ഒരിക്കലെങ്കിലും രക്തചന്ദനം തേനിലോ പാലിലോ അരച്ച് മുഖലേപനം ചെയ്യാത്ത കുമാരീ കുമാരന്‍മാര്‍ ഉണ്ടാകുമോ? മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇതിനോളം പോന്ന മരുന്ന് വേറെയില്ല. പക്ഷെ രക്തചന്ദനത്തടിയുടെ വില കേട്ടാല്‍ ഞെട്ടും. ഇന്ത്യയിലെ വില ടണ്ണിന് 30 ലക്ഷം. കടത്തി ചൈനയിലും ജപ്പാനിലും എത്തിച്ചാല്‍ വില ഒരു കോടിക്ക് പുറത്ത്.
കഴിഞ്ഞവര്‍ഷം രക്തചന്ദനത്തടി വിറ്റ വകയില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന് ലഭിച്ചത് 931 കോടി രൂപ. അതില്‍ ഏതാണ്ട് 200 കോടിയോളം രൂപ കൊടുത്ത് തടി വാങ്ങിയത് പതഞ്ജലി ആചാര്യന്‍ ബാബാ രാംദേവ്.
ചൈനയും ജപ്പാനും ഗള്‍ഫ് രാജ്യങ്ങളും തടി വാങ്ങുന്നത് ഫര്‍ണിച്ചര്‍ നിര്‍മിക്കാനും മാലയും സംഗീതോപകരണങ്ങളും ചതുരംഗ കരുക്കളുണ്ടാക്കാനുമൊക്കെയാണ്.
രക്തചന്ദനമെന്നാണ് പേരെങ്കിലും യഥാര്‍ഥ ചന്ദനവുമായി ഇതിന് ബന്ധമൊന്നുമില്ല. മുള്ളുവേങ്ങയൊക്കെ ഉള്‍പ്പെടുന്ന കുടുംബത്തില്‍ ജനനം. ശാസ്ത്രീയ നാമം പ്റ്റെറോകാര്‍പ്പസ് സന്റാനിലസ്. തടിയ്ക്ക് പ്രത്യേക സുഗന്ധമൊന്നുമില്ല. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 8 മീറ്ററോളം നീളവും ഒന്നര മീറ്ററോളം വണ്ണവുമെത്തും. മൂപ്പെത്തുമ്പോള്‍ മുതലയുടെ പുറത്തുള്ളതുപോലെ ശല്‍ക്കങ്ങള്‍ ഇളകി നില്‍ക്കും.
പൂര്‍വ്വഘട്ട മലനിരകളില്‍ ഏതാണ്ട് 5200 ചതുരശ്ര കിലോമീറ്ററോളം വരുന്ന പലകോണ്ട, ശേഷാചലം, നല്ലമല കുന്നിന്‍ചരിവുകളില്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ രക്തചന്ദനമരങ്ങള്‍ കാണാം. ആന്ധ്രയിലെ കടപ്പ, നെല്ലൂര്‍, കര്‍ണൂല്‍, പ്രകാശം ജില്ലകളിലെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വളക്കൂറ് കുറഞ്ഞ മണ്ണും മഴയും ആര്‍ദ്രതയും കുറഞ്ഞ കാലാവസ്ഥയുമാണ് രക്തചന്ദനം വളരാന്‍ പറ്റിയത്. നട്ടുവളര്‍ത്താനാണെങ്കില്‍ രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ നടാം.
മഴയെ ആശ്രയിച്ചു വളര്‍ന്നുകൊള്ളും. 3 വര്‍ഷങ്ങള്‍കൊണ്ട് 5 മീറ്ററോളം വളരുമെങ്കിലും നന്നായി വണ്ണം വച്ച് കാതല്‍ രൂപപ്പെടാന്‍ 25 വര്‍ഷത്തോളം എടുക്കും.
ആന്ധ്രപ്രദേശില്‍ നിന്നും ചെന്നൈ തുറമുഖം വഴി ചൈനയിലേക്കും മറ്റും വന്‍തോതില്‍ രക്തചന്ദനത്തടികള്‍ കടത്തുന്നുണ്ട്. ഒരു പരിധി വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്താശയോടെയാണിത് നടക്കുന്നത്. കള്ളക്കടത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് തടി വിറ്റ് കിട്ടുന്ന തുകയുടെ 20 ശതമാനം നല്‍കാറുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ രക്തചന്ദനത്തടിയുടെ നീക്കം നിരീക്ഷിക്കപ്പെടുന്നുണ്ട്. വംശനാശം വരാന്‍ സാധ്യതയുള്ള വൃക്ഷങ്ങളുടെ വിഭാഗമായ CITES അപ്പെന്‍ഡിക്സ് Ⅱ ല്‍ രക്തചന്ദനത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇത് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക സാക്ഷ്യപത്രം ആവശ്യമാണ്. 1972 ലെ കേന്ദ്രപരിസ്ഥിതി നിയമത്തിലെ ഷെഡ്യൂള്‍ 6 പ്രകാരം രക്തചന്ദനം കൃഷി ചെയ്യുന്നതിനും മുറിയ്ക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ആ നിബന്ധനകള്‍ ഇളവുചെയ്തതിനാല്‍ ആന്ധ്രയിലും കര്‍ണാടകയിലും തോട്ടമടിസ്ഥാനത്തില്‍ രക്തചന്ദനം കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പ്രമുഖ നഴ്സറികളില്‍ ഇതിന്റെ തൈകള്‍ ലഭ്യമാണ്.
Content highlights: 30 lakh worth red sandal, Agriculture