നൂറ്റാണ്ടുകളോളം തലമുറകളുടെ ആഹാര ആവശ്യവും ആരോഗ്യരക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യ വിളയിലേക്ക് ഓരോരുത്തരും തിരിച്ച് നടക്കുകയാണ്. ചക്കയുടെ സവിശേഷ രുചിയും ഗന്ധവും ഏവരെയും ത്രസിപ്പിക്കുന്ന ഒന്നാണ്. ഒരുകാലത്ത് അവഗണിക്കപ്പെട്ട് കിടന്ന ചക്കപ്പഴം ഇന്ന് രാജകീയമായ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്. കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ ഇനി ചക്ക വെറും ചക്കയല്ല. പ്രതേ്യക സീസണുകള്‍ ഇനി ചക്കയ്ക്ക് ബാധകമല്ല. യന്ത്രവല്‍ക്കരണവും സാങ്കേതികതയും നിറഞ്ഞുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ചക്കപ്പഴം പള്‍പ്പ് രൂപത്തിലോ മറ്റോ ശേഖരിച്ച് വര്‍ഷം മുഴുവന്‍ ലഭ്യമാക്കാനും കഴിയും.
10 കിലോ ഭാരമുളള ഒരു ചക്കപഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം നിര്‍മ്മിക്കാവുന്നതാണ്. സാധാരണ കാലാവസ്ഥയില്‍ സംഭരിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവനുള്ള ലഭ്യതയും ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകളാണ്. ചക്കയുടെ ഔഷധ ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും , കുടലിലെ ക്യാന്‍സര്‍ തടയാനും സഹായിക്കുമെന്ന പഠനങ്ങളും ഒരു ഭാഗത്ത് മുന്നേറുന്നു. കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ പോഷക ആഹാര ഘടകങ്ങള്‍ ചക്കയിലുണ്ടെന്നതും ഈ ഫലവര്‍ഗ്ഗ ഉപഭോഗത്തിന്റെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു.
ചക്കതോരന്‍, ചക്കപ്പുഴുക്ക്, ഇടിയന്‍ചക്ക, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാര്‍, ചക്കക്കുരു ചെമ്മീന്‍, ചക്കവരട്ടി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. മറ്റനേകം വിഭവങ്ങള്‍ ചക്കയില്‍ നിന്നും തയ്യാറാക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ആശയം പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ എത്തിക്കുന്നതിന് കൂടുതല്‍ സംരംഭകര്‍ക്കും അവസരമൊരുങ്ങുകയാണ്.
ചക്കയില്‍ നിന്നും അനവധി വിഭവങ്ങള്‍
ആഭ്യന്തര ആവശ്യത്തിനും കയററുമതിക്കുമായി രണ്ടാം കല്‍പ്പവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയില്‍ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ശ്രേണിയുണ്ട്. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. ശ്രീലങ്കയിലെ പെറാഡെനിയ കാര്‍ഷിക സര്‍വകലാശാല ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടത്തുന്നു. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്‌നാക്ക്, സ്‌പൈസി ജാക്ക് ഫ്രൂട്ട് സ്‌നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്‌ളേവേര്‍ഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പായ്ക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്ക ചക്കയുടെ ഉത്പന്നങ്ങളെ വിപണനം ചെയ്യുന്നത്.
പ്ലാവിന്റെ പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഭാവിയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധചെലുത്തേണ്ട മേഖലകള്‍ എന്നീ വിഷയങ്ങള്‍ക്ക് ശ്രീലങ്ക ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ചക്കയെ മുഖ്യധാരാ വിളകളുടെ ഗണത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഒരു മുഖ്യ പങ്ക് വഹിക്കാന്‍ ചക്കയ്ക്കാകുമെന്നാണ് ശ്രീലങ്കയും പറയുന്നത്. മലേഷ്യന്‍ ജെ.33 ,നിന്നിക്കല്ല് ഡ്വാര്‍ഫ് ,ജാക്ക് ഡ്വാന്‍ സൂര്യ, പശ്ചിമബംഗാളില്‍ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങള്‍, റോസ് വരിക്ക, ഗംലെസ്സ്, ഓള്‍ സീസണ്‍ പ്ലാവ്, തേന്‍ വരിക്ക, തായ്‌ലന്‍ഡ് പ്ലാവ്, ദുരിയാന്‍ തുടങ്ങി പടര്‍ന്ന് പന്തലിക്കാത്തതും മൂന്നുമുതല്‍ നാല് വര്‍ഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങള്‍ ഇന്ന് ലഭ്യമാണ്.
