ശുദ്ധജലത്തിലും തിരുത വളര്‍ത്താം: നല്ല രുചിയും വിലയും


സഹദേവന്‍.പി

2 min read
Read later
Print
Share

കടല്‍ജലത്തില്‍ നിന്ന് ശുദ്ധ ജലത്തിലേക്ക് മാറ്റുന്നതിന് ഏതാണ്ട് ആറ് മണിക്കൂര്‍ നേരത്തെ പൊരുത്തപ്പെടുത്തല്‍ ആവശ്യമാണ്.

ഓരുജലത്തില്‍ വര്‍ത്താന്‍ അനുയോജ്യമായ മത്സ്യമെന്ന നിലയില്‍ ലോകം മുഴുവന്‍ ഖ്യാതിയുള്ള മത്സ്യമാണ് തിരുത. അടിസ്ഥാനപരമായി ലവണജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും തിരുത നന്നായി വളരും. ഉപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ അതിജീവിക്കാന്‍ അസാമാന്യ കഴിവ് തിരുതയ്ക്കുണ്ട്. ത്വരിതഗതിയിലുള്ള വളര്‍ച്ച, മറ്റ് മത്സ്യങ്ങളുമായി സമരസപ്പെട്ടു പോകാനുള്ള കഴിവ്, നല്ല രുചി, ഉയര്‍ന്ന കമ്പോള വില എന്നിവയും വളര്‍ത്തു മീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിയ്ക്ക് കാരണമാണ്.

തിരുത സര്‍വ്വാഹാരിയാണ്. ശൈശവ ദശയില്‍ സസ്യപ്ലവകങ്ങളും ജന്തു പ്ലവകങ്ങളുമാണ് തിരുത ഭക്ഷിക്കുന്നത്. ഇവയില്‍ ഡയറ്റമുകള്‍, ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍, ഗ്രീന്‍ ആല്‍ഗകള്‍ എന്നിവയാണ് പ്രധാനം. വളര്‍ച്ച കൈവരിക്കുന്നതോടെ സസ്യപ്ലവകങ്ങള്‍, മുടിപ്പായലുകള്‍, ചീഞ്ഞ സസ്യപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. ജലത്തിന്റെ അടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ ഭാഗങ്ങളിലുമാണ് തിരുത സാധാരണയായി ഇരതേടുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുത ഹാച്ചറികള്‍ നമ്മുടെ രാജ്യത്ത് നിലവിലില്ല. എന്നിരുന്നാലും പ്രകൃതിയില്‍ നിന്ന് ശേഖരിച്ച തിരുത വിത്ത് ലഭ്യമാണ്. ശുദ്ധജലത്തില്‍ വളര്‍ത്തുമ്പോള്‍ കുഞ്ഞുങ്ങളുടെ പൊരുത്തപ്പെടുത്തല്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. കടല്‍ജലത്തില്‍ നിന്ന് ശുദ്ധ ജലത്തിലേക്ക് മാറ്റുന്നതിന് ഏതാണ്ട് ആറ് മണിക്കൂര്‍ നേരത്തെ പൊരുത്തപ്പെടുത്തല്‍ ആവശ്യമാണ്. ശുദ്ധജലത്തില്‍ തിരുതയെ ഒറ്റയ്‌ക്കോ കാര്‍പ്പു മത്സ്യങ്ങള്‍ക്കൊപ്പമോ വര്‍ത്താം.

തിലാപ്പിയ, കരിമീന്‍, കണമ്പ്, പൂമീന്‍ എന്നിവയ്‌ക്കൊപ്പവും തിരുത വളര്‍ത്താം. കുളങ്ങള്‍ വറ്റിച്ച് അടിത്തട്ട് നന്നായി ഉണക്കുകയാണ് തിരുത കൃഷിയുടെ ആദ്യപടി. അതിന് ശേഷം മണ്ണിന്റെ അമ്ലാംശം പരിശോധിക്കാന്‍ ആവശ്യമായ അളവില്‍ കുമ്മായം ഇട്ടുകൊടുക്കണം. തുടര്‍ന്ന് വളപ്രയോഗം നടത്തി നാലടിയോളം വെള്ളം നിറയ്ക്കണം. ചാണകം, കോഴിക്കാഷ്ഠം എന്നീ ജൈവ വളങ്ങളും, യൂറിയ, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസവളങ്ങളും ഉപയോഗിക്കാം. പ്ലവക ഉത്പാദനം ഉറപ്പാക്കിയ ശേഷം വിത്ത് സംഭരിക്കാം. എയ്‌റേറ്ററുകള്‍ ഇല്ലാത്ത കുളങ്ങളില്‍ ഏക്കറൊന്നിന് 4000 എന്ന തോതില്‍ വിത്ത് സംഭരിക്കാം. 25 മുതല്‍ 35 മി.മീറ്റര്‍ വരെ വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് ശുദ്ധജലത്തില്‍ വളര്‍ത്താന്‍ തിരഞ്ഞെടുക്കേണ്ടത്.

മാസത്തിലൊരിക്കല്‍ വളര്‍ച്ച തിട്ടപ്പെടുത്തി ആവശ്യമായ അളവില്‍ ഫാക്ടറി നിര്‍മ്മിതമോ ഫാമില്‍ നിര്‍മ്മിച്ചെടുക്കുന്നതോ ആയ കൃത്രിമ തീറ്റ നല്‍കാം. കടലപ്പിണ്ണാക്കും തവിടും തുല്യ അളവില്‍ ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതവും തീറ്റയായി നല്‍കാം. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീറ്റ നല്‍കുന്നതാണ് ഉചിതം.

വളര്‍ച്ച, കമ്പോളവില എന്നിവ മനസ്സിലാക്കി 8 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം. വെള്ളം പൂര്‍ണ്ണമായി വറ്റിച്ച് മത്സ്യങ്ങളെ മുഴുവന്‍ പിടിച്ചെടുക്കുന്ന ബാച്ച് കള്‍ച്ചര്‍ രീതിയോ വലിയ മത്സ്യങ്ങളെ മാത്രം പിടിച്ചെടുക്കുന്ന തുടര്‍ കൃഷി രീതിയോ അവലംബിക്കാം. ഒരു വര്‍ഷ കാലയളവില്‍ തിരുത ഉദ്ദേശം 750 ഗ്രാം തൂക്കം വയ്ക്കും. 70-75 ശതമാനം അതിജീവനനിരക്ക് കണക്കാക്കിയാല്‍ ഏക്കറൊന്നിന് 2000-2500 കിലോഗ്രാം വരെ മത്സ്യം ലഭിക്കും.

Content highlights: Agriculture, Fish, Aqua culture

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram