കോഴിക്കോട്: മത്സ്യക്കൂട് കൃഷി എന്ന തികച്ചും വ്യത്യസ്തമായ മത്സ്യം വളര്‍ത്തല്‍ രീതിക്ക് ചാലിയാറില്‍ തുടക്കം കുറിച്ചിരിക്കയാണ് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം കോഴിക്കോട് ശാഖ. പരിസ്ഥിതിക്കോ ആവാസവ്യവസ്ഥയ്‌ക്കോ പോറലേല്‍ക്കാതെ പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കുന്ന കൂടുകളില്‍ മത്സ്യം വളര്‍ത്തുന്ന രീതിയാണ് മത്സ്യക്കൂട് കൃഷി.
മത്സ്യക്കൂട്കൃഷിയുടെ മാതൃകാപദ്ധതിയാണ് ചാലിയാറില്‍ മണക്കടവ് ഭാഗത്ത് പൊയ്യേരി സെയ്തലവി, അഹമ്മദ് കബീര്‍, കുഞ്ഞാലി എന്നിവരുടെ കൂട്ടായ്മയില്‍ തുടങ്ങിയത്. മത്സ്യക്കുഞ്ഞുങ്ങളെ കൂടിലേക്ക് നിക്ഷേപിച്ച് ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു.
ഗവേഷണകേന്ദ്രത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മലബാറിലെ ജലാശയങ്ങളില്‍ കൃഷി നടത്തുന്നതെന്ന് കോഴിക്കോട് ശാഖയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ. പി.കെ.അശോകന്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗുല്‍ഷാദ് മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
4×4 മീറ്ററിലുള്ള കൂടുകള്‍ പുഴയില്‍ മൂന്നുമീറ്റര്‍ ആഴമുള്ള ഭാഗങ്ങളിലാണ് നിക്ഷേപിക്കുന്നത്. 2000 മുതല്‍ 2500 വരെ മത്സ്യക്കുഞ്ഞുങ്ങളെ ഇതില്‍ വളര്‍ത്താനാകും. നാടന്‍ ഇനങ്ങളായ കരിമീന്‍, ചെമ്പല്ലി, നരിമീന്‍(കാളാഞ്ചി) എന്നിവയാണ് വളര്‍ത്തുന്നത്.
എട്ടുമാസംകൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിയും. 65,000 രൂപയാണ് ഒരു യൂണിറ്റിന് ചെലവുവരുന്നത്. പുഴകളില്‍ത്തന്നെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൂടുകളില്‍ നിക്ഷേപിച്ച് പരിപാലിക്കുന്നതിനാല്‍, കൃത്രിമമല്ലാത്ത സാധാരണ പുഴമത്സ്യങ്ങളെത്തന്നെയാണ് ആവശ്യക്കാരന് ലഭിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി പ്രചാരമുള്ള ഈ കൃഷിരീതി പത്തുവര്‍ഷത്തോളമായി തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കേരളത്തില്‍ കൊച്ചിയിലും വലിയ പ്രചാരം നേടിയിട്ടുണ്ട്. കടലിനോട് ചേര്‍ന്നുള്ള പുഴ, ഓരു ജലാശയങ്ങളാണ് മത്സ്യക്കൂട് കൃഷിക്ക് ഏറ്റവും അനുയോജ്യമായത്. കാസര്‍കോടുമുതല്‍ പൊന്നാനിവരെ പത്ത് കൂടുകൃഷിയാണ് തുടങ്ങിയത്. ചാലിയം, കടലുണ്ടി, കാരാട്, മുചുകുന്ന്, പൊന്നാനി എന്നിവിടങ്ങളിലും മത്സ്യക്കൂട് കൃഷി തുടങ്ങിയിട്ടുണ്ട്.
ചാലിയാറില്‍ പുഴയുടെ തീരത്ത് 'ഒരു വീടിന് ഒരു മത്സ്യക്കൂട്' എന്ന രീതിയില്‍ നടപ്പാക്കി മത്സ്യസമ്പത്ത് വര്‍ധിപ്പിച്ച് ആവശ്യക്കാരെ ചാലിയാറിലേക്ക് ആകര്‍ഷിപ്പിക്കാനാവുമെന്ന് ഡോ. പി.കെ. അശോകും ഡോ. ഗുല്‍ഷാദ് മുഹമ്മദും പറഞ്ഞു. മാമ്പുഴയില്‍, തൊഴില്‍ സാധ്യതയുള്ള മത്സ്യക്കൂട് കൃഷിയുടെ സാധ്യതകള്‍ കണ്ടെത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പറഞ്ഞു.
ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് അംഗം പനങ്ങാവില്‍ ഷാജി, സി.എം.എഫ്.ആര്‍.ഐ ടെക്‌നിക്കല്‍ ഓഫീസര്‍ എം.എം ഭാസ്‌കരന്‍, സെയ്തലവി എന്നിവര്‍ സംസാരിച്ചു.