ചക്കമരവും ചരിത്രവഴികളും


ജോസഫ് ആന്റണി | jamboori@gmail.com

3 min read
Read later
Print
Share

Science Matters

ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 340 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച 'ഹോര്‍ത്തൂസ് മലബാറിക്കൂസി'ലുണ്ട്. ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിലൊന്നാണ് 'ചക്കമരം'!

ക്ക അങ്ങനെ കേരളത്തിന്റെയും ഔദ്യോഗികഫലം ആയി. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഈ പദവി മുമ്പ് തന്നെ ലഭിച്ചതാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഔദ്യോഗികഫലവും ചക്കയാണ്. ലോകത്തെ തീറ്റിപ്പോറ്റുന്നതില്‍ ചക്കയ്ക്കും ഒരു പ്രധാന റോള്‍ വഹിക്കാനാകുമെന്ന ചിന്ത ശക്തിപ്രാപിക്കുന്ന സമയത്ത്, ചക്കയെ കേരളം ഇത്തരമൊരു പദവിയിലേക്ക് ഉയര്‍ത്തിയത് വളരെ അര്‍ഥവത്താണ്.

സസ്യങ്ങളെ 'മെരുക്കി' കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നിലവില്‍ ഭക്ഷ്യാവശ്യത്തിന് ഏതാണ്ട് 30,000 സസ്യയിനങ്ങളെ മനുഷ്യന്‍ ആശ്രയിക്കുന്നു. അതില്‍ ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയാണ് ആധുനികമനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത്. ഈ ഗണത്തിലേക്ക് എത്താനുള്ള യോഗ്യത ചക്കയ്ക്കുണ്ടെന്ന് പല വിദഗ്ധരും കരുതുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഫലമാണ് ചക്ക; ലോകത്തെ വൃക്ഷഫലങ്ങളില്‍ ഏറ്റവും വലുത്. ദരിദ്രരുടെയും പാവപ്പെട്ടവരുടെയും വിശപ്പടക്കാനുള്ള വിള എന്നല്ലാതെ, വലിയ പ്രധാന്യമൊന്നും അടുത്തകാലം വരെ ആരും ചക്കയ്ക്ക് നല്‍കിയിരുന്നില്ല. ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. ചക്ക ഉത്പന്നങ്ങളുടെ വിപണ നസാധ്യതകളും, ചക്കയുടെ ആരോഗ്യദായക ഗുണങ്ങളും വെളിപ്പെട്ടു തുടങ്ങിയതോടെ, ഏതാനും വര്‍ഷങ്ങളായി ചക്കയുടെ ജനപ്രീതി വര്‍ധിച്ചു.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്ക് പ്രകാരം, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ ചക്കയുടെ ഉപയോഗം കാര്യമായി വര്‍ധിച്ചു. വര്‍ഷം തോറും കേരളത്തില്‍ വിളയുന്ന ഏതാണ്ട് 38 കോടി ചക്കകളില്‍ 75 ശതമാനവും പാഴാവുകയായിരുന്നു പതിവ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാഴാക്കുന്നത് 50 ശതമാനമായി കുറഞ്ഞു. 2018 മാര്‍ച്ച് 21ന് ചക്ക കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ, ചക്കകൃഷിയും ചക്കയുടെ ഉപയോഗവും വിപണനവും കൂടുല്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ഭക്ഷ്യാവശ്യങ്ങള്‍ക്ക് കേരളീയര്‍ ആശ്രയിക്കുന്ന മിക്ക വിളകളും, ലോകത്തിന്റെ ഏതെങ്കിലും വിദൂരദിക്കില്‍ ഉത്ഭവിച്ച് ലോകംമുഴുക്കെ വ്യാപിച്ചവയാണ്. ഉദാഹരണത്തിന്, വടക്കന്‍ ബ്രസീലിലെ പ്രാചീനകൃഷിക്കാര്‍ നട്ടിരുന്ന കപ്പയുടെ (മരച്ചീനിയുടെ) കാര്യം പരിഗണിക്കാം. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരും പുറംലോകത്ത് എത്തിച്ച കപ്പ ഇന്ന് ലോകത്ത് 50 കോടി ആളുകളുടെ വിശപ്പടക്കുന്നു. പതിനായിരം വര്‍ഷംമുമ്പ് മെക്‌സിക്കോയിലെ മായന്‍ ജനത 'മെരുക്കി'യെടുത്ത് കൃഷിയാരംഭിച്ച വിളയാണ് ചോളം. നമ്മുടെ നാട്ടില്‍ സുലഭമായ പപ്പായയും മെക്‌സിക്കയില്‍ നിന്ന് വന്നതാണ്. തെക്കന്‍ തുര്‍ക്കിയിലെ കാരകാഡജ് പര്‍വ്വതമേഖലയില്‍ ആദ്യം കൃഷിതുടങ്ങിയതാണ് ഗോതമ്പ്. നെല്ല് പക്ഷേ, ഇന്ത്യയും ചൈനയുമുള്‍പ്പെട്ട ഏഷ്യന്‍മേഖലയുടെ സംഭാവനയാണ്. വഴുതനയാണ് ഇന്ത്യയില്‍ കൃഷിയാരംഭിക്കുകയും ലോകത്തിന്റെ മിക്ക കോണുകളിലും എത്തുകയും ചെയ്ത വിള.

