പാലക്കാട്: ജലസംഭരണികളില്‍ കൂട് മീന്‍കൃഷി പരീക്ഷിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ ഫിര്‍മ (സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭപദ്ധതിക്കുള്ള ഒരുക്കം മലമ്പുഴ അണക്കെട്ടില്‍ തുടങ്ങി.
എലിവാല്‍ മേഖലയിലേക്ക് പോവുന്ന ഭാഗത്ത് പാലത്തിനരികിലായാണ് കൂട് മീന്‍കൃഷി. നിലവില്‍ അണക്കെട്ടില്‍ മീന്‍കൃഷിയുണ്ട്. എന്നാല്‍ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ മുഴുവന്‍ കിട്ടാറില്ല. എല്ലാ മത്സ്യങ്ങളെയും കിട്ടാനാണ് കൂട് മത്സ്യക്കൃഷി പരീക്ഷിക്കുന്നതെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ പറഞ്ഞു.
നിലവില്‍ അണക്കെട്ടില്‍ മത്സ്യക്കൃഷി നടത്തുന്നവര്‍തന്നെയായിരിക്കും കൂടുകളിലും കൃഷി നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു. ഇതിനായി 78 ഫ്ലോട്ടിങ് കൂടുകള്‍ അണക്കെട്ടിലെ വെള്ളത്തില്‍ ഉറപ്പിച്ചുനിര്‍ത്തി, വലവിരിക്കുന്ന പണി തുടങ്ങി.
പദ്ധതി വിജയമാണെങ്കില്‍ ജില്ലയിലെ മറ്റ് 12 ജലസംഭരണികളിലും പദ്ധതി വ്യാപിപ്പിക്കും.
കുടിവെള്ളം മലിനമാവുമെന്ന് ആശങ്ക
അണക്കെട്ടില്‍ കൂടുകളിലാക്കി മത്സ്യം വളര്‍ത്തുന്നതോടെ കുടിവെള്ളം മലിനമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. മുന്‍വര്‍ഷം ഇത്തരം പദ്ധതി വന്നപ്പോള്‍ വകുപ്പില്‍ത്തന്നെയുള്ള ഉദ്യോഗസ്ഥര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കാലതാമസം വരികയായിരുന്നുവെന്നും പറയുന്നുണ്ട്.
മലമ്പുഴയില്‍ നിന്നും പാലക്കാട് നഗരസഭയിലേക്കും ആറ് പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കടുത്തവേനല്‍ക്കാലത്ത് അണക്കെട്ടുകള്‍ മാത്രമാണ് ആശ്രയം.
മുമ്പ് മലമ്പുഴ ജലസേചനവിഭാഗം പരിശോധന നടത്തിയതില്‍ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അണക്കെട്ടില്‍ കന്നുകാലികളെ ഇറക്കുന്നതിന് നിരോധനം കൊണ്ടുവന്നിരുന്നു. മാത്രമല്ല, വെള്ളത്തിലിറങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്.
ഇതെല്ലാം മറികടന്ന് മത്സ്യം വളരുന്ന അണക്കെട്ടില്‍ വീണ്ടും കൂടുകെട്ടി മത്സ്യം വളര്‍ത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
മത്സ്യങ്ങള്‍ക്ക് അംഗീകൃത ഭക്ഷണം മാത്രം
ജലസംഭരണികളില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് അംഗീകൃത ഭക്ഷണം മാത്രമേ നല്‍കൂവെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് നല്‍കുക. ഇവ രണ്ടുമണിക്കൂര്‍വരെ വെള്ളത്തില്‍ കിടക്കും. അപ്പോഴേക്കും മത്സ്യങ്ങള്‍ ഇവ കഴിക്കും.
പരിശോധന നടത്തി വേണ്ട അളവില്‍ ശാസ്ത്രീയമായി മാത്രമേ ഭക്ഷണം നല്‍കൂവെന്നും ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കിയശേഷവും പരിശോധന നടത്തും. മലിനീകരണമില്ലെങ്കില്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.