കഴിഞ്ഞ പ്രളയാനന്തരം വേമ്പനാട്ടുകായലില്‍ കക്കയുടെയും കരിമീനിന്റെയും സമ്പത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി എന്ന് പഠനം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം നടത്തിയ ഗവേഷണത്തിലാണ് മത്സ്യസമ്പത്ത് വര്‍ധിച്ച കാര്യം ശ്രദ്ധിക്കപ്പെട്ടത് .
വൈക്കം മുതല്‍ തൃക്കുന്നപ്പുഴവരെയുള്ള വേമ്പനാട്ടു കായലിന്റെ ഭാഗങ്ങളിലാണ് പഠനം നടത്തിയത്. പ്രളയത്തെ തുടര്‍ന്ന് വെള്ളത്തിന്റെ ലഭ്യതയും ശുദ്ധതയും വര്‍ധിച്ചതും തുടര്‍ച്ചയായി മത്സ്യബന്ധനവും കക്കാവാരലും നിലച്ചതുമാണ് വര്‍ധനയ്ക്ക് കാരണമെന്ന് ഗവേഷണത്തില്‍ ബോധ്യമായി. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് ഭാഗങ്ങളായ വൈക്കം തൈക്കാട്ടുശ്ശേരി എന്നിവിടങ്ങളില്‍ ചെറിയ കക്ക ഇനമായ മല്ലി കക്കയുടെ അളവ് വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷങ്ങളില്‍ 25,000 ടണ്‍ ഉത്പാദനമായിരുന്നെങ്കില്‍ ഈ വര്‍ഷം മുപ്പതിനായിരം ടണ്ണായി വര്‍ധിച്ചു. ഫെബ്രുവരി മാസത്തില്‍ ഉപ്പുവെള്ളം കയറുന്ന അവസരത്തിലാണ് കക്കയുടെ പ്രജനനം. മൂന്നുവര്‍ഷംവരെ കക്കയ്ക്ക് ആയുസ്സുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന് തെക്ക് വലിയ കക്കകള്‍ ആണ് ലഭ്യമാകുന്നത്.
കരിമീന്‍ സമ്പത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. കൊഞ്ചിന്റെ വര്‍ധന താരതമ്യേന കുറവാണ്. മല്ലിക്കക്ക വാരാതിരിക്കുന്ന പക്ഷം കക്കയുടെ ലഭ്യത വര്‍ധിക്കുമെന്ന് ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കൃഷി ഗവേഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മായാദേവി കുഞ്ഞമ്മ, ടെസി എബ്രഹാം, ഗവേഷകരായ പി.ആര്‍.രമ്യ, വി.അനിത, ഹരിത മോഹന്‍, പി.പ്രസീത, എം.എസ്.ശ്രീജ, കെ.എ. സ്റ്റെഫി എന്നിവരാണ് ഗവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Content Highlights: Fish Collection Increase After Flood