പ്ലാവിനെയും ചക്കയെയും ഔദോഗികമായി അംഗീകരിച്ചിരിക്കുന്ന വര്‍ഷമാണിത്. എന്നിട്ടും ഒട്ടേറെ മുഴുത്ത പഴുത്തചക്കകള്‍ പ്ലാവിനു ചുവട്ടില്‍ത്തന്നെ വീണു നശിച്ചുപോയി. പ്ലാവ് കായ്ക്കാനെടുക്കുന്ന കാലതാമസവും അതിന്റെ പൊക്കവും പ്ലാവുമായും ചക്കയുമായും മല്ലിടാനുള്ള സമയക്കുറവുമാണ് മലയാളികളെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ വീട്ടുമുറ്റത്ത് പെട്ടെന്നു കായ്ക്കുന്ന വിളഞ്ഞില്‍ ഇല്ലാത്ത ഉയരം കുറഞ്ഞൊരു പ്ലാവുണ്ടായാലോ? എല്ലാവര്‍ക്കും സന്തോഷമായി. എന്നാല്‍ അത്തരം തൈകള്‍ ഒട്ടേറെ കിട്ടാനുണ്ടെങ്കിലും പരിചരണത്തിന്റെ അറിവില്ലായ്മ കാരണം വേണ്ടത്ര വിജയിക്കുന്നില്ല. അതിന്റെ നടീല്‍ രീതിയും പരിചരണവും നമുക്ക് പഠിക്കാം.
ഒട്ടു തൈകള്‍
ചെമ്പരത്തിവരിക്ക, പത്താംമുട്ടം വരിക്ക, തേന്‍വരിക്ക, സിലോണ്‍ വരിക്ക, മുട്ടം വരിക്ക, തേന്‍ കുഴമ്പന്‍, മുന്തിരിച്ചക്ക, എന്നിങ്ങനെ തുടങ്ങി ഒട്ടേറെ വെറൈറ്റികളുടെ ഒട്ടുതൈകള്‍ നഴ്സറികളില്‍ നിന്നു കിട്ടും. കറയില്ല വരിക്ക, പാലൂര്‍1.2, വടവരിക്ക, ഉത്തമ, എ ടു സെഡ്, കറിവരിക്ക (ബ്‌ളാക്ക് ജാക്ക്) കേസരി, ലാല്‍ബാഗ് രാജ, ലാല്‍ബാഗ് ഭീമ, എ-9, എ-10 എന്നിവയും എല്ലാ കാലത്തും ചക്കപ്പഴത്തിന്റെ സ്വാദ് നമുക്കേകുന്ന, സീസണിനു മുമ്പേ കായ്ക്കുന്ന ചക്കയിനങ്ങളായ സദാനന്ദ, ശ്രീ വിജയ, സര്‍വഥ, JAP-3, പ്രശാന്തി, സിംഗപ്പൂര്‍ എന്നിങ്ങനെ ഒട്ടേറെയിനങ്ങളും കേരളത്തിലുടനീളമുള്ള നഴ്സറികളില്‍ ലഭിക്കുന്നുണ്ട്.
ഒട്ടുതൈകള്‍ നടാം
മൂന്നടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ ചാണകപ്പൊടി അഞ്ചുകിലോ (മൂന്നുകിലോ കമ്പോസ്റ്റ് ) അഞ്ചുകിലോ കഴുകിയെടുത്ത ചകിരിച്ചോറ്, അരക്കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ മേല്‍മണ്ണിനൊപ്പം ചേര്‍ത്ത് മിക്സാക്കിയ പോട്ടിങ് മിശ്രിതം നിറച്ച് അതില്‍ തൈകള്‍ നടാം. നന്നായി ഉണങ്ങിയ ചാണകപ്പൊടിയെക്കാള്‍ ഈര്‍പ്പം മുഴുവനായും നഷ്ടപ്പെടാത്ത ചാണകമാണ് ഉത്തമം.
വളഞ്ഞ തായ് വേര് മുറിക്കാം
പല നഴ്സറികളിലും പ്ലാസ്റ്റിക് കവറുകളില്‍ കിട്ടുന്ന തൈകളുടെ തായ്വേരുകള്‍ വളരുവാന്‍ സ്ഥലമില്ലാതെ വളഞ്ഞുകിടക്കും. അങ്ങനെയുള്ള തായ് വേര് വളഞ്ഞ അടിഭാഗം മുറിച്ചു മാറ്റിയ ശേഷം മാത്രമേ നടാവൂ. അല്ലെങ്കില്‍ വേരു പിടിച്ച് പൊന്താന്‍ താമസം വരും. പുതിയ ഇലകള്‍ വളര്‍ന്ന് തൈകള്‍ പിടിക്കുന്നതുവരെ ഒന്നരാടന്‍ നന നല്‍കാം. നന്നായി പടര്‍ന്നു വളരുന്നതിനാല്‍ ഓരോ തൈകള്‍ക്ക് വളരാന്‍ സ്ഥലം നല്‍കണം. ചെടികള്‍ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം.
ഓരോ തടത്തിനും രണ്ടുകിലോ വെച്ച് ജൈവവളങ്ങള്‍ ഓരോ മാസത്തിലും നല്‍കാം. മൈക്രോ ന്യൂട്രിയന്റ്‌സ് പോലുള്ള അല്പം രാസവളങ്ങള്‍ നല്‍കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അപര്യാപ്തമായ പോഷകങ്ങള്‍ ലഭിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ആദ്യമൂന്നുവര്‍ഷം മാസത്തില്‍ ഒരു തവണയെന്ന നിലയിലും പിന്നീട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യവും വളം ചേര്‍ക്കാം. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും നനയുടെ ആവശ്യമില്ല.
ശിഖരങ്ങള്‍ ഉണങ്ങുകയാണെങ്കില്‍ ഉണങ്ങിയയിടത്തുനിന്ന് അത് മുറിച്ചു മാറ്റണം. അല്ലെങ്കില്‍ തടിതുരപ്പന്‍ എന്ന കീടം ആക്രമിക്കും. സ്പര്‍ശന കീടനാശിനികള്‍ തളിച്ച് തടിതുരപ്പനെ നശിപ്പിക്കാം. കൊമ്പിന്റെ ഉണങ്ങിയഭാഗം ചെത്തിമാറ്റിയയിടത്ത് ബോര്‍ഡോമിശ്രിതം തേച്ചു പിടിപ്പിക്കണം. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കിയാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് അധികം വെള്ളം നില്‍ക്കുന്ന സ്ഥലവുമാകരുത്. വലിയ ഉയരത്തില്‍ പോകാതെ കൊമ്പുകള്‍ കോതി നിര്‍ത്തിയാല്‍ എല്ലാകാലത്തും കൈയെത്തും ദൂരത്തുനിന്ന് തേനൂറുന്ന ചക്ക പറിച്ചെടുക്കാം.
Content highlights: Agriculture, Jackfruit, Micro nutrients