പുതുപ്പള്ളി: പ്ലാവില്‍ കയറാതെയും തോട്ടിയോ ഏണിയോ ഉപയോഗിക്കാതെയും ചക്ക പറിക്കാനുള്ള ജൈവക്കൂടൊരുക്കുകയാണ് ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. നാടന്‍ പ്ലാവുകളില്‍ വളരെ ഉയരത്തിലുള്ള ശിഖരങ്ങളില്‍ കായ്ക്കുന്നതുമൂലം ചക്ക പറിച്ചെടുക്കാന്‍ വിഷമിക്കുന്നതിന് പരിഹാരം തേടുകയാണിവര്‍.
പ്ലാവിന്റെ ഒരാള്‍ പൊക്കത്തിലുള്ള തായ്ത്തടിയില്‍ പച്ചമണ്ണും നാടന്‍ പശുവിന്റെ ചാണകവും കലര്‍ത്തിയ മിശ്രിതം ചണച്ചാക്കില്‍ നിറച്ച് കെട്ടിനിര്‍ത്തി 'ജൈവക്കൂട്' ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മഴയത്ത് ചണച്ചാക്കില്‍ കെട്ടിനിര്‍ത്തിയ മിശ്രിതം താഴേക്ക് ഒലിച്ചിറങ്ങി ചുവട്ടില്‍ പതിക്കുന്നതോടെ സീസണില്‍ ധാരാളം ചക്കയുണ്ടാകും.
തുലാമഴ പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ ഇപ്പോള്‍ ഈ ചികിത്സാരീതി പരീക്ഷിക്കുന്നത്. ഇങ്ങനെ കെട്ടിനിര്‍ത്തിയ ഭാഗത്തിന് താഴെ നിരവധി ഫലങ്ങള്‍ ഉണ്ടാകുമെന്നതാണ് മുന്‍ അനുഭവങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പുതുപ്പള്ളി മാടയ്ക്കല്‍ എം.ആര്‍.ഗോപാലകൃഷ്ണപിള്ളയുടെ വീട്ടുവളപ്പിലെ പ്ലാവിലാണ് വെള്ളിയാഴ്ച ജൈവക്കൂട് തയ്യാറാക്കിയത്.
സംസ്ഥാന വനം വന്യജീവി ബോര്‍ഡംഗം കെ.ബിനു, പരിസ്ഥിതി പ്രവര്‍ത്തകരായ ഗോപകുമാര്‍ കങ്ങഴ, എസ്.ബിജു, എം.എന്‍.ബാലചന്ദ്രന്‍ ആചാരി, എന്‍.കെ.ഋഷിരാജന്‍, എ.കെ.സദാശിവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content highlights: Jackfruit cultivation, Organic farming
Share this Article
Related Topics