കപ്പയും ചോളവും ഗോതമ്പും പോലെ മറ്റെവിടെ നിന്നെങ്കിലും എത്തിയതാണോ ചക്കയെന്ന് സംശയിക്കുന്നവരുണ്ട്. 'അല്ല, ചക്ക ഇവിടെ ഉണ്ടായതാണ്, നമ്മുടെ പശ്ചിമഘട്ടത്തില്‍'-സസ്യശാസ്ത്രജ്ഞന്‍ ഡോ.സി.ആര്‍.സുരേഷ് അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ 6000 വര്‍ഷം മുതല്‍ 3000 വര്‍ഷം മുമ്പ് വരെയുള്ള കാലയളവില്‍ ചക്ക കൃഷി ചെയ്യാന്‍ ആരംഭിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്. ശ്രീലങ്ക, ബര്‍മ (മ്യാന്‍മര്‍), കിഴക്കന്‍ മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെല്ലാം ആയിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ പ്ലാവ് എത്തി.

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 340 വര്‍ഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമുണ്ട്-'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ('മലബാര്‍ ഉദ്യാനം' എന്നാണിതിന്റെ അര്‍ഥം). കൊച്ചിയില്‍ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ് ഗ്രന്ഥത്തിന്റെ ശില്പി. അക്കാലത്ത് മലബാറിലെ പാരമ്പര്യവൈദ്യന്‍മാരില്‍ അഗ്രഗണ്യനായിരുന്ന ചേര്‍ത്തല സ്വദേശി ഇട്ടി അച്ചുതന്‍ പറഞ്ഞുകൊടുത്ത സസ്യവിവരങ്ങാണ് 'ഹോര്‍ത്തൂസി'ലുള്ളത്. 1678 മുതല്‍ 1693 വരെയുള്ള കാലത്തിനിടയ്ക്ക് 12 വോള്യങ്ങളായി ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ചു.

ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 'ഹോര്‍ത്തൂസി'ലുണ്ട്. 'ഹോര്‍ത്തൂസി'ല്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളില്‍ ഒന്ന് പ്ലാവാണെന്ന കാര്യം ഡോ.സുരേഷ് ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങള്‍ സഹിതം, ചക്കയുടെ ഗുണങ്ങളെക്കുറിച്ച് അതില്‍ പ്രതിപാദിച്ചിരിക്കുന്നു. 'ഹോര്‍ത്തൂസി'ന്റെ 1682ല്‍ ഇറങ്ങിയ മൂന്നാം വോള്യത്തിലാണ് ചക്കയെ കുറിച്ചുള്ള വിവരണമുള്ളത്, പേജ് 17 മുതല്‍ 20 വരെ'-ഡോ.സുരേഷ് അറിയിക്കുന്നു. ഹോര്‍ത്തൂസിനെക്കറിച്ചുള്ള പഠനത്തിന് ലോകത്താദ്യമായി പി.എച്ച്.ഡി.നേടിയ ചെറായി സ്വദേശിയായ ഡോ.സുരേഷ്, കേരളത്തിലെ വൃക്ഷയിനങ്ങളെക്കുറിച്ച് വിപുലമായി പഠിച്ചിട്ടുള്ള വിദഗ്ധനാണ്. ഹോര്‍ത്തൂസ് ഇംഗ്ലീഷിലും മലയാളത്തിലും എത്തിച്ച ഡോ.കെ.എസ്. മണിലാലിന് കീഴിലായിരുന്നു സുരേഷിന്റെ ഗവേഷണം.

വിചിത്രമായ സംഗതി എന്തെന്ന് ചോദിച്ചാല്‍, 'പിലാവ്' എന്നതിനൊപ്പം 'ചക്കമരം' ('tsjka - maram') എന്നും ഹോര്‍ത്തൂസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ മലയാളഭാഷയില്‍ ചന്ദ്രക്കല ഉണ്ടായിരുന്നില്ല. 'തെങ്ങ്' എന്ന പേര് 'തെങ്ങ' എന്നാണ് ഹോര്‍ത്തൂസിലുള്ളത്. ചന്ദ്രക്കല പിന്നീടു വന്നതാണ്. അതുപോല 'ചക്കമരം' എന്ന പേരിലും പ്ലാവ് അന്ന് അറിയപ്പെട്ടിരിക്കാം.

ആയിരക്കണക്കിന് വര്‍ഷങ്ങളായി തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നുണ്ട് എങ്കിലും, തെക്കേഅമേരിക്കയിലും മറ്റും ചക്കയെത്തിയിട്ട് അധികം കാലമായിട്ടില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കടല്‍കടന്ന് വടക്കന്‍ ബ്രസീലിലെത്തിയ ചക്ക, അവിടെ വലിയ ജനപ്രീതി നേടാന്‍ അധികസമയം വേണ്ടിവന്നില്ല. ഒരു ഫ്രഞ്ച് കപ്പലില്‍ നിന്നാണ് 1782ല്‍ ജമൈക്കയില്‍ ചക്കയെത്തുന്നത്. 1800 കളോടെ യു.എസിലെ ഫ്‌ളോറിഡയില്‍ സാധാരണ ഫലവൃഷമായി പ്ലാവ് മാറി.

ചക്കയെന്ന ഫലം ഇപ്പോള്‍ ചരിത്രത്തിന്റെ പുതിയ അധ്യായത്തിലേക്ക് ചുവടുവെയ്ക്കുകയാണ്, വലിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്!

അവലംബം -

1. Jackfruit: Improvement in the Asia-Pacific Region - A Status Report, by Dr. Amrik Singh Sidhu.

2. JACKFRUIT Fruit Facts - California Rare Fruit Growers, Inc.Lam.

3. Here's The Scoop On Jackfruit, A Ginormous Fruit To Feed The World. NPR, May 1, 2014 .

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കരിമുണ്ട തരുന്നത് കനത്തവിളവ്

Dec 29, 2015


mathrubhumi

6 min

പത്തിലയിലെ താരങ്ങളായ തഴുതാമ, തകര, മുള്ളന്‍തുവ, നെയ്കുന്‍പ

Aug 3, 2019


mathrubhumi

2 min

2023 ചെറുധാന്യങ്ങളുടെ വര്‍ഷമാക്കാനൊരുങ്ങി ലോക ഭക്ഷ്യ സംഘടന

Dec 13, 2018