രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായി റബ്ബര്‍ വില 150 രൂപയിലേക്ക്. ശനിയാഴ്ച റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില കിലോയ്ക്ക് 148 രൂപയാണെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ 150 രൂപയ്ക്ക് കച്ചവടം നടന്നു. ഇതിനുമുമ്പ് ആര്‍.എസ്.എസ്.-നാല് ഇനം റബ്ബറിന് 150 രൂപയെത്തിയത് 2017 മാര്‍ച്ച് 21-നായിരുന്നു. പിന്നീട് കുറഞ്ഞു.
റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോള്‍ വിലകൂടാനുള്ള ഒരു കാരണം. ഇതോടൊപ്പം എണ്ണവിലയിലുണ്ടായ മെച്ചവും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍. കര്‍ഷകരുടെ കൈവശം ചരക്കില്ലാത്തതിനാല്‍ വിലക്കൂടലിന്റെ മെച്ചം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല.
145 രൂപയില്‍ക്കൂടുതല്‍ വിലയായതോടെ വന്‍കിട ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാതെ മാറിനില്‍ക്കുകയാണ്. അതേസമയം ഒരുകിലോഗ്രാം റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ 170 രൂപ വരെ ചെലവുവരും. ഇത് ലാഭകരമല്ലെന്നുകണ്ടാണ് റബ്ബര്‍ കമ്പനികള്‍ പ്രാദേശികമായി ചരക്ക് വില അല്പം കൂട്ടാന്‍ തയ്യാറായത്. നാടന്‍ റബ്ബറിന് 160 രൂപയെങ്കിലും ലഭിക്കണമെന്നാണ് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
കടുത്ത വേനല്‍ കാരണം കേരളത്തില്‍ റബ്ബര്‍ ഉത്പാദനം കുറഞ്ഞു. മഴക്കാലത്തും സ്ഥിതി മാറാനിടയില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരെ താത്കാലികമായി ഉത്തേജിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ താങ്ങുവില പദ്ധതിയില്‍ വിപണിവില കഴിച്ചുള്ള തുക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ സെപ്റ്റംബറിനുശേഷം പണം നല്‍കിയിട്ടില്ല.
റബ്ബര്‍ ടാപ്പ് ചെയ്യാതെയിരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് റബ്ബര്‍ ബോര്‍ഡ് പറയുന്നു. വര്‍ഷം ഒമ്പത് ലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോള്‍ 4.50 ലക്ഷം ടണ്ണായി കുറഞ്ഞിട്ടുണ്ട്. മഴമറ ഉപയോഗിച്ച് ടാപ്പിങ് നടത്തണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.
Content Highlights: Rubber Price Increased To150 Rupees