ചക്കയിലെ പോഷക ഗുണങ്ങള്‍
ചക്കയിലെ ആരോഗ്യ-പോഷക ഗുണങ്ങള്‍ പ്രചരിപ്പിച്ച്, ഇക്കാലത്ത് നാം നേരിടുന്ന രോഗങ്ങള്‍ക്ക് ഒരു പരിധി വരെ പ്രതിരോധം തീര്‍ക്കാനാകുമെന്ന് ചിക്ക്മംഗ്ലൂരിലെ ഫുഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജയലക്ഷ്മി പറയുന്നു. സക്കരായപട്ടണത്തില്‍ മാത്രം കാണപ്പെടുന്ന വളരെ വ്യത്യസ്തമായ ഇനമാണ് ബ്രഫ് വണക ചക്ക. ചുവപ്പു നിറത്തിലുളള ചുളയാണ് ഇതിനുളളത്. ഇവിടെ കണ്ടുവരുന്ന മറ്റൊരു ഇനമാണ് രുദ്രാക്ഷ. വലിപ്പം കുറഞ്ഞതും നിരനിരയായ് കുലച്ചു നില്‍ക്കുന്നതുമായ കായ്കളാണ് ഇതിന്റെ പ്രത്യേകത. ഇത് കൈകൊണ്ട് നിഷ്പ്രയാസം പൊളിക്കാവുന്നതാണ്. താരതമ്യേന പശ കുറഞ്ഞ ഇനമാണ് രുദ്രാക്ഷ ചക്ക. ഇവ നിരയായി ഉണ്ടാവുന്നില്ല. ചക്കയിലെ ധാതുലവണങ്ങളുടെ അളവിനെക്കുറിച്ചും ഇവര്‍ പറയുന്നു.വിവിധ ചക്കകളില്‍ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നേഷ്യം, കോപ്പര്‍, അയേണ്‍ തുടങ്ങിയ നിരവധി ധാതുക്കളില്‍ സമ്പന്നമാണ് ചക്ക.
ഏകദേശം 100ഗ്രാം ചക്കയില്‍ 82-94 കിലോ കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍, ഹൈപ്പന്‍ടെന്‍ഷന്‍ പോലെയുളള രോഗങ്ങള്‍ ഉളളവര്‍ക്കും കഴിക്കാവുന്നതാണ്. ചക്കയില്‍ വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളില്‍ ഒന്നായ വിറ്റാമിന്‍-ബി1,ബി2,ബി3 അടങ്ങിയിട്ടുണ്ട്. യഥാക്രമം തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍ എന്നിവയാണ് അത്. ശരീരത്തിന്റെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍- സി യും ചക്കയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അര്‍ബുദ സെല്ലുകളുടെ വളര്‍ച്ചയെ തടയാനും രക്തസമ്മര്‍ദ്ദം കുറക്കാനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയന്‍സിന്റെ സാന്നിധ്യം മൂലം സാധിക്കുന്നു.
സ്ത്രീകള്‍ക്ക് ശരീരത്തില്‍ ദിവസവും 14 എം.ജി. നിയാസിനും പുരുഷന്‍മാര്‍ക്ക് 12 എം.ജി. യും ആവശ്യമാണ്. എന്നാല്‍, 100 ഗ്രാം ചക്കയില്‍ 4മി.ഗ്രാം നിയാസിന്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷക വസ്തുക്കളും അടങ്ങിയിരിക്കുന്ന ഒരു സമീകൃത ആഹാരമാണ് ചക്ക എന്നതും ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രം
വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്തരാഷ്ട്ര നിലവാരമുള്ള ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് കാര്‍ഷിക കേന്ദ്രത്തെ അന്താരാഷ്ട്ര ഗവേഷണശാലയാക്കി മാറ്റുക. ചക്കയുടെ സാധ്യതകളെക്കുറിച്ച് ഇനിയും കേരളം ശരിയായി മനസ്സിലാക്കിയിട്ടില്ല. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ പതിനഞ്ചായിരം കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാന്‍ കഴിയും. മുപ്പത് കോടിയോളം ചക്ക ഇവിടെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
തോട്ടങ്ങളോ ഫാമുകളോ ചക്കയുത്പാദനത്തിനായിട്ടില്ല. എന്നിട്ടുപോലും ഇത്രയധികം ഉത്പാദനമുള്ള ഫലവര്‍ഗ്ഗമെന്ന നിലയില്‍ ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്. പൂര്‍ണ്ണമായും ആരോഗ്യദായകമായ ജൈവ ഉത്പന്നം എന്ന നിലയില്‍ ചക്കയ്ക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്. ജീവിതശൈലിരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായും ചക്ക ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലുള്ള ചക്കയുടെ പത്ത് ശതമാനം പോലും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതിനായി തൃശ്ശൂരിലെ മാളയില്‍ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കും. ചക്ക കൂടുതലായി വിളയുന്ന വയനാട്ടിലും ഇതുപോലുള്ള സംരംഭകള്‍ ഇനിയും വേണം. ഇതിനായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറയുന്നു.