അക്വാപോണിക്‌സിന് സബ്‌സിഡി നിരക്കില്‍ വൈദ്യുതി കണക്ഷന്‍ ; ഇത് രേഖയുടെ വിജയഗാഥ


3 min read
Read later
Print
Share

കോഴിക്കോട്: വീടിനു പുറകിലെ നാലുസെന്റ് ഭൂമിയില്‍ കുളം കുഴിച്ച് അതില്‍ മീന്‍ വളര്‍ത്തി വരുമാനമുണ്ടാക്കാനാവുമോ? മണ്ണില്ലാതെ പച്ചക്കറി കൃഷിചെയ്യാന്‍ പറ്റുമോ? വട്ടാണ്. കെട്ടിയോന്റെ പണം നശിപ്പിക്കാന്‍ ഓരോ പരിപാടി. അക്വാപോണിക്‌സ് കൃഷിരീതി പിന്തുടര്‍ന്ന് മത്സ്യകൃഷി ചെയ്യാന്‍ പ്ലാന്റൊരുക്കുമ്പോള്‍ രേഖ കേള്‍ക്കേണ്ടിവന്ന പരിഹാസ വാക്കുകളില്‍ ചിലതു മാത്രമാണിത്.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കി വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴാണ് ഫാറൂഖ് കോളേജ് ചുള്ളിപ്പറമ്പ് ചൂരക്കാട്ടില്‍ വൈലിശ്ശേരി രേഖ സ്വന്തമായി ഒരു തൊഴിലെന്ന സ്വപ്നം നട്ടുവളര്‍ത്തിയത്.

സോഫ്റ്റ്വേര്‍ കമ്പനിയിലെ ജോലിഭാരവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിയാതായതോടെ ജോലി രാജിവെക്കേണ്ടി വന്നു. ജോലിക്കുപോവുന്ന ഭര്‍ത്താവിന്റെയും വിദ്യാര്‍ഥിയായ മകന്റെയും പ്രായമായ അച്ഛനമ്മമാരുടെയും കാര്യങ്ങള്‍ നോക്കണം. കൂടെ സ്വന്തമായി വരുമാനം കണ്ടെത്തണം. ഇതെല്ലാം സാധ്യമാകുന്ന തൊഴിലെന്ത് ?

ഒഴിവു സമയങ്ങളില്‍ ഇന്റര്‍നെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും വീട്ടിലിരുന്ന് ചെയ്യാനാവുന്ന തൊഴിലിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും പരതുന്നതിനിടയിലാണ് ചെറിയ സ്ഥലത്ത് വലിയ സാധ്യതയുള്ള അക്വാപോണിക്സ് വിസ്മയത്തെക്കുറിച്ചറിഞ്ഞത്. അങ്ങനെ രേഖ അക്വാപോണിക്‌സിന്റെ വഴിയില്‍ നേട്ടങ്ങള്‍ കൊയ്തു. പൊതുവേ അത്ര പ്രചാരമില്ലാത്ത ഈ കൃഷിരീതി പരീക്ഷിക്കുന്നത് സര്‍വരും എതിര്‍ത്തു. എന്നാല്‍ ഭാര്യക്ക് എല്ലാ സഹായവുമായി ഭര്‍ത്താവ് രഷ്മിക് ശക്തമായ പിന്തുണ നല്‍കിയതോടെ മറ്റെല്ലാ എതിര്‍പ്പുകളും മാഞ്ഞുപോയി.

നഷ്ടത്തിലും പിന്‍മാറാതെ

2014-ലാണ് അന്നപൂര്‍ണ അക്വാപോണിക്‌സ് മത്സ്യകൃഷിക്ക് തുടക്കമിട്ടത്. തുടക്കത്തില്‍ വന്‍ നഷ്ടമായിരുന്നു. പ്ലാന്റിന് സ്വന്തമായി വൈദ്യുതി ലഭ്യമാവാതെ വന്നപ്പോള്‍ വീട്ടിലെ വൈദ്യുതി ബില്ലിലെ തുക മുപ്പതിനായിരം കടന്നു. ഇതും മാനസികമായി തളര്‍ത്തിയെങ്കിലും സ്വയം വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ കണ്ടെത്തി ഭര്‍ത്താവ് പോംവഴി നിര്‍ദേശിച്ചു.

വൈദ്യുതി തടസ്സപ്പെടുന്ന സമയത്ത് പമ്പിങ് കൃത്യമായി നടക്കാതാവുന്നത് മീനുകള്‍ ചത്തൊടുങ്ങാന്‍ കാരണമായി. തുടര്‍ന്ന് ജനറേറ്റര്‍ സ്ഥാപിച്ചു. പക്ഷേ, പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ സൗരോര്‍ജത്തിലേക്ക് മാറി. ഇതോടെ വൈദ്യുതിബില്ലിന്റെ ഭാരം ഒഴിഞ്ഞു.

