമുള്ള ഒരു പഴമാണിത്. ഇതിന്റെ ഗ്രാഫ്റ്റു ചെയ്‌തെടുത്ത തൈകളാണ് പ്രധാനമായും നടീലിനായി ഉപയോഗിക്കുന്നത്. ഇത്തരം ഗ്രാഫ്റ്റുതൈകളെ നേരിട്ട് മണ്ണില്‍ നടാതെ വളരെ വ്യത്യസ്തമായ ഒരു ഗ്രാഫ്റ്റിങ് രീതിയിലൂടെ വേഗത്തില്‍ വളര്‍ത്തിയെടുത്ത് ആദായത്തിലാക്കാനുള്ള ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് പുതിയേടത്ത് വീട്ടില്‍ രാമചന്ദ്രന്‍.
വിശ്വസിക്കാവുന്ന ഒരു കാര്‍ഷികനഴ്‌സറിയില്‍നിന്നും നല്ല വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്ന ചെമ്പടാക്കിന്റെ ഒരു ഗ്രാഫ്റ്റുതൈ നടാനൊരുങ്ങിയപ്പോഴാണ് പ്ലാവിന്റെ കുടുംബത്തില്‍പ്പെട്ട ചെമ്പടാക്കിനെ ഒരു പ്ലാവില്‍ ഒട്ടിച്ചുചേര്‍ത്താലോ എന്ന വേറിട്ട ഒരാശയം രാമചന്ദ്രന്റെ തലയിലുദിച്ചത്. സാധാരണമായി നഴ്‌സറികളില്‍ ഒരേവണ്ണമുള്ള കമ്പുകളെയാണ് വശംചേര്‍ത്ത് ഒട്ടിച്ചുചേര്‍ക്കാറ്. ഇതില്‍നിന്നു വ്യത്യസ്തമായി, മുറ്റത്തിനുസമീപം വളര്‍ന്നുനിന്ന, കൈവണ്ണത്തില്‍ കൂടുതല്‍ വലിപ്പമുള്ള ഒരു പ്ലാവിലാണ് രാമചന്ദ്രന്‍ ഒട്ടിച്ചു നോക്കിയത്. രണ്ടു മൂന്ന് വര്‍ഷംമുമ്പ് മാവില്‍ നടത്തിയ ഇത്തരമൊരു പരീക്ഷണം വിജയം കണ്ടത് രാമചന്ദ്രന് പ്രചോദനമായി.
നഴ്‌സറിയില്‍നിന്നും വാങ്ങിക്കൊണ്ടുവന്ന ഗ്രാഫ്റ്റ് തൈയില്‍, ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നതിന്റെ ഏതാണ്ട് പതിനഞ്ചു സെന്റീമീറ്റര്‍ മുകളിലായി രണ്ടിഞ്ചു നീളത്തില്‍ കുറച്ചു തടിയോടുകൂടി തൊലി ചെത്തി മാറ്റുക. അതിനുശേഷം ഒട്ടിക്കാനുദ്ദേശിക്കുന്ന പ്ലാവിലെ തടിയിലും കൈയെത്തുന്ന ഉയരത്തില്‍ ഇതേ അളവില്‍ത്തന്നെ കുറച്ചു തടിയോടുകൂടി തൊലി ചെത്തിമാറ്റണം. ഈ രണ്ടുമുറിവുകളും ചേര്‍ത്തുകെട്ടാന്‍ പറ്റത്തക്ക ഉയരത്തില്‍, ചെമ്പടാക്കിന്റെ കൂടത്തൈ പ്ലാവില്‍ ചേര്‍ത്തുകെട്ടുക. ഇനി ഈ ചെത്തിമാറ്റിയ രണ്ടു മുറിവുകളും പരസ്പരം നന്നായി ചേര്‍ന്നിരിക്കത്തക്കവിധം ഒരു പ്ലാസ്റ്റിക് വള്ളികൊണ്ട് വരിഞ്ഞുകെട്ടുക. ഒരു പോളിത്തീന്‍ ഷീറ്റുകൊണ്ട് ഇതിനു മുകളിലൂടെ ഒന്നു പൊതിഞ്ഞുകെട്ടുന്നത് മുറിവുകളില്‍നിന്നും ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. മഴവെള്ളം ഈ കെട്ടിനുള്ളില്‍ വീഴുന്നതു കൊണ്ട് കുഴപ്പമില്ല. എന്നാല്‍ കെട്ടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാകാത്തവിധം വേണം പോളിത്തിന്‍ഷീറ്റുകൊണ്ട് പൊതിയാന്‍. മഴക്കാലമാണ് ഗ്രാഫ്റ്റു പിടിക്കാന്‍ എറ്റവും യോജിച്ചത്.
ഏകദേശം ഒന്നരമാസം കഴിയുമ്പോഴേക്കും നമ്മള്‍ ചേര്‍ത്തുകെട്ടിയ സ്ഥലത്ത് പ്ലാവും ചെമ്പടാക്കും തമ്മില്‍ തൊലികള്‍ വളര്‍ന്ന് യോജിക്കും. അപ്പോള്‍, ചേര്‍ത്തു കെട്ടിയതിനു തൊട്ടുതാഴെ ചെമ്പടാക്കിന്റെ കമ്പില്‍ ചെറിയൊരു മുറിവുണ്ടാക്കുക. വീണ്ടും ഓരോ ആഴ്ച കഴിയുമ്പോഴും ഈ മുറിവിന്റെ ആഴം കുറേശ്ശെ കൂട്ടി, മൂന്നു നാല് ആഴ്ചകൊണ്ട് ചെമ്പടാക്കിന്റെ കെട്ടിവച്ചതിനു താഴോട്ടുള്ള ഭാഗം കൂടയോടുകൂടി തൈയില്‍നിന്നും വേര്‍പെടുത്തുക. പ്ലാവില്‍ ഒട്ടിച്ചേര്‍ന്ന ചെമ്പടാക്ക് കൂമ്പെടുത്തു വളരാന്‍ തുടങ്ങുന്നതോടെ, നമ്മള്‍ കെട്ടിവച്ചതിനു ഒരടിമുകളില്‍വച്ച് പ്ലാവിന്റെകമ്പ് ഒരു വാളുപയോഗിച്ച് ചെരിച്ച് അറുത്തുമാറ്റണം. മുറിപ്പാടിനു മുകളില്‍ ഒരു ചിരട്ട കമിഴ്ത്തിവയ്ക്കുകയോ പോളിത്തിന്‍ഷീറ്റുകൊണ്ട് പൊതിഞ്ഞുകെട്ടുയോ ചെയ്യുന്നത് വെള്ളമിറങ്ങാതിരിക്കാന്‍ സഹായിക്കും.
സാധാരണ ഗ്രാഫ്റ്റുതൈകള്‍ നട്ടാല്‍ നാലഞ്ചുവര്‍ഷം കഴിഞ്ഞാലേ നന്നായി വളര്‍ന്ന് ആദായം കിട്ടിത്തുടങ്ങൂ. എന്നാല്‍ പ്ലാവിന് നല്ല വേരുപടലമുള്ളതിനാല്‍ അതു മണ്ണില്‍നിന്നും ധാരാളം പോഷകങ്ങള്‍ വലിച്ചെടുത്ത്, ഒട്ടിച്ചു ചേര്‍ത്തിരിക്കുന്ന ചെമ്പടാക്കിന് നല്‍കും. അതുകൊണ്ട് ചെമ്പടാക്ക് വേഗത്തില്‍ വളര്‍ന്ന് രണ്ടുവര്‍ഷംകൊണ്ടുതന്നെ ആദായംതരുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്‍. ഒഴിവുസമയം മുഴുവന്‍ കാര്‍ഷികപരീക്ഷണങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന ഈ എം.ബി.എ. ബിരുദധാരി കോട്ടയത്ത് എം ആര്‍ എഫില്‍ ഉദ്യോഗസ്ഥനാണ്.
Content highlights: Agriculture, Jackfruit, Chembadak, Graft , Organic farming
രാമചന്ദ്രന്റെ ഫോണ്‍: 9947438616