തീരദേശത്ത് തേങ്ങയേക്കാള്‍ വിലയുണ്ടത്രേ തേങ്ങാക്കുലച്ചിലിന്. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും മീന്‍ പിടിക്കുവാനാണ് തേങ്ങാക്കുലച്ചിലുകള്‍ ഉപയോഗിക്കുന്നത്. തേങ്ങാ പറിച്ച ശേഷം പറമ്പുകളില്‍ ഉപേക്ഷിക്കുന്ന ഇവയ്ക്ക് നല്ല വില ലഭിക്കുന്നുണ്ടത്രേ.
കടലിലെ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മരക്കൂന്തളിനെ പോലുള്ള കയറ്റുമതി സാധ്യതയുള്ളകടല്‍ ജീവികളെ കെണിയിലാക്കാനാണ് തേങ്ങാക്കുലച്ചില്‍ ഉപയോഗിക്കുന്നത്. കുലച്ചിലുകള്‍ മാലപോലെ കയറില്‍ കെട്ടി ആഴക്കടലിലെ പാറക്കെട്ടുകളില്‍ നിക്ഷേപിക്കും. കുറച്ചു ദിവസം കഴിഞ്ഞാല്‍ കൂന്തളുകള്‍ കൂട്ടത്തോടെ എത്തിച്ചേരും. പ്രത്യേകതരം ചൂണ്ട ഉപയോഗിച്ച് കൂന്തള്‍ പിടിക്കും.
മൂന്ന് മുതല്‍ എട്ടു കിലോ വരുമത്രെ ഒരു കൂന്തളിന്റെ തൂക്കം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ മീന്‍ പിടുത്തക്കാരാണത്രേ കൂന്തള്‍ പിടുത്തത്തില്‍ വിദഗ്ദ്ധര്‍. കൂന്തള്‍ പിടുത്തത്തിനുള്ള കുലച്ചിലുകള്‍ ഓട്ടോഡ്രൈവര്‍മാര്‍ ശേഖരിച്ച് പറവൂര്‍ പടിഞ്ഞാറെക്കരയിലെത്തിക്കും. തിരൂര്‍,ആലത്തിയൂര്‍, ചമ്രവട്ടം, കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇപ്രകാരം കുലച്ചില്‍ ശേഖരിക്കുന്നുണ്ടത്രേ.
(കടപ്പാട്: ഇന്ത്യന്‍ നാളീകേര ജേണല്‍)