കൃഷിവകുപ്പിലെയും മത്സ്യ വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത തടസ്സം നിന്നെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവില്‍ രേഖ സബ്‌സിഡി നിരക്കില്‍ വൈദ്യുതി കണക്ഷന്‍ നേടി. തുടക്കത്തില്‍ സ്വകാര്യ സംരംഭകരില്‍നിന്നാണ് രേഖ മത്സ്യം വാങ്ങിയത്. നൈല്‍ തിലോപ്പിയ, അനാബസ് എന്നീ മീനുകളെ വളര്‍ത്തി. രുചിക്കുറവിനൊപ്പം വളര്‍ച്ചാനിരക്കിലെ ഗ്രാഫും ഇടിഞ്ഞതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.

രേഖയുടെ പോരാട്ടം ശ്രദ്ധയില്‍പെട്ട മത്സ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ 2017-ല്‍ ഉന്നത ഗുണനിലവാരമുള്ള കരിമീനിന് തുല്യമായ ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നല്‍കി. ആ മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിച്ചു വളര്‍ത്തിയതോടെ ഏഴുമാസം കൊണ്ടുതന്നെ നേട്ടത്തിലേക്ക് വന്നു.

ഒന്നരയിഞ്ചു വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ 600 ഗ്രാം മുതല്‍ ഒരുകിലോ വരെ തൂക്കമുള്ളവയായി മാറി. കിലോയ്ക്ക് 300 രൂപ വീതം ലഭിച്ചതോടെ പ്ലാന്റ് സ്ഥാപിക്കുന്നതിനു നേരിട്ട നഷ്ടം നികന്നു.കൂടെ ആളുകൂടുന്നിടത്ത് നഷ്ടക്കഥ പറഞ്ഞ് കുത്തിനോവിക്കുന്ന വിമര്‍ശകരുടെ വായ അടപ്പിക്കാനും രേഖയ്ക്കായി. മത്സ്യകൃഷിക്കൊപ്പം വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറിയും പ്ലാന്റില്‍ ഉത്പാദിപ്പിക്കാനും കഴിഞ്ഞു. ഇന്നു രേഖ ഒരു മാതൃകയാണ്.

പ്ലാന്റിലെ ചെലവു കഴിഞ്ഞ് 35000 രൂപ വരുമാനം നേടുന്ന സംരംഭകയാണ്. നേരിട്ടും ഓണ്‍ലൈനിലൂടെയും ശുദ്ധ മത്സ്യങ്ങളെ വിപണനം ചെയ്യുന്നു. കൂടാതെ അക്വാപോണിക്‌സ് രംഗത്തേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപികയുമാണ്. വിജയഗാഥയില്‍ തന്റെ വെല്ലുവിളികളെ വിവരിച്ചും രംഗത്തെ ചതിക്കുഴികളെ തുറന്നുകാണിച്ചും അക്വാപോണിക്‌സ് ആധാരമാക്കി സംസ്ഥാനത്തെ ആദ്യത്തെ പുസ്തകമിറക്കി. ഈ വിജയകഥയ്ക്കുള്ള അംഗീകാരമായി നൂതന മത്സ്യക്കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. പച്ചക്കറികൃഷി വിപുലപ്പെടുത്താനും മത്സ്യകൃഷിയുടെ വിപണനം വ്യാപിപ്പിക്കാനും രേഖയ്ക്ക് പദ്ധതിയുണ്ട്. അക്വാപോണിക്‌സിനെക്കുറിച്ച് കൂടുതലറിയുന്നതിന്: 9400801966.

അക്വാപോണിക്സ് എന്നാല്‍

കരയിലും ജലത്തിലും ചെയ്യുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് അക്വാപോണിക്‌സ് കൃഷി. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും മറ്റും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാം. മത്സ്യകൃഷിയും മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിക്കുന്നുണ്ട്. അക്വാപോണിക്സ് രീതിയില്‍ വളരുന്ന ചെടികള്‍ക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ല. അതിനാല്‍ ഇതൊരു ആയാസരഹിത കൃഷിസമ്പ്രദായമാണെന്നു പറയാം. മത്സ്യം വളര്‍ത്താനുള്ള ടാങ്ക്, ചെടികള്‍ വളര്‍ത്താനുള്ള ഗ്രോ ബെഡ് വെള്ളം ഒഴുക്കുന്നതിനാവാശ്യമായ പമ്പ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍.

Content highlights: Aqua culture, Fish farming,Hydroponics, Aqua ponics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram