തോറ്റത് രണ്ടു പ്രളയം; ഇത് അതിജീവനത്തിന്റെ കുരുമുളക് തോട്ടം


രമേഷ്‌കുമാര്‍ വെള്ളമുണ്ട

സ്വന്തം തോട്ടത്തില്‍നിന്നും പ്രതിവര്‍ഷം പത്ത് ക്വിന്റലിലധികം കുരുമുളക് സന്തോഷ് ഇപ്പോഴും വിളവെടുക്കുന്നു. പരമ്പരാഗതമായ കൃഷിരീതി മാത്രം അവലംബിക്കുന്ന ഈ കര്‍ഷകന് കുരുമുളകില്‍ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ.

റുത്ത പൊന്നിന് വേരോട്ടമുള്ള മണ്ണാണ് വയനാടിന്റേത്. ഇവിടുത്തെ കാലാവസ്ഥയില്‍ വിളയുന്ന കുരുമുളക് യുറോപ്പുകാരുടെ തീന്‍മേശയിലും പ്രീയപ്പെട്ടതാണ്. ഇങ്ങനൊയെക്കായാണെങ്കിലും ഒന്നരപതിറ്റാണ്ടിലധികമായി വയനാട്ടിലെ കുരുമുളക് കര്‍ഷകര്‍ക്കിടയില്‍ നിന്നും ശുഭവാര്‍ത്തകളില്ല. കാലാവസ്ഥാ വ്യതിയാനവും പ്രതികൂലമായ സാഹചര്യങ്ങളും രോഗങ്ങളുമെല്ലാം കുരുമുളക് തോട്ടങ്ങളെ നിഷപ്രഭമാക്കി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷിയുണ്ടായിരുന്ന പുല്‍പ്പള്ളിയില്‍ പോലും വന്‍തോതില്‍ ഉത്പാദനക്കുറവുണ്ടായി. ഈ വെല്ലുവിളികള്‍ക്കിടയില്‍ നിന്നാണ് കുരുമുളക് കൃഷിയുടെ വേറിട്ടൊരു വിജയഗാഥ ശ്രദ്ധിക്കപ്പെടുന്നത്. എടവക പഞ്ചായത്തിലെ ദ്വാരക പുലിക്കാട് താഴെ കോളേരിയില്‍ സന്തോഷ് എന്ന യുവകര്‍ഷകന്‍ രണ്ടു പതിറ്റാണ്ടായി കുരുമുളക് വിളവെടുപ്പില്‍ ജീവിതവരുമാനം കണ്ടെത്തുന്നു.

സ്വന്തം തോട്ടത്തില്‍നിന്നും പ്രതിവര്‍ഷം പത്ത് ക്വിന്റലിലധികം കുരുമുളക് സന്തോഷ് ഇപ്പോഴും വിളവെടുക്കുന്നു. പരമ്പരാഗതമായ കൃഷിരീതി മാത്രം അവലംബിക്കുന്ന ഈ കര്‍ഷകന് കുരുമുളകില്‍ തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. രോഗബാധയും മറ്റും കൂടിയതിനാല്‍ കുരുമുളക് കൃഷിയില്‍നിന്നും മറ്റു കര്‍ഷകരെല്ലാം പിന്‍വാങ്ങിയപ്പോള്‍ ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു സന്തോഷ്. പ്രദേശത്തെ മറ്റു തോട്ടങ്ങളെയെല്ലാം രോഗം സാരമായി ബാധിച്ചപ്പോഴും ചില മുന്‍കരുതലുകള്‍ ഈ കുരുമുളക് തോട്ടത്തിന് അതിജീവനമൊരുക്കി.

നീര്‍ത്തടങ്ങള്‍ വേണ്ടാത്ത പരീക്ഷണം

രണ്ട് മഹാപ്രളയം തുടര്‍ച്ചയായി വന്നപ്പോഴും രണ്ടേക്കറോളമുള്ള തോട്ടത്തിലെ കുരുമുളക് വള്ളിക്കൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ വന്നില്ല. കുന്നിന്‍ മുകളില്‍നിന്നും മുപ്പത് ഡിഗ്രിയോളം പടിഞ്ഞാറേക്ക് ചെരിവുള്ളതാണ് കൃഷിയിടം. മുമ്പ് മൊട്ടക്കുന്നായിരുന്ന സ്ഥലം മൂന്നര പതിറ്റാണ്ട് മുമ്പ് കൃഷിയിടമാക്കി മാറ്റുകയായിരുന്നു. പന്നിയൂര്‍ ഇനം കുരുമുളകാണ് ഇവിടെ അധികവും നട്ടുപിടിപ്പിച്ചത്.

കുറച്ച് കല്ലുവള്ളിയും ഇതിന്റെ കൂട്ടത്തിലുണ്ട്. ചെരിവുള്ള കൃഷിയിടത്തില്‍ ഒരു ഇടക്കൊള്ള് പോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇതാണ് പ്രളയകാലത്തെ അതിജീവിക്കാന്‍ ഗുണകരമായതെന്ന് ഈ കര്‍ഷകന്‍ പറയുന്നു. പെയ്തു വീഴുന്ന മഴവെള്ളം ഒരുപരിധി കഴിഞ്ഞാല്‍ കൃഷിയിടത്തില്‍നിന്നും ഒഴുകിപോകും. ഇത് കുരുമുളക് വള്ളിക്ക് വേരുചീയ തുടങ്ങിയ പ്രവണതകള്‍ക്ക് തടയിടാന്‍ കാരണമായി.

മഞ്ഞളിപ്പ് രോഗവും തീരെ കാണാനില്ല. ഇരുപത് വര്‍ഷം പഴക്കമുള്ള വള്ളിയില്‍ പോലും കുരുമുളക് നന്നായി തിരിയിട്ടു. പെരുമഴയും കാര്യമായി ഈ തോട്ടത്തെ ബാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയെയും ഇതുവരെ തോട്ടത്തില്‍ അടുപ്പിച്ചിട്ടില്ല. അനാവശ്യവും അശാസ്ത്രീയവുമായ മണ്ണിളക്ക വിളകളെ ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുന്നു എന്നാണ് ഈ കര്‍ഷകന്റെ അനുഭവം.

മുടങ്ങാതെ വളപ്രയോഗം

ജൈവ വളത്തിനൊപ്പം രാസവളങ്ങളും കുമരുമുളക് കൃഷിക്ക് അനിവാര്യമാണ്. വര്‍ഷത്തില്‍ മഴക്കാലത്തിന് തൊട്ടുമുമ്പാണ് ഒരുതവണ വളപ്രയോഗം നടത്തുക. വള്ളിയുടെ ചുവട് തുറന്ന് 20 കിലോ ഉണങ്ങിയ ചാണകപ്പൊടിയും അരകിലോ ഇഫ്‌കോ കോംപ്ലക്‌സും ഓരോന്നിനും നല്‍കും. മഴ ശക്തിയാവുന്നതിന് മുമ്പേ ചുവട് മൂടുകയും ചെയ്യും. ഇത് മാത്രമാണ് വളപ്രയോഗം.

തോട്ടത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് കാട് കൊത്തുക. തുടര്‍ന്നുണ്ടാകുന്ന അടിക്കാടുകള്‍ നീക്കം ചെയ്യില്ല. ഈ കാടുകള്‍ ക്ഷുദ്രകീടങ്ങളുടെ പ്രധാന ആകര്‍ഷണമായി മാറുന്നതിനാല്‍ കുരുമുളക് വള്ളികള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നത് തടയും എന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്. ചോലയും അധികം നിര്‍ത്തില്ല. ഇത് മാത്രമാണ് കൃഷിയിടത്തില്‍ ചെയ്തത്. താങ്ങുകാലുകള്‍ക്കുള്ള രോഗബാധ ജില്ലയിലെ പരമ്പരാഗത കുരുമുളക് തോട്ടങ്ങളെ തരിശാക്കി മാറ്റിയപ്പോള്‍ അതിനെ നേരിടാന്‍ സന്തോഷ് മുന്‍കൂട്ടി ചെയ്തത് തോട്ടം മുഴവന്‍ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ബദലാണ്.

മുരിക്ക് കാലുകള്‍ക്കുള്ള രോഗബാധ മുന്‍കൂട്ടി കണ്ട് പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് അതിലാണ് ഇപ്പോള്‍ കുരമുളക് വള്ളികള്‍ പടര്‍ത്തുന്നത്. ശീമക്കൊന്നയും താങ്ങുകാലുകളായുണ്ട്. കവുങ്ങി വള്ളി പടര്‍ത്തുന്ന രീതിയും ഇരുപത് സെന്റോളം സ്ഥലത്ത് പരീക്ഷിച്ചിരുന്നു. എന്നാല്‍, വെള്ളം നില്‍ക്കുന്ന ഈ സ്ഥലത്ത് പ്രളയത്തെ പ്രതിരോധിക്കാന്‍ കുരുമുളക് വള്ളികള്‍ക്കായിട്ടില്ല.

മാതൃകാതോട്ടം സഹായങ്ങളില്ല

മാതൃക കുരുമുളക് കൃഷിയിടമാണിതെങ്കിലും കൃഷിവകുപ്പില്‍ നിന്നോ സ്‌പൈസസ് ബോര്‍ഡില്‍ നിന്നോ യാതൊരു സഹായവും ഈ കര്‍ഷകനെ തേടി വന്നിട്ടില്ല. വയനാട് പാക്കേജിലും മറ്റും കുരുമുളക് കൃഷി പ്രോത്സാഹനത്തിന് ലക്ഷങ്ങളാണ് ജില്ലയില്‍ എത്തി ചെലവഴിക്കപ്പെട്ടത്. ഇതൊന്നും അര്‍ഹതപ്പെട്ടവരെ തേടി എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണിത്. വയനാടന്‍ കുരുമുളക് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ പ്രീയമുണ്ടെങ്കിലും വിലതകര്‍ച്ച ഈ രംഗത്തുള്ളവരെയും സാരമായി ബാധിക്കുകയാണ്.

ദീര്‍ഘവിളത്തോട്ടങ്ങള്‍ ഉപേക്ഷിച്ച് നൂതന കൃഷി രീതികളിലേക്കെല്ലാം കര്‍ഷകര്‍ പലായനം ചെയ്യുമ്പോള്‍ ഇതിനെല്ലാം മൂകസാക്ഷികളാവുകയാണ് ഇതുപോലുള്ള കര്‍ഷകര്‍. പൊതുവിപണിയിലെ മത്സരത്തില്‍ കച്ചവടക്കാരും ഇടനിലക്കാരും കര്‍ഷകരെ ചൂഷണം ചെയ്യുമ്പോള്‍ ഈ വെല്ലുവിളികളും കര്‍ഷകര്‍ സഹിക്കേണ്ടി വരുന്നു. അടിസ്ഥാന വില നിര്‍ണ്ണയിച്ച് കുരുമുളക് കര്‍ഷകര്ക്ക് മെച്ചപ്പെട്ട വിപണിയുണ്ടാകുന്നതും കൂടിയാണ് കര്‍ഷകന്റെയും സ്വപ്നം.

Content Highlights: Black Pepper Farming In Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram